HOME
DETAILS
MAL
മഹാമാരിക്കിടയിലെ മെയ്ദിന ചിന്തകള്‍
backup
May 01 2021 | 01:05 AM
കൊവിഡ് മഹാമാരിക്കു മുന്നില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഇപ്പോഴും വിറങ്ങലിച്ചുനില്‍ക്കുകയാണ്. അന്യന്റെ ജീവന്‍ രക്ഷിക്കാ നും സ്വജീവന്‍ നിലനിര്‍ത്താനുമുള്ള പ്രതിരോധ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ പതിനായിരക്കണക്കിന് ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെയും മഹാമാരിക്കു കീഴടങ്ങിയ 2.5 കോടിയിലധികം വരുന്ന വിവിധ രാജ്യങ്ങളിലെ മനുഷ്യരുടെയും ഓര്‍മയ്ക്കു മുന്നില്‍ ആദരമര്‍പ്പിക്കുന്നു.
1886 മെയ് നാലിനു ചിക്കാഗോയില്‍ എട്ടു മണിക്കൂര്‍ ജോലി എന്ന ആവശ്യമുയര്‍ത്തി നടന്ന തൊഴിലാളി സമരവും പൊലിസ് വെടിവയ്പും അനേകം പേരുടെ രക്തസാക്ഷിത്വവും ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്ന തൊഴിലാളി പോരാട്ടങ്ങളും എട്ടു മണിക്കൂര്‍ ജോലി എന്ന അവകാശം രാജ്യങ്ങള്‍ അംഗീകരിച്ചതും മെയ് ദിന ചരിത്രത്തിന്റെ തിളങ്ങുന്ന ഓര്‍മകളാണ്. ഇന്നു മിക്ക രാജ്യങ്ങളും അമിതമായ ജോലിഭാരം അടിച്ചേല്‍പിക്കുകയും ജോലി സമയം 10-15 മണിക്കൂറായി ഉയര്‍ത്തുകയും വേതനം വെട്ടിക്കുറയ്ക്കുകയുമാണ് ചെയ്യുന്നത്. വികസനത്തിനു മുതല്‍മുടക്കുന്നവരെ ആകര്‍ഷിക്കാനാണത്രേ തൊഴിലാളികളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നതും നിഷേധിക്കുന്നതും. യന്ത്രവല്‍ക്കരണം ശക്തമായതോടെ വ്യവസായങ്ങളിലുള്ള തൊഴില്‍ നഷ്ടപ്പെടുകയും പുതിയ സാധ്യതകള്‍ ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്.
ലോക ജനസംഖ്യയില്‍ ഒരു ശതമാനം വരുന്ന സമ്പന്നര്‍ സമ്പത്തിന്റെ എണ്‍പത് ശതമാനാമാണ് കൈയടക്കിവച്ചിരിക്കുന്നത്. മഹാ ഭൂരിഭാഗം മനുഷ്യര്‍ പട്ടിണിയില്‍ കഴിയുമ്പോഴാണ് സമ്പത്തിന്റെ ഇത്തരത്തിലുള്ള കുമിഞ്ഞുകൂടലും കേന്ദ്രീകരണവും നടക്കുന്നത്. കോര്‍പറേറ്റുകളും ഭരണകൂടങ്ങളും കൈകോര്‍ക്കുമ്പോഴാണ് ഏതൊരു രാജ്യവും ഫാസിസ്റ്റ് ഏകാധിപത്യത്തിലേക്കു കടക്കുന്നത്. വംശീയ ഫാസിസവും വര്‍ഗീയ ഫാസിസവും ഇതിന്റെ വകഭേദങ്ങളാണെന്നും കാണണം. വര്‍ഗീയതയും വംശീയതയും ഒരു ചെറു ന്യൂനപക്ഷത്തിനു മഹാ ഭൂരിപക്ഷത്തെ കൊള്ളചെയ്യാനും ചൂഷണം ചെയ്യാനുമുള്ള മറ മാത്രമാണ്. സമ്പദ്ഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അന്തരം ലോകത്താകെ സൃഷ്ടിച്ചിരിക്കുന്ന പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും തൊഴിലില്ലായ്മയുടേയും തൊഴില്‍ നിഷേധത്തിന്റെയും ജനാധിപത്യ അവകാശ നിഷേധങ്ങളുടെയും, കൊവിഡ് മഹാമാരി ലോകമാകെ സൃഷ്ടിച്ച ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയുടെയും സാഹചര്യത്തിലാണ് ആര്‍ഭാടങ്ങളില്ലാതെ മെയ്ദിന ചരിത്രത്തിന്റെ മഹത്തായ ഓര്‍മ നാം പുതുക്കുന്നത്.
ലോകത്തിലെ 183 സമ്പദ്‌വ്യവസ്ഥകളില്‍ 90 എണ്ണവും സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നു എന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1870നു ശേഷം കണ്ട ഏറ്റവും തീവ്രമായ നാലു സാമ്പത്തികമാന്ദ്യങ്ങളില്‍ ഒന്നാണ് ലോകം ഇപ്പോള്‍ നേരിട്ടുവരുന്നത്. 1930ലെ സാമ്പത്തികമാന്ദ്യം പോലും ഇത്ര വലുതായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന്റെ ഭാഗമായി ലോകത്ത് പല രാജ്യങ്ങളിലും ദാരിദ്ര്യം അതിരൂക്ഷമായി വര്‍ധിക്കുകയാണ്. ഈ പ്രതിസന്ധി കൊവിഡിനു മുന്‍പേ തുടങ്ങിയതാണ്. കൊവിഡ് ഈ പ്രതിസന്ധിക്ക് ആക്കംകൂട്ടുകയാണ് ചെയ്തത്. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെ കൊവിഡിനെ ഈ പ്രതിസന്ധിക്ക് ഒരു മറയാക്കാനാണ് ശ്രമിക്കുന്നത്. കൊവിഡിനെത്തുടര്‍ന്നു ലോകംമുഴുക്കെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 2021ല്‍ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും വളര്‍ച്ചാ നിരക്ക് ഒരു ശതമാനമായി മാറുമെന്നും പറയുന്നുണ്ട്. സ്ഥിതി അങ്ങോട്ടാണ് നീങ്ങുന്നത്.
ലോക സമ്പത്ത് പിടിച്ചെടുക്കാന്‍ വന്‍കിട രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. പല രാജ്യങ്ങളിലും കണ്ടുവരുന്ന ഒടുങ്ങാത്ത വംശീയ കലാപങ്ങളും തീവ്രവാദ ഏറ്റുമുട്ടലുകളും വന്‍കിട രാജ്യങ്ങളുടെയും അവരെ നിയന്ത്രിക്കുന്ന സമ്പന്ന ലോബികളുടെയും സൃഷ്ടിയാണ്. ഈ ദുഷ്ടശക്തികള്‍ക്കെതിരായ പോരാട്ടത്തിലും പ്രതിരോധത്തിലും ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കു വലിയ പങ്കാണ് നിര്‍വഹിക്കാനുള്ളത്.
