'തകര്‍ക്കല്ലേ....' ബുള്‍ഡോസറുകള്‍ക്കു മുന്നില്‍ കരഞ്ഞു തളര്‍ന്ന് ജഹാംഗീര്‍ പുരി; സംഘ്ഭരണകൂടം പൊളിച്ചെറിഞ്ഞത് ഒരായുസ്സിന്റെ കൂട്ടിവെപ്പുകള്‍...video
ന്യൂഡല്‍ഹി: കുഞ്ഞു കുഞ്ഞു പാത്രങ്ങള്‍ മുതല്‍ ഫ്രിഡ്ജ്, ടിവി തുടങ്ങിയ ഉപകരണങ്ങളുടെ വരെ കഷ്ണങ്ങള്‍. അവക്കിടയില്‍ കുറേ തുണിക്കെട്ടുകള്‍. ചിതറിപ്പോയ പുസ്തകങ്ങള്‍.. കാലങ്ങളായി സ്വരുക്കൂട്ടി വെച്ചതെല്ലാം ചേര്‍ത്തു വെച്ച് വാങ്ങിക്കൂട്ടിയ കുഞ്ഞു കുഞ്ഞു കിനാക്കള്‍. ഇവക്കിടയില്‍ തീര്‍ത്തും നിസ്സഹായരായി തൊണ്ടക്കുള്ളില്‍ കുരുങ്ങിക്കിടക്കുന്നൊരു കരച്ചില്‍ പോലും പുറത്തു വരാത്തത്രയും തളര്‍ച്ചയില്‍ കുറേ മനുഷ്യരും. സംഘ്ഭരണകൂടം തകര്‍ത്തെറിഞ്ഞ 'അനധികൃത' കെട്ടിടങ്ങള്‍ക്കിടയിലെ ശേഷിപ്പുകളാണിത്.
Woman weeps & begs before the authorities as a JCB demolishes part of her house/shop in Delhi's #Jahangirpuri. Citing 'illegal construction', MCD demolished several structures days after communal clases on 16 April. The SC has ordered to maintain status quo @TheQuint @QuintHindi pic.twitter.com/wfWLatwacx
— Eshwar (@hey_eshwar) April 20, 2022
എന്തും തകര്‍ക്കാനുള്ളൊരു കരുത്തോടെ വാ തുറന്നെത്തുന്ന ബുള്‍ഡോസറുകള്‍ക്കു മുന്നില്‍ കേണപേക്ഷിക്കുന്ന കുറേയേറെ ഉമ്മമാരേയും കാണാമായിരുന്നു ജഹാംഗീര്‍ പുരിയില്‍. ഉടുത്തിരിക്കുന്നതല്ലാതെ മറ്റൊന്നും ബാക്കിയില്ല അവര്‍ക്കിനി. ഒട്ടും മുന്നറിയിപ്പില്ലാതെ ഭരണകൂട ഭീകരത തങ്ങളുടെ സര്‍വ്വതും തകര്‍ത്തെറിഞ്ഞപ്പോള്‍ ഒന്ന് കരയാന്‍ പോലുമാവുന്നില്ല ഈ പാവങ്ങള്‍ക്ക്. ജഹാംഗീര്‍ പൂരില്‍ നിന്ന് 'ദ ക്വിന്റ്' അസോസിയേറ്റ് എഡിറ്റര്‍ ഈശ്വര്‍ രഞ്ജന പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
— Eshwar (@hey_eshwar) April 20, 2022
ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ഏപ്രില്‍ 16ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി കോര്‍പറേഷന്‍ അധികൃതരുടെ നേതൃത്വത്തിലാണ് ഇന്ന് ഒഴിപ്പിക്കല്‍ പുന:രാരംഭിച്ചത്. കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. ഡല്‍ഹി പൊലീസ് സഹായത്തോടെ ബംഗാളി മുസ്‌ലിംകള്‍ താമസിക്കുന്ന കോളനികള്‍ പൊളിച്ചുമാറ്റിയാണ് തുടങ്ങിയത്.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട സുപ്രിംകോടതി ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ച് ഉത്തരവിട്ടിട്ടും കോര്‍പറേഷന്‍ അധികൃതര്‍ ബുള്‍ഡോസറുകള്‍ തിരിച്ചുവിളിച്ചില്ല. കോടതി ഉത്തരവ് ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ഒഴിപ്പിക്കല്‍ തുടര്‍ന്നത്. കോടതി ഉത്തരവ് ലഭിച്ചാല്‍ മാത്രമേ നടപടി നിര്‍ത്തൂവെന്നാണ് കോര്‍പറേഷന്‍ മേയര്‍ പറഞ്ഞത്. തുടര്‍ന്ന് എത്രയും വേഗം ഉത്തരവ് ലഭ്യമാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."