വടകരയുടെ വീരനായികയായി കെ.കെ രമ
കോഴിക്കോട്: വന്‍ ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയപ്പോഴും എല്‍.ഡി.എഫിന് ആഘാതമായി വടകരയിലെ പരാജയം.
ടി.പി ചന്ദ്രശേഖരന്റെ ഒന്‍പതാം രക്തസാക്ഷിദിനത്തിനു രണ്ടുനാള്‍ മുമ്പ് ജനഹിതത്തിലൂടെ ഇടതുപക്ഷത്തെ മലര്‍ത്തിയടിച്ച് അദ്ദേഹത്തിന്റെ പത്‌നി കെ.കെ രമ പകരം വീട്ടിയിരിക്കുകയാണ്. മെയ് രണ്ടിലെ രമയുടെ വിജയം ഒഞ്ചിയത്തെ ഗ്രാമങ്ങളില്‍ ആവേശകരമായി അലയടിക്കാന്‍ പാകുന്നത് മെയ് നാലിനായിരിക്കും.ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് 2012 മെയ് നാലിനായിരുന്നു സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും ആര്‍.എം.പി.ഐ സ്ഥാപക നേതാവുമായ ടി.പി ചന്ദ്രശേഖരന്‍ സി.പി.എമ്മുകാരുടെ 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ടത്.
ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതോടെ അതുവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്ന ബദല്‍ ഇടതുപക്ഷ രാഷ്ട്രീയവുമായി മുന്നോട്ടുപോയ രമയുടെ വിജയം ടി.പി ചന്ദ്രശേഖരന്‍ എന്ന ജനകീയനായ നേതാവിന്റേതു കൂടിയാകുകയാണ്. എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരേ 7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രമ വടകരയില്‍ വിജയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ടി.പി ചന്ദ്രശേഖരന്‍ നിയമസഭയിലുണ്ടാകുമെന്നായിരുന്നു കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ആ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് രമയുടെ വിജയം. ടി.പിയുടെ വിയോഗത്തിനു ശേഷമുള്ള കാലങ്ങളിലും പലവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് രമ രാഷ്ട്രീയരംഗത്ത് നിലകൊണ്ടത്. പ്രാദേശിക തലത്തില്‍ നിരവധി ആക്രമണങ്ങളെ നേരിട്ടുകൊണ്ടാണ് ആര്‍.എം.പി.ഐ പ്രവര്‍ത്തിച്ചത്. നവമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്കും രമ ഇരയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പ് ഒഴികെ എക്കാലവും സോഷ്യലിസ്റ്റുകള്‍ മാത്രം ജയിച്ചുപോന്ന വടകരയിലെ തോല്‍വി എല്‍.ജെ.ഡിക്കും കനത്ത തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."