ജിഗ്നേഷ് മേവാനിക്ക് ജാമ്യം; മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വൈരനിര്യാതന രാഷ്ട്രീയത്തിന്റെ ഫലമെന്ന് ജിഗ്നേഷ്
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് മേവാനിയുടെ അഭിഭാഷകന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തു എന്ന കേസില്‍ അസം പൊലിസ് അറസ്റ്റ് ചെയ്ത മേവാനിക്ക് തിങ്കളാഴ്ചയാണ് ജാമ്യം ലഭിച്ചത്. അസമിലെ കൊക്രജാര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
തന്റെ അറസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വൈരനിര്യാതന രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് ജിഗ്നേഷ് പ്രതികരിച്ചു. 'ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും ഗൂഢാലോചനയാണിത്. അവര്‍ എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നതാണ്. അവര്‍ ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടും അവരിത് ചെയ്തു. ഇപ്പോള്‍ എന്നെ ലക്ഷ്യമിടുന്നു,' ജിഗ്നേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച്ചയാണ് അസം പൊലിസ് ഗുജറാത്തിലെ പാലന്‍പൂരിലെത്തി എം.എല്‍.എയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അസമിലെ കൊക്രജാറിലെ ഒരു പ്രാദേശിക ബി.ജെ.പി നേതാവ് നല്കിയ പരാതിയേത്തുടര്‍ന്നായിരുന്നു ഇത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനേത്തുടര്‍ന്ന് ദളിത് നേതാവ് കൊക്രജാറിലെ ജയിലിലായിരുന്നു. മൂന്ന് ദിവസത്തെ പൊലിസ് കസ്റ്റഡി ഞായറാഴ്ച്ച അവസാനിച്ചതോടെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."