ബി.ജെ.പി ഭരണത്തില്‍ ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്നതും ഗുരുതരമായ ഇത്തരം സാമ്പത്തിക രാഷ്ടീയ പ്രതിസന്ധികളിലൂടെയാണ്. തകര്‍ന്നടിയുന്ന സമ്പദ്ഘടനയും നിഷേധിക്കപ്പെട്ട തൊഴിലവകാശങ്ങളും നിലംപരിശായ കാര്‍ഷിക മേഖലയും ജനാധിപത്യ, മതേതര മൂല്യങ്ങളുടെ നിഷേധവും നാടിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. സാംസ്‌കാരിക പൈതൃകങ്ങളും തല്ലിത്തകര്‍ക്കുകയാണ്. നൂനപക്ഷ, ദലിത് ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശവും കീഴ്‌മേല്‍ മറിഞ്ഞ രാജ്യമായി ഇന്ത്യ മാറി. ഇവ വീണ്ടെടുക്കാനുള പോരാട്ടങ്ങളാണ് ഇവിടെ നടക്കുന്നത്. മോദി സര്‍ക്കാരിന്റെ കടുത്ത ദ്രോഹനടപടികള്‍ നേരിടേണ്ടിവന്നതു തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കുമാണ്. 44 തൊഴില്‍ നിയമങ്ങള്‍ വന്‍കിട വ്യവസായികള്‍ക്കനുകൂലമായി നാലാക്കി ഭേദഗതി ചെയ്തതും സ്ഥിരം തൊഴിലിനു പകരം നിശ്ചിത കാലാവധി തൊഴില്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതും തൊഴില്‍ സമയം 10-15 മണിക്കൂറുകളാക്കി ഉയര്‍ത്തിയതും കൂലി വെട്ടിക്കുറച്ചതും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചതും മോദി സര്‍ക്കാരാണ്.
ഇത്തരം തൊഴിലാളിദ്രോഹ നടപടികളുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുമ്പോഴാണ് കാര്‍ഷിക മേഖലകൂടി കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്നതിനുള്ള മൂന്നു കാര്‍ഷിക ബില്ലുകളുമായി ബി.ജെ.പി സര്‍ക്കാര്‍ രംഗത്തുവന്നത്. ഇതിനെതിരായ കൃഷിക്കാരുടെ ധീരോദാത്ത സമരം അഞ്ചു മാസക്കാലമായി നടന്നു വരികയാണ്.
എതിര്‍ശബ്ദങ്ങളെ ഏതൊരു ഫാസിസ്റ്റ് സര്‍ക്കാരിനെപ്പോലെ മോദിയും വല്ലാതെ ഭയപ്പെടുന്നുണ്ട്. അതിനാല്‍ രാജ്യദ്രോഹത്തിന്റെ മുദ്രകുത്തിയോ ഇല്ലാക്കഥകള്‍ മെനഞ്ഞോ കലാകാരന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെ തുറുങ്കിലടയ്ക്കാനും നിഷ്‌കാസിതരാക്കാനും കേന്ദ്രസര്‍ക്കാര്‍ മടികാണിക്കുന്നില്ല. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ തലതിരിഞ്ഞ സാമ്പത്തിക നടപടികള്‍ മൂലം രണ്ടു ലക്ഷം ചെറുകിട വ്യവസായ സംരംഭങ്ങളാണ് പൂട്ടിയിടപ്പെട്ടത്. ഇതുമൂലം ലക്ഷക്കണക്കിനു തൊഴിലാളികളും കുടുംബങ്ങളും വഴിയാധാരമായി.
മോട്ടോര്‍ മേഖല ഉള്‍പ്പെടെ പ്രമുഖ വ്യവസായ സംരംഭങ്ങള്‍ തകര്‍ച്ച നേരിട്ടു. ലോക കമ്പോളത്തില്‍ ക്രൂഡ്ഓയില്‍ വില കുറയുമ്പോഴും അടിക്കടിയുള്ള പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവ് മൂലം സാമാന്യ ജനങ്ങള്‍ വന്‍ ദുരിതത്തിലാണ്. വിലക്കയറ്റം എല്ലാ സീമകളും കടന്നു മുന്നേറുകയാണ്.
ഇപ്പോള്‍ കൊവിഡ് രണ്ടാം തരംഗം സുനാമിപോലെ ഇവിടെ ആഞ്ഞടിക്കുകയാണ്. കൊവിഡിന്റെ ഒന്നാം തരംഗം കെട്ടടങ്ങിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടു മാത്രമാണ് രണ്ടാം തരംഗം ഉണ്ടായത്. കേന്ദ്രഭരണത്തിനു മൂക്കിനുതാഴെ ജനങ്ങള്‍ പ്രാണവായുവിനു വേണ്ടി നിലവിളിക്കുന്ന കാഴ്ചകളാണ് നാം കണ്ടത്. സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടിലേക്കടുക്കുമ്പോള്‍, ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം ജനം മരിച്ചുവീഴുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയ കാഴ്ച ദയനീയവും അപമാനകരവുമാണ്.
