HOME
DETAILS

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചെന്ന് ദീപിക മുഖപ്രസംഗം

  
Web Desk
April 11 2024 | 06:04 AM


കോട്ടയം: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടിരുന്നെങ്കില്‍ കലാപത്തിന്റെ തീവ്രത കുറയുമായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

 കലാപം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല. കലാപ സമയത്തെ ശൂന്യത തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് കൊണ്ട് നികത്താനാകില്ലെന്നും ദീപിക വിമര്‍ശിക്കുന്നു.

മണിപ്പൂരിനെ രക്ഷിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ രക്ഷയാണോ ആ നാടിന് വിധിച്ചിരിക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സമയോചിത ഇടപെടല്‍ മൂലം കലാപബാധിത മണിപ്പൂരിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറെ വംശീയ കലാപങ്ങള്‍ നടന്നിട്ടുള്ള നാടാണ്.പക്ഷെ അതൊക്കെ നിസാരമായിരുന്നുന്നെന്ന് തോന്നിപ്പിക്കും വിധം ജനത മനസുകൊണ്ടും വെറുപ്പു കൊണ്ടും വാസഭൂമി കൊണ്ടും രണ്ടു ശത്രുരാജ്യങ്ങളെന്ന പോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂരിനേറ്റ ചരിത്ര പ്രഹരം! അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കെ അതിനിഗൂഢവും അവിശ്വസനീയവുമായൊരു നിശബ്ദതയില്‍ താന്‍ അഭിരമിച്ചത് എന്തിനെന്ന മാത്രം പ്രധാനമന്ത്രി പറഞ്ഞില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.

മെയ്‌തെയ്, കുക്കി വംശങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ മുഖ്യമന്ത്രി നിര്‍ലജ്ജം മെയ്‌തെയ് പക്ഷത്തു നില്‍ക്കുകയും മെയ്‌തെയ് തീവ്രസംഘടനങ്ങള്‍ മുഖ്യമന്ത്രിയെ പ്രശംസിക്കുകയുമൊക്കെ ചെയ്തത് ആരു മറക്കും ശത്രുസംഹാരത്തിനുവേണ്ടി മെയ്‌തെയ് തീവ്രപ്രസ്ഥാനം സംസ്ഥാനത്തിന്റെ ആയുധപ്പുരകള്‍ കയ്യേറി തോക്കും വെടിയുണ്ടകളും യഥേഷ്ടം കൈക്കലാക്കിയപ്പോള്‍ കൈയുംകെട്ടി നിന്നൊരു മുഖ്യമന്ത്രി! അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മാത്രം പ്രവര്‍ത്തിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

2023 മേയ് മൂന്നിനു കലാപം തുടങ്ങിയതിനുശേഷം ഇന്നുവരെ പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിച്ചിട്ടില്ല. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരേ നടപടി എടുക്കാതിരുന്നതിനെക്കുറിച്ചു മറുപടിയില്ല. മണിപ്പുരിലേതു വര്‍ഗീയമല്ല, വംശീയ കലാപമാണെന്നു പറയുന്‌പോഴും മെയ്‌തെയ്കള്‍ സ്വന്തം വംശത്തില്‍പെട്ട ക്രൈസ്തവരുടേത് ഉള്‍പ്പെടെ 250 പള്ളികള്‍ ആദ്യദിവസങ്ങളില്‍തന്നെ കത്തിച്ചു ചാമ്പലാക്കിയതിനെക്കുറിച്ച് ഇന്നും വിശദീകരണമില്ല. ചില ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട് എന്നതല്ല മറുപടി.

രാജ്യത്ത് അരങ്ങേറുന്ന ക്രൈസ്തവ മതസ്ഥാപനങ്ങളോടുള്ള വിവേചനത്തിന്റെ മണിപ്പുര്‍ പതിപ്പായി അതു മാറി. നിര്‍മിക്കപ്പെട്ട ആരാധനാലയങ്ങളിലെ പൂജകള്‍ മാത്രമല്ല, തകര്‍ക്കപ്പെട്ടവയുടെ ചാരവും ബിജെപി ഭരണകാലത്തിന്റെ 'മതേതരത്വത്തെ' നിര്‍വചിക്കും. കലാപം നടക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരും മാധ്യമങ്ങളും പക്ഷംപിടിച്ചുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എണ്ണം ഇനിയും ഉടമകള്‍ സമര്‍പ്പിച്ചിട്ടില്ല. അതിലും ഭയാനകമായ കാര്യം, മെയ്‌തെയ്കള്‍ കടത്തിക്കൊണ്ടുപോയ എ.കെ. സീരിസില്‍ ഉള്‍പ്പെട്ട ആധുനിക ആയുധങ്ങളിലേറെയും അവരുടെ കൈയില്‍തന്നെയുണ്ട് എന്നതാണ്. എങ്ങനെയാണ് ഭയമില്ലാതെ ജനങ്ങള്‍ വോട്ട് ചെയ്യാനെത്തുന്നത് ഒരു പാര്‍ട്ടിയുടെയും പ്രമുഖ നേതാക്കള്‍ മണിപ്പുരിലേക്കു പ്രചാരണത്തിനു പോകുന്നില്ല. ഭയം മാത്രമാണു കാരണം. ഈ മണിപ്പൂരിനെയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞത്.

മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കില്‍ ആ നിമിഷം അവിടെ എല്ലാം ശാന്തമാകുമായിരുന്നെന്ന് ആരും കരുതുന്നില്ല. പക്ഷേ, അതിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നു. ക്രിമിനലുകള്‍ക്ക് മുന്നറിയിപ്പാകുമായിരുന്നു. ചോദിക്കാനും പറയാനും തങ്ങള്‍ക്ക് ആരെങ്കിലുമൊക്കെ ഉണ്ടെന്ന് ഇരകള്‍ക്കു തോന്നുമായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പൂര്‍ണരൂപം


മണിപ്പുരിനെ രക്ഷിച്ചില്ല
മണിപ്പുര്‍ കത്തിയെരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കില്‍ ആ നിമിഷം അവിടെ എല്ലാം ശാന്തമാകുമായിരുന്നെന്ന് ആരും കരുതുന്നില്ല. പക്ഷേ, അതിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നു. ക്രിമിനലുകള്‍ക്ക് മുന്നറിയിപ്പാകുമായിരുന്നു. ചോദിക്കാനും പറയാനും തങ്ങള്‍ക്ക് ആരെങ്കിലുമൊക്കെ ഉണ്ടെന്ന് ഇരകള്‍ക്കു തോന്നുമായിരുന്നു

മണിപ്പുരിനെ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ  'രക്ഷ'യാണോ ആ നാടിനു വിധിച്ചിരിക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സമയോചിത ഇടപെടല്‍ മൂലം കലാപബാധിത മണിപ്പുരിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്.

ഏറെ വംശീയകലാപങ്ങള്‍ നടന്നിട്ടുള്ള നാടാണ് മണിപ്പുര്‍. പക്ഷേ, അതൊക്കെ നിസാരമായിരുന്നെന്നു തോന്നിപ്പിക്കുംവിധം ആ ജനത മനസുകൊണ്ടും വെറുപ്പുകൊണ്ടും വാസഭൂമികൊണ്ടും രണ്ടു ശത്രുരാജ്യങ്ങളെന്നപോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പുരിനേറ്റ ചരിത്രപ്രഹരം! അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കെ, അതിനിഗൂഢവും അവിശ്വസനീയവുമായൊരു നിശബ്ദതയില്‍ താന്‍ അഭിരമിച്ചത് എന്തിനെന്നു മാത്രം പ്രധാനമന്ത്രി പറഞ്ഞില്ല.

ആസാം ട്രിബ്യൂണ്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ചു പറഞ്ഞത്. വൈകാരികമായതിനാല്‍ വിഷയത്തെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ഉപദേശിച്ചു. 'മണിപ്പുരിലെ സംഘര്‍ഷം പരിഹരിക്കുന്നതിനു ലഭ്യമായ മികച്ച വിഭവങ്ങളും ഭരണസംവിധാനവും വിനിയോഗിച്ചു. ഇതേക്കുറിച്ചു പാര്‍ലമെന്റില്‍ സംസാരിച്ചു. അമിത് ഷാ മണിപ്പുരില്‍ താമസിച്ച് 15 കൂടിക്കാഴ്ചകള്‍ നടത്തി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായ പിന്തുണ നല്‍കി.

സാന്പത്തിക പാക്കേജുകള്‍ ഉള്‍പ്പെടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.'' നല്ലത്; പക്ഷേ, പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെക്കൊണ്ടു സംസാരിപ്പിക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും എത്ര പണിപ്പെടേണ്ടിവന്നുവെന്നത് അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു. ഒരു കാര്യം സത്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം തുടര്‍ച്ചയായ പിന്തുണ നല്‍കി. പക്ഷേ, സംസ്ഥാനത്തെ നയിക്കുന്ന ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് ആരുടെ പക്ഷത്തായിരുന്നെന്നത് അദ്ദേഹം മറന്നു.

