HOME
DETAILS

പെരുകുന്ന ബലിജീവിതങ്ങൾ

  
backup
April 17 2022 | 05:04 AM

navas-poonoor-17-04-2022

നവാസ് പൂനൂർ

ഈ മണ്ണിന് ചോരയുടെ നിറമുണ്ട്, മണമുണ്ട്. ചോരയിൽ കുതിർന്ന മണ്ണിൽ ഇനി നന്മ വിളയാൻ ഒരുപാട് അധ്വാനിക്കേണ്ടിവരും. കൊല്ലുന്നതും മരിക്കുന്നതും ഏത് പാർട്ടിക്കാരനാണെങ്കിലും എത്ര രക്ഷിതാക്കൾക്കാണ് അവരുടെ സ്വപ്നമായ മക്കൾ നഷ്ടപ്പെടുന്നത്. എത്രയെത്ര യുവതികളാണ് വിധവകളാവുന്നത്. എത്ര കുഞ്ഞുങ്ങളാണ് അനാഥരാവുന്നത്. നമുക്ക് ചൂണ്ടിക്കാണിക്കാനാവും ഈ അറുകൊലയുടെ കാരണക്കാരെ. അവർ മറ്റാരുമല്ല, രാഷ്ട്രബോധമില്ലാത്ത രാഷ്ട്രീയക്കാരാണ്, സംഘടനക്കാരാണ്. മനുഷ്യസ്‌നേഹമില്ലാത്ത നേതാക്കളാണ്. പാർട്ടി വളർത്താൻ എന്തു നെറികെട്ട മാർഗവുമാവാമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരാണ്. രക്തസാക്ഷികൾ പാർട്ടികൾക്ക് വളമായി മാറുമെന്ന് വിശ്വസിക്കുന്നവരാണ്.


വടക്കേ ഇന്ത്യൻ തെരുവീഥികളിൽ മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുന്ന വാർത്തകൾ ഉൾക്കിടിലത്തോടെ വായിച്ച ഒരു കാലമുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ, ജാതിയുടെയും മതത്തിന്റെയും പേരിൽ, വർഗത്തിന്റെയും വർണത്തിന്റെയും പേരിൽ, വേഷത്തിന്റെയും ഭാഷയുടെയും പേരിൽ എങ്ങനെ മനുഷ്യൻ പരസ്പരം കൊല്ലുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസപ്പെട്ട ഒരു കാലം. ക്രമേണ വടക്കേ ഇന്ത്യയിൽ നിന്ന് തെക്കേ ഇന്ത്യയിലേക്ക്, നമ്മുടെ കൊച്ചു കേരളത്തിലേക്ക് എത്തിക്കഴിഞ്ഞു ആ രക്തദാഹികൾ.


