മുസ്‌ലിംകള്‍ ബി.ജെ.പിയോട് അടുക്കാത്തത് എന്തുകൊണ്ട്?
അഡ്വ. അഹമ്മദ് മാണിയൂര്‍
രാജ്യത്തെ മുസ്ലിം സമൂഹത്തെ തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം. ഇവരുമായി ഏറെ അകലത്തില്‍ നില്‍ക്കുന്നവരാണ് രാജ്യത്തെ മുസ് ലിം സമൂഹം. രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന മുസ്ലിംകളുടെ ബി.ജെ.പി വിരുദ്ധനിലപാട് തീവ്ര ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പായി തന്നെ അവർക്ക് ബോധ്യപ്പെട്ടിടുണ്ട്.
2022 ജൂലൈ ആദ്യവാരത്തില്‍ ഹൈദരാബാദില്‍ നടന്ന ബി.ജെ.പി ദേശീയനിര്‍വാഹക സമിതി മുസ്ലിം പ്രീണനത്തിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും നേതാക്കളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതേ യോഗത്തില്‍ തന്നെയാണ് നഗരത്തിന്റെ മുസ്ലിം നൈസാമി ഭരണ സ്മരണകളുണര്‍ത്തുന്ന ഹൈദരാബാദ് പേരുമാറ്റി ഭാഗ്യനഗറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതും. ബി.ജെ.പിയുടെ ഇത്തരം ഇരട്ടത്താപ്പുകൾ തന്നെയാണ് മുസ്ലിംകൾക്ക് അവരോട് അകലം പാലിക്കാനുള്ള പ്രേരണ.
തുടര്‍ന്ന് ഒരാഴ്ചക്കുശേഷം ജൂലൈ 11ന് ഡല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ അശോക ചക്ര സ്തംഭത്തിന്റെ അനാച്ഛാദനത്തിന് ശേഷം ബി.ജെ.പിക്കോ ഭരണകൂടത്തിനോ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന മതേതര മൂല്യങ്ങളോട് യോജിപ്പില്ലെന്ന് പ്രകടമാക്കി മതാചാര ചടങ്ങുകളും നടത്തി. പ്രതിപക്ഷ എം.പിമാരെ പോലും പങ്കെടുപ്പിക്കാതെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്ന മതചടങ്ങുകള്‍ നല്‍കിയ മുന്നറിയിപ്പ് മുസ്ലിംകൾക്കോ മറ്റുന്യൂനപക്ഷ വിഭാഗങ്ങൾക്കോ ബി.ജെ.പിയുമായി അടുക്കാൻ സാധിക്കില്ല എന്നുതന്നെയാണ്.
യു.പിയിലും വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്ലിം വോട്ടുകളിലാണ് ബി.ജെ.പി ജയിക്കുന്നതെന്നും അവർ തന്നെ പറഞ്ഞിട്ടുണ്ട്. വടക്കെ ഇന്ത്യയില്‍ മുസ്ലിംകള്‍ രാഷ്ട്രീയമായി സംഘടിതരല്ല. സാമൂഹിക മതരംഗങ്ങളില്‍ അവരെ ഏകോപിപ്പിക്കുന്ന ശക്തമായ നേതൃത്വമില്ല. മറ്റു ന്യൂനപക്ഷ സൗഹൃദ സ്ഥാനാര്‍ഥികള്‍ക്കായി മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചുപോകുന്ന ചുളുവിലാണ് ബി.ജെ.പി ജയിച്ചു കയറുന്നത്. ബി.എസ്.പിയെയും ഉവൈസിയുടെ പാര്‍ട്ടി പോലുള്ളവയെയും ഈ ലക്ഷ്യത്തോടെ ബി.ജെ.പി വിലക്കെടുക്കാറുള്ളതായും ആരോപണങ്ങളുണ്ട്.
ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കള്‍ വലിയ തോതില്‍ മുസ്ലിം സൗഹൃദമായി സംസാരിച്ച സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. 2021 ജൂലൈ മൂന്നിന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം അതിന് ഉദാഹരണമാണ്. ഹിന്ദുക്കളെ പോലെ തന്നെ മുസ്ലിംകളും രാജ്യത്തിന്റെ ഭാഗമാണെന്നും അവരെ അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും അടിസ്ഥാനപരമായി മുസ്ലിംകളും ഹിന്ദുക്കള്‍ തന്നെയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആള്‍ക്കൂട്ടക്കൊലകള്‍ ഹിന്ദുവിന്റെ രീതിയല്ലെന്നും മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നു പറയുന്നവര്‍ ഹിന്ദു അല്ലെന്നും ഭാഗവത് പറയുകയുണ്ടായി. ഇവയെല്ലാം വെറുപ്പിന്റെ അവബോധങ്ങളില്‍ ഉയിരം കൊള്ളുന്ന ചിന്താ വൈകൃതങ്ങളുടെ അനാത്മാര്‍ഥകമായ വെറും പ്രരോദനങ്ങളായി മാത്രമെ കാണാന്‍ കഴിയുകയുള്ളൂ. ഫാസിസത്തിന്റെയും വംശീയതയുടെയും ചിന്താമുദ്രകളില്‍ രമിക്കുന്ന അധികാര ശക്തികള്‍ എല്ലായിടത്തും പ്രാവര്‍ത്തികമാക്കി പോന്നിട്ടുള്ള ഒളി അജൻഡകളുടെ രീതി കൂടിയാണത്.
റഷ്യയില്‍ വിപ്ലവകാലത്തെ രണ്ട് പ്രബല മത വിഭാഗങ്ങളായിരുന്നു ക്രിസ്റ്റ്യാനിറ്റിയും ഇസ്ലാമും. ബോള്‍ഷെവിക്ക് വിപ്ലവത്തിലും അവര്‍ ത്യാഗോജ്ജ്വലമായ പങ്കാളിത്തം വഹിച്ചു. സ്റ്റാലിന്റെ ഭരണത്തില്‍ മതവിശ്വാസികള്‍ കടുത്ത പീഡനങ്ങള്‍ക്കിരയായി. മുസ്ലിംകള്‍ക്ക് നേരെയാണ് വലിയ പീഡനങ്ങള്‍ നടന്നത്. മസ്ജിദുകള്‍ വെയര്‍ ഹൗസുകളും സര്‍ക്കാര്‍ ഒാഫിസുകളുമാക്കി മാറ്റപ്പെടുകയും രാജ്യത്ത് മുസ്ലിം മുദ്രകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. അപ്പോഴും മുസ്ലിം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി തനിക്ക് മുസ്ലിം പിന്തുണ ഉണ്ടെന്ന് കാണിക്കാന്‍ സ്റ്റാലിൻ ശ്രമിച്ചു. ബോള്‍ഷെവിക്ക് വിപ്ലവ പോരാളിയും റഷ്യയിലെ താര്‍താര്‍ മുസ്ലിം നേതാവുമായിരുന്ന മീര്‍സാ സുല്‍ത്താന്‍ ഗാലീവിനെ മുസ്ലിം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായും നിയമിച്ചു. സ്റ്റാലിന്റെ രാഷ്ട്രീയ ഇംഗിതങ്ങള്‍ക്കും സ്വേച്ഛാധികാരങ്ങള്‍ക്കും വിലങ്ങുതടിയായേക്കുമെന്ന് സംശയിച്ചപ്പോള്‍ വിപ്ലവനായകരും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുമായ ട്രോഡ്‌സ്‌കി, ലെവ് കാമനോവ്, പാവ് ലോവ് തുടങ്ങിയ അനേകം പേരെ നിഷ്‌കാസനം ചെയ്തു. സുല്‍ത്താന്‍ ഗാലീവിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി വെടിവച്ചു കൊന്നു.
ജര്‍മനിയില്‍ ജൂത ഉന്മൂലനത്തിനിറങ്ങിയ ഹിറ്റ്‌ലറും ഇതേരീതി തന്നെയാണ് പ്രാവര്‍ത്തികമാക്കിയത്. രാജ്യത്തെ വംശശുദ്ധീകരണത്തിന് വിധേയമാക്കി ജര്‍മന്‍ ദേശീയതയെ ഉരുക്കിത്തെളിച്ചെടുക്കാനുള്ള വെറിയില്‍ ഒരു കോടിയോളം വരുന്ന മനുഷ്യരെയാണ് ഹിറ്റ്‌ലറുടെ നാസിപ്പട കൂട്ടക്കൊല ചെയ്തത്.
