മൂന്നാം തരംഗത്തെ നേരിടാന്‍ തയാറെടുക്കുക; കേന്ദ്രത്തോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡിന്റെ മൂന്നാംതരംഗം ഏതുസമത്തും ഉണ്ടാവുമെന്നും അതിനെ നേരിടാന്‍ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഒരുങ്ങിയിരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. വകഭേദം സംഭവിച്ച വൈറസ് പ്രായപൂ ര്‍ത്തിയെത്താത്ത കുട്ടികളെയും ഉള്‍പ്പെടെ ബാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങാ നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശം നല്‍കി. ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം സംബന്ധിച്ച ഒരുകൂട്ടം ഹരജികളില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ മുന്നറിയിപ്പ്.
കേസ് കഴിഞ്ഞദിവസം പരിഗണിക്കവെ ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സമഗ്രമായ പദ്ധതി ഇന്നലെ രാവിലെ 10.30ന് തന്നെ അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരമുള്ള പദ്ധതി കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് കൊവിഡ് വിഷയത്തില്‍ കേന്ദ്രത്തിന് മുന്‍പാകെ കോടതി ഒരുകൂട്ടം നിര്‍ദേങ്ങള്‍ മുന്നോട്ടുവച്ചത്. വരാനിരിക്കുന്ന പ്രതിന്ധി നേരിടാന്‍ വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയാല്‍ മൂന്നാംതരംഗത്തെ നിര്‍ഭയം നേരിടാന്‍ കഴിയും. വാക്‌സിനേഷന്‍ നടപടികള്‍ ആസൂത്രണം ചെയ്ത് ശാസ്ത്രീയമായ ക്രമീകരണങ്ങള്‍ ഒരുക്കണം.
എം.ബി.ബി.എസ് ബിരുദഫലം വന്ന് പി.ജി പ്രവേശനത്തിനായി കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെയും ഇന്റേണുകളുടെയും സേവനം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
ഇത്തരത്തില്‍ ഒന്നര ലക്ഷത്തോളം ഡോക്ടര്‍മാരും രണ്ടര ലക്ഷത്തോളം നഴ്‌സുമാരും പഠനം പൂര്‍ത്തിയാക്കി വീട്ടിലിരിക്കുന്നുണ്ട്. അവരുടെ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കണം. ഇതുള്‍പ്പെടെയുള്ള തയാറെടുപ്പുകളിലൂടെ മൂന്നാംതരംഗത്തെ നേരിടാന്‍ കഴിയും.
ഡല്‍ഹിക്ക് എല്ലാദിവസവും 700 ടണ്‍ ഓക്‌സിജന്‍ ഉറപ്പായും നല്‍കിയിരിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഓക്‌സിജന്‍ അനുവദിക്കുന്നതിനെക്കുറിച്ചും വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള എല്ലാ നടപടികളും സുതാര്യമായി രാജ്യത്തെയാകെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."