പാലക്കാട് വീണ്ടും രക്തക്കളമായിരിക്കുകയാണ്. എലപ്പുള്ളിയില്‍ എസ്.ഡി.പി.െഎ പ്രവര്‍ത്തകന്‍ സുബൈറിനെ ഒരു സംഘം ആളുകള്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പള്ളിയില്‍ നിന്നു മടങ്ങിവരവ് വെട്ടിക്കൊല്ലുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പാലക്കാട് ജില്ലയിലെ മേലേമുറിയില്‍ ആർ.എസ്.എസ് നേതാവായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നു. നേരത്തോടുനേരം തികയുമ്പോള്‍ ഇരുപക്ഷവും എണ്ണം തികയ്ക്കുന്ന കാഴ്ച. എന്തൊരു നാടാണിത്! നാളുകൾ കഴിയുന്തോറും നമ്മുടെ കേരളത്തിൽ സുരക്ഷിത ജീവിതം അസാധ്യമാവുകയാണ്. പൊലിസ് സംവിധാനത്തിന് പിടിച്ചുകെട്ടാൻ കഴിയാത്തവിധം ഇവിടെ ക്രിമിനൽ രാഷ്ട്രീയം 'പുരോഗമിച്ചിരിക്കുന്നു'. ഒരു കൊലപാതകം കഴിയുമ്പോൾ അടുത്തതിനായി സ്കെച്ചിട്ട് കാത്തിരിക്കുകയാണ്, അവസരം ലഭിക്കാനായി. രാഷ്ട്രീയപ്പാർട്ടിക്കായും സംഘടനക്കായും ബലി ജീവിതങ്ങളായി കഴിയുകയാണ് പലരും. കൊലപാതകങ്ങൾ സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ കൊലപാതകങ്ങൾ വിരൽചൂണ്ടുന്നത് അതിലേക്കാണ്.
തലശ്ശേരി പുന്നോലിലെ മത്സ്യബന്ധനത്തൊഴിലാളി ഹരിദാസൻ ആഴ്ചകൾക്ക് മുമ്പാണ് കൊല ചെയ്യപ്പെട്ടത്. വീട്ടുകാരുടെ മുമ്പിൽവച്ചാണ് കടലുമായി മല്ലിട്ട് കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന ഈ പാവം കൊലക്കത്തിക്കിരയാവുന്നത്. ഇയാൾ സി.പി.എം പ്രവർത്തകനായിരുന്നു. കാവിലെ ഉത്സവത്തിനിടയിലുണ്ടായ ബി.ജെ.പി-സി.പി.എം വാക്കുതർക്കമാണത്രെ ഹരിദാസന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്. ഇത്തിരി വർഷം മുമ്പ് ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് പോലെ. 51 വെട്ടുകളേറ്റാണല്ലോ ടി.പി കൊല്ലപ്പെട്ടത്. അരിയിൽ ഷുക്കൂർ എന്ന എം.എസ്.എഫ് പ്രവർത്തകനെ മണിക്കൂറുകളോളം പരസ്യവിചാരണ ചെയ്താണ് കൊലപ്പെടുത്തിയത്. എടയന്നൂരിലെ കോൺഗ്രസ് പ്രവർത്തകനായ ശുഹൈബും മനസ്സിൽ നൊമ്പരമുയർത്തുന്നു. പെരിയ ഇരട്ടക്കൊലക്കേസ് മറക്കാറായിട്ടില്ല. ആ ദുഃഖമവസാനിക്കും മുമ്പായിരുന്നു വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടത്. കണ്ണൂർ കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതും മറക്കാനാവില്ല.


എറണാകുളം കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു പിടഞ്ഞ് വീണ് മരിച്ചതും നമ്മൾ കണ്ടു. ഇവിടെ സി.പി.എം ആയിരുന്നു പ്രതിസ്ഥാനത്ത്. ഹരിപ്പാട്ട് ക്ഷേത്രോത്സവത്തിനിടയിലാണ് ആർ.എസ്.എസ് പ്രവർത്തകൻ ശരത് ചന്ദ്രൻ കൊല്ലപ്പെട്ടത്. ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ട് 12 മണിക്കൂറിനകം ബി.ജെ.പി നേതാവും കൊല്ലപ്പെട്ടു. കണ്ണൂർ സിറ്റിയിലും മാട്ടൂലിലും രണ്ട് യുവാക്കൾ കൊല്ലപ്പെട്ടിട്ട് ഏറെ നാളായില്ല.