ഹിറ്റ്‌ലറെ മാതൃകാ പുരുഷനായി കാണുന്നവരാണ് ആര്‍.എസ്.എസ്. ഹിറ്റ്‌ലറെ മഹാവിഷ്ണുവിന്റെ അവതാരമായി ചില ആര്‍.എസ്.എസ് നേതാക്കള്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ചെയ്തതുപോലെ ഇന്ത്യയിലും മുസ്ലിംകളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകളേയും ശത്രുക്കൂട്ടില്‍ നിര്‍ത്തി അന്യവല്‍ക്കരിക്കാനാണ് ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ആഹ്വാനം ചെയ്തത്. സവര്‍ക്കറും ഗോള്‍വാള്‍ക്കറും മറ്റും വിഭാവനം ചെയ്യുകയും നിര്‍ദേശിക്കുകയും ചെയ്ത ഹിന്ദുരാഷ്ട്ര സംസ്ഥാപനമല്ലാതെ മറ്റെന്തെങ്കിലും മാനുഷിക ക്ഷേമപ്രവര്‍ത്തനലക്ഷ്യങ്ങളോ അവര്‍ക്കില്ല.
കടുത്ത മുസ്ലിം വിരോധത്തിലാണ് ആർ.എസ്.എസിൻ്റെ രൂപീകരണം തന്നെ. ബ്രിട്ടിഷ് ഇന്ത്യയില്‍ മുസ്ലിംകളുടെ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ ഉന്നമനത്തിന്ന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് 1906ല്‍ ഡാക്കയില്‍ വച്ച് മുസ് ലിം ലീഗ് രൂപീകരിച്ചപ്പോള്‍ ഹിന്ദുക്കള്‍ക്കിടയില്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് 1915ല്‍ ഹിന്ദു മഹാസഭ രൂപീകരിച്ചത്. അവരുടെ പങ്കാളിത്തത്തോടെ പലയിടങ്ങളിലും വര്‍ഗീയ കലാപങ്ങള്‍ നടന്നു. 1924ല്‍ നാഗ്പൂരിലും കലാപം നടന്നു. മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ആള്‍നാശവും സ്വത്തുനാശവും ഉണ്ടായി. ഈ കലാപത്തിനിരയായ ഹിന്ദുക്കളെ സഹായിക്കാന്‍ ഹെഗ്‌ഡെവാര്‍, സര്‍വര്‍ക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി ഹിന്ദു സംരക്ഷണ സംഘ് രൂപീകരിച്ചു. ഈ സംഘ് ആണ് 1925ല്‍ വിജയദശമി ദിനത്തില്‍ ദേശീയ തലത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് ആയി പ്രഖ്യാപിക്കപ്പെട്ടതെന്ന് ചരിത്രകാരി റൊമീലാ ഥാപ്പര്‍ എഴുതിയിട്ടുണ്ട്.
സംഘടന വ്യാപകമായി ക്ലാസുകള്‍ നടത്തി മുസ്ലിംകളെ ഹിന്ദുവിരോധികളും വെറുക്കപ്പെടേണ്ടവരുമായി ചിത്രീകരിച്ച് വിദ്വേഷം കുത്തിവയ്ക്കുകയും ആയുധപരിശീലനം നല്‍കി ആക്രമണോത്സുകമാക്കി നിര്‍ത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പും ശേഷവും രാജ്യത്തുനടന്ന വര്‍ഗീയ കലാപങ്ങള്‍ക്കെല്ലാം പിന്നില്‍ സംഘ് പരിവാര്‍ ആണെന്ന് അന്വേഷണം നടത്തിയ എല്ലാ ജുഡിഷ്യല്‍ കമ്മിഷനുകളും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. മുസ്ലിം പ്രീണനം ആരോപിച്ചാണല്ലൊ ഗാന്ധിജിയെ വെടിവെച്ചു കൊന്നതും.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മുസ്ലിം പിന്തുണ അനിവാര്യമായി തോന്നുന്ന ഘട്ടങ്ങളിലാണ് സൗഹൃദം നടിച്ച് നീക്കങ്ങള്‍ നടത്തുന്നത്. കെ.