സമ്പൂര്‍ണ ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ആലോചന തുടങ്ങി
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി.
കൊവിഡ് വ്യാപനം തടയാന്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടും ചില ഇടങ്ങളില്‍ ജനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്നും അടുത്ത ആഴ്ചയോടെ രോഗ വ്യാപനം തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുമാണ് സമ്പൂര്‍ണ ലോക്ക്ഡൗണിന് ആലോചന തുടങ്ങിയത്. ഞായറാഴ്ച വരെയുള്ള നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
വാര്‍ഡുതല സമിതികളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലും പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട റിട്ടേണിങ് ഓഫിസര്‍മാരെ കൂടാതെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെയും ഉള്‍പ്പെടുത്തും. പ്രൈവറ്റ് ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കണം. ഓരോ ആശുപത്രികളിലും വേണ്ട ഓക്‌സിജന്‍ എത്രയെന്നു ജില്ലാതല സമിതികള്‍ക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം.
അതുവച്ച് ആവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണം. മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ സി.എഫ്.എല്‍.ടി.സികള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തും.
കെ.എസ്.ഇ ബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും. ബാങ്ക് റിക്കവറികള്‍ നീട്ടിവയ്ക്കാന്‍ ബാങ്കുകളോട് അഭ്യര്‍ഥിക്കും.സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമെ സ്വകാര്യ ഏജന്‍സികള്‍, എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത മലയാളി അസോസിയേഷനുകള്‍ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."