വരന് കൊവിഡ്, വധു പി.പി.ഇ കിറ്റില്‍, കല്യാണമണ്ഡപമായി ആശുപത്രി, കൊവിഡിനെ തോല്‍പ്പിച്ച് മിന്നുകെട്ട്..!
അമ്പലപ്പുഴ: വരനും അമ്മയ്ക്കും കൊവിഡ്... പി.പി.ഇ കിറ്റണിഞ്ഞ് വധു... വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡിനെ തോല്‍പ്പിച്ച് മിന്നുകെട്ട്... വരന്‍ കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ വധുവിനെ ആശുപത്രിയില്‍വച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന്‍ താലിചാര്‍ത്തി. കൊട്ടും കുരവയുമില്ലാതെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുനടന്ന അപൂര്‍വ വിവാഹത്തിനാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി സാക്ഷ്യം വഹിച്ചത്.
കൈനകരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കുപ്പപ്പുറം ഓണംപള്ളി വീട്ടില്‍ എന്‍. ശശിധരന്‍ - ജിജി ദമ്പതികളുടെ മകന്‍ എസ്. ശരത് മോനും, ആലപ്പുഴ വടക്കനാര്യാട് പ്ലാം പറമ്പില്‍ പി.എസ് സുജി-കുസുമം ദമ്പതികളുടെ മകള്‍ അഭിരാമി(ശ്രീക്കുട്ടി)യും തമ്മിലുള്ള വിവാഹത്തിനാണ് ആശുപത്രി വേദിയായത്. ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ ഇന്നലെ 12നും 12.20നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. കൊവിഡ് ബാധിതനായ ശരത്, മാതാവ് ജിജി, അഭിരാമി, അഭിരാമിയുടെ മാതൃസഹോദരീ ഭര്‍ത്താവ് മഹേഷ്, ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അജയന്‍, ഡോ. ഹരിഷ്, നഴ്‌സുമാരായ സീനമോള്‍, ജീന ജോര്‍ജ് എന്നിവരായിരുന്നു വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.
ചടങ്ങുകള്‍ക്കുശേഷം ശരത് കൊവിഡ് വാര്‍ഡിലേക്കും, അഭിരാമി സ്വവസതിയിലേക്കും തിരിച്ചുപോയി. 25ന് നിശ്ചയിച്ച വിവാഹത്തിനായി 17 ദിവസങ്ങള്‍ക്ക് മുന്‍പാണ് ശരത് സൗദിയില്‍നിന്ന് നാട്ടിലെത്തിയത്. 21ന് ലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ശരത്തും, അമ്മ ജിജിയും പരിശോധന നടത്തിയപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇരുവരേയും ആലപ്പുഴ മെഡിയ്ക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേക്കു മാറ്റി.നിശ്ചയിച്ച ദിനത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ആഗ്രഹം സുഹൃത്തുക്കളോട് പങ്കുവച്ചതിനെ തുടര്‍ന്ന് കുട്ടനാട് സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് കെ. തോമസ് കലക്ടറെ വിവരമറിയിച്ചു.
കലക്ടര്‍ എ. അലക്‌സാണ്ടര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി രാംലാലുമായി ആലോചിച്ച് ആശുപത്രിയില്‍വച്ച് മിന്നുകെട്ടാന്‍ അവസരമൊരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."