മെയ്‌തെയ്, കുക്കി വംശങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ മുഖ്യമന്ത്രി നിര്‍ലജ്ജം മെയ്‌തെയ് പക്ഷത്തു നില്‍ക്കുകയും മെയ്‌തെയ് തീവ്രസംഘടനങ്ങള്‍ മുഖ്യമന്ത്രിയെ പ്രശംസിക്കുകയുമൊക്കെ ചെയ്തത് ആരു മറക്കും ശത്രുസംഹാരത്തിനുവേണ്ടി മെയ്‌തെയ് തീവ്രപ്രസ്ഥാനം സംസ്ഥാനത്തിന്റെ ആയുധപ്പുരകള്‍ കയ്യേറി തോക്കും വെടിയുണ്ടകളും യഥേഷ്ടം കൈക്കലാക്കിയപ്പോള്‍ കൈയുംകെട്ടി നിന്നൊരു മുഖ്യമന്ത്രി! അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മാത്രം പ്രവര്‍ത്തിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

2023 മേയ് മൂന്നിനു കലാപം തുടങ്ങിയതിനുശേഷം ഇന്നുവരെ പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിച്ചിട്ടില്ല. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരേ നടപടി എടുക്കാതിരുന്നതിനെക്കുറിച്ചു മറുപടിയില്ല. മണിപ്പുരിലേതു വര്‍ഗീയമല്ല, വംശീയ കലാപമാണെന്നു പറയുന്‌പോഴും മെയ്‌തെയ്കള്‍ സ്വന്തം വംശത്തില്‍പെട്ട ക്രൈസ്തവരുടേത് ഉള്‍പ്പെടെ 250 പള്ളികള്‍ ആദ്യദിവസങ്ങളില്‍തന്നെ കത്തിച്ചു ചാന്പലാക്കിയതിനെക്കുറിച്ച് ഇന്നും വിശദീകരണമില്ല. ചില ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട് എന്നതല്ല മറുപടി.

രാജ്യത്ത് അരങ്ങേറുന്ന ക്രൈസ്തവ മതസ്ഥാപനങ്ങളോടുള്ള വിവേചനത്തിന്റെ മണിപ്പുര്‍ പതിപ്പായി അതു മാറി. നിര്‍മിക്കപ്പെട്ട ആരാധനാലയങ്ങളിലെ പൂജകള്‍ മാത്രമല്ല, തകര്‍ക്കപ്പെട്ടവയുടെ ചാരവും ബിജെപി ഭരണകാലത്തിന്റെ 'മതേതരത്വത്തെ' നിര്‍വചിക്കും. കലാപം നടക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരും മാധ്യമങ്ങളും പക്ഷംപിടിച്ചുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍, ഗില്‍ഡിന്റെ പ്രസിഡന്റിനും മൂന്ന് അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തുകൊണ്ടാണ് ബിരേന്‍സിംഗ് സര്‍ക്കാര്‍ പ്രതികരിച്ചത്. സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുകയും നഗ്‌നരാക്കി നാട്ടിലുടനീളം നടത്തുകയും ചെയ്ത സംഭവത്തില്‍ പോലും ഒരു എഫ്‌ഐആര്‍ തയാറാക്കാന്‍ 14 ദിവസം വേണ്ടിവന്നു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളിലൊക്കെ ബിജെപി സര്‍ക്കാരുകള്‍ ശത്രുസംഹാരത്തിന് ഉപയോഗിച്ച ബുള്‍ഡോസറുകള്‍ മണിപ്പുരിലേക്കും എത്തിയത് 2023 ഫെബ്രുവരിയിലായിരുന്നു. ചുരാചന്ദ്പുരിലെ കെ. സൊംഗ്ജാംഗില്‍ വനഭൂമി കൈയേറിയെന്നാരോപിച്ച് കുക്കികള്‍ താമസിച്ചിരുന്ന 16 വീടുകളും അവരുടെ പള്ളിയും ഇടിച്ചുനിരത്തി.

മ്യാന്‍മറില്‍നിന്നും ബംഗ്ലാദേശില്‍നിന്നും മണിപ്പുരിലേക്കു കുക്കികളെത്തി അനധികൃതമായി താമസിക്കുന്നു എന്നു പ്രചരിപ്പിച്ചവരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗായിരുന്നു മുന്നില്‍. കുക്കികള്‍ പോപ്പി കൃഷിയിലൂടെ മയക്കുമരുന്നു കൃഷിയും തീവ്രവാദവും നടത്തുകയാണെന്നു മെയ്‌തെയ്കളും പ്രചരിപ്പിച്ചു.

അത്തരം സംഭവങ്ങളുണ്ടെങ്കില്‍ അതിനെതിരേ നടപടിയെടുക്കുന്നതിനു പകരം കുക്കികളെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നു ബിരേന്‍സിംഗ് സര്‍ക്കാര്‍. പണ്ടേയുള്ള വംശീയ ശത്രുത ആളിക്കത്തി. താമസിയാതെ, മെയ്‌തെയ്കളെ എസ്ടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന്, ഇല്ലാത്ത അധികാരമുപയോഗിച്ച് ഹൈക്കോടതി ഉത്തരവുമിട്ടു.

