മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടാൻ ആസൂത്രിത ശ്രമമെന്ന് ഇ.പി. ജയരാജൻ
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി സി.പി.എം നേതാവ് ഇ.പി ജയരാജന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
എം.വി. ഗോവിന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധ ജാഥയിലെ ഇ.പി. ജയരാജന്റെ അഭാവം ഏറെ ചർച്ചയായിരുന്നു. ഇതിനു വിരാമമിട്ട് ജാഥയിൽ അണിനിരന്നാണ് ഇ.പി ജയരാജൻ യു.ഡി.എഫിനെതിരെ രംഗത്ത് വന്നത്. യു.ഡി.എഫ് നാശത്തിന്റെ പടുകുഴി സൃഷ്ടിച്ചെന്ന് ജയരാജൻ കുറ്റപ്പെടുത്തി. കറുത്ത തുണിയില്‍ കല്ലും കെട്ടി ആക്രമണത്തിന് മുതിര്‍ന്നാല്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘മുഖ്യമന്ത്രിയെ കുറിച്ച് എന്തും വിളിച്ച് പറയാമെന്ന് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ കരുതണ്ട. കേരളത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് യു.ഡി.എഫ്. നിപയും പ്രളയവും വന്ന് ഈ നാട് നശിക്കണമെന്നാണ് അവരാഗ്രഹിക്കുന്നത്,’ ഇ.പി. ജയരാജന്‍ പറഞ്ഞു.
നിയമ സഭാ സമ്മേളനത്തിനിടെ സ്വപ്‌ന സുരേഷും പിണറായി വിജയനും ശിവശങ്കറും ചേര്‍ന്ന് ക്ലിഫ് ഹൗസില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന് മാത്യു കുഴല്‍നാടന്‍ ഉയർത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇ.പി ജയരാജൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."