കൊല്ലപ്പെടുന്നവരുടെ പാർട്ടി ക്രൂരമായ, ആസൂത്രിതമായ കൊലപാതകമെന്ന് വിശേഷിപ്പിക്കുമ്പോൾ; യാദൃച്ഛിക സംഭവം, പ്രാദേശിക പ്രശ്‌നം എന്നൊക്കെ പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിക്കും എതിർവിഭാഗം. പുറത്തുള്ളവർ സംഭവത്തെ അപലപിക്കും. കലക്ടറോ മന്ത്രിമാരോ മുഖ്യമന്ത്രിയോ സമാധാനയോഗം ചേരും. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും കൊലക്ക് പകരം കൊല ആവർത്തിക്കില്ലെന്നും പ്രതിജ്ഞയെടുക്കും. മണിക്കൂറുകളോ ദിവസങ്ങളോ മാത്രം നീണ്ടുനിൽക്കുന്ന സമാധാനമേ ഇതു കൊണ്ടൊക്കെ ലഭിക്കുന്നുള്ളൂ.
2017 ജൂലൈയിൽ തലസ്ഥാന നഗരിയിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ അഴിഞ്ഞാടി. ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഗവർണർ ജസ്റ്റിസ് പി. സദാശിവം സർവകക്ഷി യോഗം വിളിച്ച് സമാധാന ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ലെന്നത് ഓർത്തുപോകുന്നു. എങ്കിലും ഗവർണർ സജീവമായ ഇടപെടൽ നടത്തി. ഇപ്പോഴത്തെ ഗവർണർക്ക് അതിനൊന്നും നേരം കാണില്ല, ചാനലുകളുടെ നടുവിലിൽ നിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ പ്രസംഗിക്കാൻ തന്നെ സമയമില്ല. സഹിഷ്ണുതയില്ലായ്മയാണ്, പരസ്പരം വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാനുള്ള മനസ്സില്ലായ്മയാണ് പ്രശ്‌നം.


കേരളത്തിൽ രാഷ്ട്രീയസംഘർഷങ്ങൾക്കും കൊലപാതകങ്ങൾക്കും എന്നും മുമ്പിൽ കണ്ണൂർ തന്നെ. കൊല്ലപ്പെട്ടവരിൽ വാടിയിൽ രാമകൃഷ്ണനെന്ന ജനസംഘക്കാരൻ മുതൽ സി.പി.എം പ്രവർത്തകനായ കൊരമ്പിൽ താഴേക്കു നിയിൽ ഹരിദാസൻ വരേ നൂറുകണക്കിന് പേർ. കൊല്ലപ്പെടുന്നവർ കമ്യൂണിസ്റ്റായാലും കോൺഗ്രസായാലും ബി.ജെ.പിയായാലും എസ്.ഡി.പി.െഎ ആയാലും അവരുടെ ശരീരത്തിൽ നിന്ന് ചീറ്റുന്ന ചോരക്ക് ഒരേ നിറമാണ്. കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവർ കരയുന്ന കണ്ണീരിന് ഒരേ ഉപ്പ് രസമാണ്. പാലക്കാട്ടെയും കേരളത്തിലെയും മണ്ണിൽ ഇനി പച്ചച്ചോരയുടെയും പിച്ചിച്ചീന്തിയ മാംസത്തിന്റെയും ഗന്ധമുയരാതിരുന്നെങ്കിലെന്ന് നമുക്ക് വെറുതെ ആശിക്കാം. കൊലപാതകരാഷ്ട്രീയത്തിന്റെ വേരറുക്കാൻ കഴിഞ്ഞെങ്കിലെന്ന്, നാടിന് അസ്വസ്ഥത സൃഷ്ടിക്കുന്ന രക്തരാഷ്ട്രീയം അവസാനിപ്പിക്കാനായെങ്കിലെന്ന് നമുക്കാശിക്കാം. കൊല്ലരുതനിയാ കൊല്ലരുത് എന്ന് പറയേണ്ടവർ പറയണം. കത്തി താഴെയിടാൻ രാഷ്ട്രീയ നേതൃത്വം ആത്മാർഥമായി പറയാത്ത കാലത്തോളം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിയുണ്ടാവില്ല. മനുഷ്യബലി കണ്ട് മനസുകൾ മരവിക്കാതിരിക്കില്ല. 'ആക്രമണത്തിലൂടെ നേടുന്ന വിജയം താൽക്കാലികമാണ്. അന്തിമമായത് പരാജയത്തിലാണെത്തുക'- മഹാത്മജിയുടെ വാക്കുകൾ എന്നും പ്രസക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago