ആര്‍ക്ക് കരകയറ്റാനാകും കോണ്‍ഗ്രസിനെ ഈ പതനത്തില്‍നിന്ന്?
15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തോറ്റമ്പിയ കോണ്‍ഗ്രസ് നേതൃത്വം പതിവു പല്ലവി ആവര്‍ത്തിച്ചു. പരാജയ കാരണങ്ങള്‍ വിശദമായി പഠിച്ച് പാളിച്ചകള്‍ മനസിലാക്കി അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു മുന്നോട്ടുപോകുമെന്നാണ് കഴിഞ്ഞ ദിവസവും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്. തോല്‍ക്കുമ്പോള്‍ പറയുന്ന ഈ സ്ഥിരം വാചകങ്ങള്‍ കെ.പി.സി.സി ആസ്ഥാനത്ത് ചില്ലിട്ട് വച്ചിരിക്കുകയാണെന്ന് തോന്നുന്നു. ആവശ്യം വരുമ്പോഴൊക്കെ എടുത്തു ഉപയോഗിക്കാന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴും ഇതേ വാചകം തന്നെയായിരുന്നു ഈ പറഞ്ഞ നേതാക്കളെല്ലാം എടുത്തു പ്രയോഗിച്ചിരുന്നത്. എന്നിട്ട് പാര്‍ട്ടിയോ നേതാക്കളോ പാഠം പഠിക്കുന്നത് പോയിട്ട,് പരാജയപുസ്തകത്തിന്റെ താളു പോലും മറിച്ചുനോക്കാന്‍ മെനക്കെട്ടില്ല.
കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഹൈക്കമാന്‍ഡ് കാണുന്ന ഒറ്റമൂലി പുതിയ ഒരാളെ അലക്കിത്തേച്ച ഖദര്‍ കുപ്പായവുമണിയിച്ച് കെ.പി.സി.സി ആസ്ഥാനത്തെ കസേരയില്‍ ഇരുത്തുക എന്നതാണ്. ആരും വന്നോട്ടെ കാണാം എന്ന നിസംഗ മനോഭാവത്തോടെ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ എതിരേല്‍ക്കുന്ന കോണ്‍ഗ്രസിലെ രണ്ട് പ്രബല ഗ്രൂപ്പുകളാകട്ടെ, ഒന്നുകില്‍ പുതിയ അധ്യക്ഷനെ തങ്ങളുടെ ഏറാന്‍ മൂളിയാക്കുന്നു, അല്ലെങ്കില്‍ ഇരുഗ്രൂപ്പുകളുടെയും മല്‍പിടിത്തത്തില്‍ നിശബ്ദ സാക്ഷിയാക്കുന്നു. ഗ്രൂപ്പുകള്‍ക്ക് വഴങ്ങാതെ നീങ്ങുന്ന പ്രസിഡന്റാണെങ്കില്‍ ഇരുഗ്രൂപ്പുകളും പെട്ടെന്നു യോജിച്ച് കെ.പി.സി.സി പ്രസിഡന്റിനെ ഉടലോടെ ഇന്ദിരാഭവനില്‍നിന്നു പുറത്തേക്കെറിയുന്നു. അടുത്ത കാലത്ത് അങ്ങനെ പുറത്തേക്കെറിയപ്പെട്ട, കെ.പി.സി.സി അധ്യക്ഷനായിരുന്നു വി.എം സുധീരന്‍. അധികാരത്തിന്റെ സോപാനം സ്വപ്നം കണ്ടു ഒന്നിച്ച് ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ ഒരു സങ്കര സമുച്ചയമാണ് കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസ്. വിവിധ താല്‍പര്യക്കാരുടെ ഒരു കൂടാരം. ഒരു നയമോ പരിപാടിയോ കേരളത്തിലെ ഈ പാര്‍ട്ടിക്കില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റ പിറവി മുതല്‍ ഗ്രൂപ്പിസം ഉണ്ട്. അതൊരിക്കലും അധികാരത്തിനു വേണ്ടിയായിരുന്നില്ല. നേതൃത്വത്തിന്റെ ചില നയങ്ങളിലും നിലപാടുകളിലുമുള്ള പ്രതിഷേധത്താലായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം കൊണ്ടതുതന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വലത് ചായ്‌വില്‍ പ്രതിഷേധിച്ചായിരുന്നു. പിന്നീട് യുവ തുര്‍ക്കികള്‍ എന്ന പേരില്‍ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ നേതൃത്വത്തിലും തിരുത്തല്‍ ശക്തികളുണ്ടായി. ഇതൊന്നും കോണ്‍ഗ്രസിനെ തളര്‍ത്താനായിരുന്നില്ല. ശക്തിപ്പെടുത്താനുള്ളതായിരുന്നു. പില്‍ക്കാലത്തുണ്ടായ ഗ്രൂപ്പ് വടം വലികളത്രയും അധികാരത്തോടുള്ള മോഹത്താലായിരുന്നു. ഇത് കാരണം അധികാരത്തിലുണ്ടായിരുന്ന പല സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടതൊന്നും തിരിച്ചെടുക്കാന്‍ കഴിഞ്ഞതുമില്ല. ബംഗാളില്‍ മമതാ ബാനര്‍ജി, ആന്ധ്രയില്‍ ജഗ്‌മോഹന്‍ റെഡ്ഡി, മഹാരാഷ്ട്രയില്‍ ശരത് പവാര്‍ എന്നിവരൊക്കെ കോണ്‍ഗ്രസിനുണ്ടാക്കിയ പരുക്ക് വലുതായിരുന്നു. ഇവരെ അകറ്റിയതാകട്ടെ ഹൈക്കമാന്‍ഡില്‍ സ്വാധീനം ചെലുത്തിയ സ്വാര്‍ഥ താല്‍പര്യക്കാരും. ചില വ്യത്യാസങ്ങളോടെ അതിപ്പോഴും തുടരുന്നു.
ഇന്ദിരാഗാന്ധിക്ക് ശേഷം ആജ്ഞാശക്തിയുള്ള ഒരു നേതാവ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇല്ലാതെ പോയതും ആ പാര്‍ട്ടിയുടെ പതനത്തിന് ആക്കം കൂട്ടി. ഉപജാപക സംഘത്തിന്റെ ഉപദേശങ്ങള്‍ കേട്ട് ജനപിന്തുണയുള്ള നേതാക്കളെ പാര്‍ട്ടിയില്‍ നിന്നകറ്റാന്‍ തുടങ്ങിയത് രാജീവ് ഗാന്ധിയുടെ കാലം മുതല്‍ക്കാണ്. അതു ഇന്നും നിര്‍വിഘ്‌നം തുടരുന്നു. ദേശീയതലത്തിലും പ്രാദേശികതലത്തിലുമായി നിരവധി പിളര്‍പ്പുകളാണ് ഗ്രൂപ്പ് വടംവലിയുടെ ഫലമായി പാര്‍ട്ടിയിലുണ്ടായത്. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നെങ്കിലും ഗ്രൂപ്പ് വടംവലിയില്‍ മധ്യപ്രദേശില്‍ കമല്‍നാഥിനു ഭരണം നഷ്ടപ്പെട്ടു. രാഹുല്‍ ഗാന്ധിക്കൊപ്പം ഉയര്‍ത്തിക്കാട്ടിയ സിന്ധ്യ-പൈലറ്റ് എന്നീ യുവ നേതൃനിര ഉയര്‍ന്നുവരേണ്ടതായിരുന്നു. ഗ്രൂപ്പ് വടംവലിയില്‍ അവര്‍ അപ്രസക്തരായി. മുന്‍കാല ഗ്രൂപ്പുകളെല്ലാം നെഹ്‌റു-ഗാന്ധി കുടുംബത്തോട് കലഹിച്ചാണ് ഉടലെടുത്തതെങ്കില്‍, രാഹുല്‍ ഗാന്ധിയുടെ കാലം വന്നപ്പോള്‍ അദ്ദേഹത്തോട് ഒട്ടിച്ചേര്‍ന്ന പുതിയൊരു ഉപജാപക സംഘം ഉടലെടുക്കുകയായിരുന്നു. പഴയ നേതാക്കളെല്ലാം പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.
വടക്കന്‍ കേരളത്തില്‍നിന്നു ഡല്‍ഹിയില്‍ ചേക്കേറിയ, രാഹുല്‍ ഗാന്ധിയുടെ തൊട്ടരികെ എപ്പോഴും സ്ഥാനമുറപ്പിക്കാന്‍ തത്രപ്പെടുന്ന കേരളത്തില്‍ വേരുകള്‍ ഇല്ലാത്ത ഒരു നേതാവിനു, രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍ സമര്‍ഥമായി തടയുവാന്‍ കഴിയുന്നുണ്ട്. കര്‍ണാടക, ഗോവയടക്കമുള്ള പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുന്നതില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ പരിഹരിക്കാനും നിരീക്ഷകനായും രാഹുല്‍ ഗാന്ധി അയച്ചത് മലയാളിയായ ഈ നേതാവിനെയായിരുന്നു. ഫലമോ രണ്ട് സംസ്ഥാനങ്ങളിലും തളികയിലെന്നവണ്ണം ബി.ജെ.പിക്ക് ഭരണം വച്ചുനീട്ടുന്നതില്‍ വലിയ സംഭാവനകളാണ് ഈ കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായത്.
സി.എ.എ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പലവട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴും അതേപറ്റി ക, മ എന്നുപോലും ഉരിയാടാത്ത പല കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവരില്‍ പ്രധാനിയുമായിരുന്നു. കെ.പി.സി.സി ആസ്ഥാനത്തിനു അരികെയുള്ള നേമത്ത് തികഞ്ഞ മതേതര ജനാധിപത്യ വാദിയായ, എല്ലാ അര്‍ഥത്തിലും കെ. കരുണാകരന്റെ പിന്‍ഗാമിയായ കെ. മുരളീധരന്‍ മത്സരിച്ചപ്പോള്‍ അങ്ങോട്ടൊന്ന് എത്തിനോക്കാന്‍ പോലും മുല്ലപ്പള്ളി രാമചന്ദ്രന്‍ തയാറായില്ല. ഇത്തരം കെ.പി.സി.സി പ്രസിഡന്റുമാരുണ്ടാകുമ്പോള്‍ എങ്ങനെയാണ് യു.ഡി.എഫ് ജയിച്ചുകയറുക. എല്ലാ മണ്ഡലങ്ങളും നോക്കാന്‍ ഉണ്ടാകുമ്പോള്‍ താന്‍ എങ്ങനെ മത്സരിക്കുമെന്നു ചോദിച്ച നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്ത് പോകാതിരുന്നത്, തന്നെ ക്ഷണിക്കാത്തതിനാലാണെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പരിഭവം. നേമത്ത് എന്താ കെ. മുരളീധരന്റെ മക്കളുടെ വിവാഹം നടക്കുകയായിരുന്നോ ക്ഷണിക്കാന്‍. നേമം മണ്ഡലത്തില്‍ പ്രചാരണത്തില്‍ എത്തുന്നതില്‍നിന്നു രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും തടഞ്ഞുനിര്‍ത്തുന്നതില്‍ ഈ രണ്ട് നേതാക്കള്‍ക്കും പങ്കുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. പിന്നീട് മുരളിയുടെ നിര്‍ബന്ധത്തിലാണ് രാഹുല്‍ പ്രചാരണത്തിന് എത്തിയത്.
കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഈ മനസിലിരിപ്പ് മാനത്തുകണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം ഈ തെരഞ്ഞെടുപ്പില്‍ നിന്നെങ്കില്‍, ന്യൂനപക്ഷ പിന്തുണയും അവര്‍ക്ക് കിട്ടിയെങ്കില്‍ അതാണ് ശരിയായ മതനിരപേക്ഷ ജനാധിപത്യം. കോണ്‍ഗ്രസിനും ആര്‍.എസ്.എസിനും ഇടക്കുള്ള പാലമായി പ്രവര്‍ത്തിക്കുന്ന, കൊമ്പുള്ളവരെന്ന് ഭാവിക്കുന്ന, രാഹുല്‍ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെന്ന് നടിക്കുന്നവരേയും നേതൃസ്ഥാനങ്ങളില്‍ കയറിപ്പറ്റിയവരേയും തൂത്തെറിയാതെ കേരളത്തില്‍ കോണ്‍ഗ്രസ് ഇനി നിലംതൊടാന്‍ പോകുന്നില്ല. ശശി തരൂര്‍, വി.ഡി സതീശന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍ എന്നിവരെപ്പോലുള്ള, ജാതി, മത വ്യത്യാസം കാണിക്കാത്ത, ഗ്രൂപ്പുകള്‍ക്ക് അതീതരായ, കറ കളഞ്ഞ മതനിരപേക്ഷ ജനാധിപത്യ കാവലാളുകളായ നേതാക്കള്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വരുന്നില്ലെങ്കില്‍ ആര്‍ക്ക് കരകയറ്റാനാകും കോണ്‍ഗ്രസിനെ ഈ പതനത്തില്‍ നിന്ന്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."