എസ് സുദര്‍ശന്‍ സര്‍ സംഘ് ചാലക് ആയിരുന്ന കാലത്ത് 2002ല്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപീകരണം ഇതിനൊരു ഉദാഹരണമാണ്. മുസ്ലിം സമൂഹം സംഘ് പരിവാറില്‍ നിന്ന് അകലം നില്‍ക്കുമ്പോഴും എന്തുകൊണ്ട് മുസ്ലിംകളായ കുറച്ചെങ്കിലും പേർ മുസ്ലിം രാഷ്ട്രീയ മഞ്ചിലും ബി.ജെ.പിയിലും നില്‍ക്കുന്നു എന്ന ചോദ്യത്തിന് അമേരിക്കയിലെ യാലെ സര്‍വകലാശാലയിലെ ഗവേഷകനും രാഷ്ട്രീയ മീമാംസകനുമായ ഫെലിക്‌സ് പാല്‍ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. 2018-19 കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് അനുഭാവമുള്ള മുസ്ലിംകള്‍ക്കിടയില്‍ നടത്തിയ വിശദമായ പഠന റിപ്പോര്‍ട്ട് ഫെലിക്‌സ് പാല്‍ 2020ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്ലിംകളുടെ സംഘ് പരിവാര്‍ പ്രവേശനത്തിന്ന് രണ്ടുപ്രധാന കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സ്വരക്ഷയും സ്വാര്‍ഥ മോഹങ്ങളും. ഇത്തരത്തില്‍ 10,000 താഴെ മുസ്ലിംകള്‍ മാത്രമെ രാജ്യത്താകെ സംഘ് പരിവാറിലും ബി.ജെ.പിയിലുമായൊള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
രാജ്യാന്തര തലങ്ങളില്‍ തന്നെ രാഷ്ട്രീയ വീക്ഷണങ്ങള്‍ മാറിയിട്ടുണ്ട്. വംശീയതയും ദുര്‍ഭരണവും നടമാടിയ ശ്രീലങ്കയില്‍ ഭരണാധികാരികള്‍ക്കുണ്ടായ ദുര്‍ഗതി പാഠമാണ്. ഇന്ത്യയുടെ സവിശേഷതയാര്‍ന്ന മതേതര ജനാധിപത്യ പ്രതിച്ഛായക്കു ലോക രാജ്യങ്ങളില്‍ മങ്ങലേറ്റു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെയും ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ സമിതികള്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന് വെളിപ്പെടുത്തുകയും ഔദ്യോഗികമായി തന്നെ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്വേഷവും വര്‍ഗീയതയും പടച്ചട്ടകളാക്കി കുടുസ്സായ ദേശീയതയുടെ ഹൃസ്വചത്വരങ്ങള്‍ക്കുള്ളില്‍ പരമാധികാരികളായി തേര്‍വാഴ്ച നടത്താന്‍ വ്യഗ്രത പൂണ്ടുനില്‍ക്കുന്നവര്‍ ആ ഗണത്തില്‍പെട്ട പൂര്‍വീകരുടെ ചരിത്രങ്ങള്‍ ഓര്‍മിക്കുന്നതു നല്ലതാണ്. ലോകത്തിനാകെ ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും തെളിമയാര്‍ന്ന മാതൃക കാണിച്ച ഇന്ത്യയില്‍ വിഭാഗീയതയും വെറുപ്പും വിതച്ച് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ എത്ര കാലം അതു നിലനിര്‍ത്താന്‍ കഴിയുമെന്നും ആഗ്രഹിക്കുന്ന ഗുണഫലങ്ങള്‍ എത്രത്തോളമെന്നും ആലോചിക്കേണ്ടതുണ്ട്. മുസോളിനിയുടെയോ ഹിറ്റ്‌ലറുടെയോ സ്റ്റാലിന്റെയോ പിന്‍തലമുറക്കു ആ പേരുകളോട് തോന്നുന്ന അവജ്ഞ മോഹന്‍ ഭാഗവത്തിന്റെയോ നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ പേര് കേള്‍ക്കുമ്പോള്‍ ഇന്ത്യയിലെ വരും തലമുറകള്‍ക്ക് തോന്നാന്‍ ഇടവരരുതെന്ന് രാജ്യത്തെ പ്രബുദ്ധജനത ആഗ്രഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."