10 വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകില്ല; ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് കോണ്‍ഗ്രസാണെന്നും കെ. മുരളീധരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുതെന്നും തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബി.ജെ.പി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍.ഡി.എഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുരളി പറഞ്ഞു.
10 വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. അങ്ങനെ തകര്‍ന്നുപോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ട്. നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് കോണ്‍ഗ്രസാണ്. ബി.ജെ.പി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. രണ്ടു കാര്യങ്ങളാണ് നേമത്ത് എന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത്. ഒന്ന്, ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുകയെന്നതായിരുന്നു. രണ്ടാമത്തേത്, സീറ്റ് പിടിച്ചെടുക്കുക എന്നതായിരുന്നു. ആദ്യത്തേത് നേടിയെന്നും മുരളീധരന്‍ പറഞ്ഞു.
ന്യൂനപക്ഷ ഏകീകരണം ഇടത് മുന്നണിക്കനുകൂലമായി. എസ്.ഡി.പി.ഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തി. മുന്നണികള്‍ക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് കൂടിയെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സി.പി.എം അഹങ്കരിക്കേണ്ട കാര്യം ഇല്ല. സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്‍.എസ്.എസിന് അടക്കം അതുണ്ടെന്ന് മറക്കരുത്. വിമര്‍ശിക്കുന്നവരെയെല്ലാം കല്ലെറിയാനാണ് സി.പി.എം ശ്രമിക്കുന്നത്. അത് നല്ലതിനല്ലെന്നും കെ. മുരളീധരന്‍ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."