കൊറോണ വൈറസിനെ തടയാനുള്ള വാക്‌സിന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങിയതാണ്. ലോകരാജ്യങ്ങളില്‍ പലരും ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കി പൊതുജീവിതത്തെ പഴയ നിലയിലേക്കു തിരിച്ചുകൊണ്ടുവരികയാണ്. എന്നാല്‍, നമുക്ക് 130 കോടി ജനങ്ങളിലേക്ക് ഒരു ഡോസ് മരുന്നെങ്കിലും എത്തിക്കാന്‍ ഇനിയും എത്രകാലം വേണ്ടിവരുമെന്നു പറയാന്‍ പ്രധാനമന്ത്രിക്കാകുന്നില്ല. ഇവിടെ ഒന്നോ രണ്ടോ കമ്പനികള്‍ മാത്രം ഉണ്ടാക്കുന്ന വാക്‌സിന്‍ അവരുടെ അന്താരാഷ്ട്രീയ ബാധ്യതകള്‍ കഴിഞ്ഞ് എപ്പോള്‍, എത്ര പേര്‍ക്കാണ് നല്‍കാന്‍ സാധിക്കുക എന്നതിന് ഇപ്പോഴും ഒരു തിട്ടവുമില്ല.
മാത്രമല്ല, തോന്നുമ്പോള്‍ തോന്നിയ വിലയ്ക്കു മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ എന്നാണ് മരുന്നുകമ്പനികള്‍ പറയുന്നത്. ഇവരെ നിയന്ത്രിക്കാന്‍ നട്ടെല്ലുള്ള ഒരു ഭരണം ഇല്ലാതെപോയി. രാജ്യരക്ഷയുടെയും സമ്പദ്ഘടനയുടെയും ജീവന്‍രക്ഷാ ഔഷധങ്ങളുടെയും പൊതുവിതരണത്തിന്റെയും നിയന്ത്രണം സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാകണം. പൊതുമേഖലയില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിച്ചു മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനും മരുന്നു കമ്പനികളുടെ പകല്‍ക്കൊള്ള തടയാനും കേന്ദ്രസര്‍ക്കാര്‍ തയാറാകണം.
കൊവിഡ് ഒന്നാം തരംഗത്തിനു ശേഷം അല്‍പാല്‍പം സജീവമായി വന്നിരുന്ന തൊഴില്‍ മേഖലയും പൊതുവിപണിയും ജനജീവിതവും വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. തൊഴിലാളികളും കൃഷിക്കാരും യുവാക്കളും വിദ്യാര്‍ഥികളും ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളും മറ്റു സാധാരണക്കാരും ഒറ്റയ്ക്കും കൂട്ടായും നിലനില്‍പിനുവേണ്ടിയും മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയുമുള്ള പോരാട്ടത്തിലാണ്. സാമ്പത്തിക നയത്തിലെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരായി ഒരു ദശാബ്ദക്കാലമായി തൊഴിലാളികള്‍ നടത്തിവരുന്ന പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ എസ്.ടി.യു ഇനിയും ഉറച്ചുനില്‍ക്കും. സമ്പത്ത് ഉല്‍പാദിപ്പിക്കുന്നവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ല, അതില്‍ മുഖ്യപങ്ക് ലഭിക്കേണ്ടവരാണ്. കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ ജാഗ്രതയോടെ മുന്നേറുക. എല്ലാവര്‍ക്കും സുരക്ഷിതവും സൗജന്യവുമായ വാക്‌സിന്‍ ഉറപ്പാക്കുക. നമ്മുടെ പ്രതീക്ഷ പോരാട്ടങ്ങളിലാണ്.
- (എസ്.ടി.യു ദേശീയ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."