പത്രികാ സമര്‍പ്പണത്തിനിടെ സംഘര്‍ഷം കൊവിഡിനിടെ തെരഞ്ഞെടുപ്പുമായി എസ്.എന്‍.ഡി.പി നേതൃത്വം
കൊല്ലം: കൊവിഡിനിടെ തെരഞ്ഞെടുപ്പുമായി എസ്.എന്‍.ഡി.പി യോഗ നേതൃത്വം രംഗത്തെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി. ഈ ആവശ്യം ഉന്നയിച്ച് സംരക്ഷണസമിതി സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചു. ഇന്നലെയായിരുന്നു നാമനിര്‍ദേശ പത്രിക സര്‍പ്പിക്കേണ്ട അവസാന തിയതി.
പത്രികാ സമര്‍പ്പണത്തെ ചൊല്ലി എസ്.എന്‍.ഡി.പി യോഗം സംരക്ഷണസമിതി പ്രവര്‍ത്തകരും ഔദ്യോഗിക പക്ഷവും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പൊലിസ് ഇടപെട്ടാണ് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചത്. പത്രിക സമര്‍പ്പിക്കാന്‍ എത്തിയവരെ ഔദ്യോഗിക പക്ഷത്തുനിന്നുള്ളവര്‍ അക്രമിച്ചെന്നും സംരക്ഷണസമിതി ആരോപിച്ചു.
22ന് ആലപ്പുഴയിലെ ചേര്‍ത്തല എസ്.എന്‍ കോളജിലാണ് തെരഞ്ഞെടുപ്പ്. എസ്.എന്‍.ഡി.പി യോഗത്തില്‍ അംഗങ്ങളായ 32 ലക്ഷത്തില്‍നിന്ന് 200 പേര്‍ക്ക് ഒരു പ്രതിനിധിയെന്ന കണക്കില്‍ 16,000 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടാകേണ്ടത്. എന്നാല്‍ നിലവില്‍ 9,500 പ്രതിനിധികള്‍ ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ് വോട്ടര്‍പ്പട്ടികയില്‍. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിശ്വാസമില്ലാത്ത ശാഖകളില്‍നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കിയതോടെയാണ് പ്രതിനിധികളുടെ എണ്ണം 9500ല്‍ എത്തിയതെന്ന് സംരക്ഷണസമിതി ചൂണ്ടിക്കാട്ടി.
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടും കൊവിഡ് സാഹചര്യവും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണസമിതി സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്. എന്നാല്‍ പൊതുയോഗം ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരില്‍നിന്ന് യോഗം നേതൃത്വം അനുമതി നേടിയെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംരക്ഷണസമിതി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് യോഗം നേതൃത്വം അറിയിച്ചത്. കഴിഞ്ഞവര്‍ഷം കൊവിഡ് കാലത്ത് നടന്ന എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ കൊല്ലം റീജ്യനില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം അധ്യാപകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി സംരക്ഷണസമിതി പറഞ്ഞു.
ഇതിനിടെ, പത്രിക സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടമായി ഓഫിസിലേക്ക് കയറിയതോടെ തിക്കും തിരക്കും അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."