തുടര്‍ന്ന് കുക്കികള്‍ തുടങ്ങിയ പ്രതിഷേധം രണ്ടു വംശങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്കു വഴിമാറുകയായിരുന്നു. നാലുമാസം കഴിഞ്ഞപ്പോള്‍, അതായത് സെപ്റ്റംബറിലെ സര്‍ക്കാര്‍ കണക്കനുസരിച്ചു മാത്രം 175 പേര്‍ കൊല്ലപ്പെട്ടു. 1108 പേര്‍ക്കു പരിക്കേറ്റു. 32 പേരെ കാണാതായി. 4786 വീടുകള്‍ ചാന്പലാക്കി. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തു. 70,000 മനുഷ്യര്‍ പലായനം ചെയ്തു.

ഇന്ത്യ തെരഞ്ഞെടുപ്പിന്റെ ആരവത്തിലാണ്; മണിപ്പുര്‍ ഭയത്തിന്റെ പിടിയിലും. ലൈസന്‍സുള്ള 24,000 തോക്കുകളില്‍ 12,000 എണ്ണം ഇനിയും ഉടമകള്‍ സമര്‍പ്പിച്ചിട്ടില്ല. അതിലും ഭയാനകമായ കാര്യം, മെയ്‌തെയ്കള്‍ കടത്തിക്കൊണ്ടുപോയ എ.കെ. സീരിസില്‍ ഉള്‍പ്പെട്ട ആധുനിക ആയുധങ്ങളിലേറെയും അവരുടെ കൈയില്‍തന്നെയുണ്ട് എന്നതാണ്.

എങ്ങനെയാണ് ഭയമില്ലാതെ ജനങ്ങള്‍ വോട്ട് ചെയ്യാനെത്തുന്നത് ഒരു പാര്‍ട്ടിയുടെയും പ്രമുഖ നേതാക്കള്‍ മണിപ്പുരിലേക്കു പ്രചാരണത്തിനു പോകുന്നില്ല. ഭയം മാത്രമാണു കാരണം. ഈ മണിപ്പുരിനെയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞത്.

മണിപ്പുര്‍ കത്തിയെരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കില്‍ ആ നിമിഷം അവിടെ എല്ലാം ശാന്തമാകുമായിരുന്നെന്ന് ആരും കരുതുന്നില്ല. പക്ഷേ, അതിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നു. ക്രിമിനലുകള്‍ക്ക് മുന്നറിയിപ്പാകുമായിരുന്നു. ചോദിക്കാനും പറയാനും തങ്ങള്‍ക്ക് ആരെങ്കിലുമൊക്കെ ഉണ്ടെന്ന് ഇരകള്‍ക്കു തോന്നുമായിരുന്നു.

സര്‍ക്കാര്‍ കുറ്റവാളികളെ പിന്തുണയ്ക്കില്ലെന്ന തോന്നലെങ്കിലും ഉണ്ടാകുമായിരുന്നു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് നടത്തിയിട്ടുള്ള അവകാശവാദങ്ങളില്‍ ആത്മാര്‍ഥതയുണ്ടെന്ന്, തെരുവില്‍ തുണിയുരിയപ്പെട്ട പെണ്‍കുട്ടികള്‍ക്കു തോന്നുമായിരുന്നു. പ്രധാനമന്ത്രിയുടെ അന്നത്തെ നിശബ്ദതയുണര്‍ത്തിയ ഭയാനകമായ ശൂന്യത തെരഞ്ഞെടുപ്പുകാലത്തെ വാക്കുകള്‍കൊണ്ടു നികത്താനാകുമോയെന്നറിയില്ല.

മെയ്‌തെയ്കളും കുക്കികളും നമ്മുടെ സഹോദരങ്ങളാണ്. പ്രായോഗിക നടപടികളുണ്ടാകണം. രണ്ടു വംശങ്ങള്‍ക്കിടയിലെ വിദ്വേഷം ആളിക്കത്തിയതിന്റെ മുറിവുകള്‍ അവരിലെ മനുഷ്യത്വത്തിന്റെ ആഴക്കിണറുകളില്‍ വറ്റാതെയുള്ള സ്‌നേഹജലം കൊണ്ട് സുഖപ്പെടുത്തേണ്ടതുമുണ്ട്. പക്ഷേ, ആരതിനു മുന്നിട്ടിറങ്ങും മണിപ്പുര്‍ കാത്തിരിക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago