ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കി ഫണ്ട് തിരിമറി ആരോപണവും
തിരുവനന്തപുരം: വോട്ടുമറിക്കല്‍ വിവാദത്തില്‍പെട്ട ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കി ഫണ്ട് തിരിമറി ആരോപണവും. പത്തോളം സീറ്റുകളില്‍ ജയിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര നേതൃത്വത്തില്‍നിന്ന് കൂടുതല്‍ ഫണ്ട് വാങ്ങിയ സംസ്ഥാന നേതൃത്വം അതു കൃത്യമായി ചെലവാക്കിയില്ലെന്നാണ് ആരോപണം.
എന്‍.ഡി.എയിലെ മറ്റു ഘടകകക്ഷികള്‍ മത്സരിച്ച പല മണ്ഡലങ്ങളിലും ഒരു സഹായവും നല്‍കിയില്ലെന്നും ആരോപണമുണ്ട്. ഒരു ഗ്രൂപ്പിന്റെ ഭാഗമായി മാത്രം പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്ന് വിമതപക്ഷം പറയുന്നു. ഇഷ്ടക്കാര്‍ക്ക് ജയസാധ്യതയുള്ള സീറ്റും ഫണ്ടും നല്‍കിയതല്ലാതെ മറ്റിടങ്ങളില്‍ കാര്യമായ പ്രവര്‍ത്തനം നേതൃത്വം നടത്തിയില്ല.
ഏക സിറ്റിങ് മണ്ഡലമായിരുന്ന നേമത്തുപോലും ശ്രദ്ധയുണ്ടായില്ല, സ്വാധീനമുള്ള പല കോര്‍പറേഷന്‍ വാര്‍ഡുകളിലും ശരിയായ പ്രവര്‍ത്തനം നടന്നില്ല, അഭ്യര്‍ത്ഥന പോലും പല വീടുകളിലും എത്തിച്ചില്ല തുടങ്ങിയവയാണ് വോട്ട് ചോര്‍ച്ചയ്ക്കു കാരണമായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു വരെ ചില മുതിര്‍ന്ന നേതാക്കള്‍ നിരന്തരമായി പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയിട്ടും തടയിടാനോ നിയന്ത്രിക്കാനോ നേതൃത്വത്തിനു കഴിഞ്ഞില്ല. ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കൂട്ടിക്കാണിച്ച് എ ഗ്രേഡ് മണ്ഡലങ്ങളെന്ന പേരില്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് കൂടുതല്‍ ഫണ്ട് വാങ്ങി കബളിപ്പിക്കുകയാണ് നേതൃത്വം ചെയ്തതെന്നും വിമതപക്ഷം പറയുന്നു.
അതിനു പുറമെയാണ് കുഴല്‍പ്പണ വിവാദം. ഓരോ മണ്ഡലത്തിലും പ്രചാരണത്തിനു ചെലവാക്കേണ്ട പണത്തിന്റെ നല്ലൊരംശം ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്‍പ്പെടെ വിനിയോഗിച്ചു. പാര്‍ട്ടിയെ ഒന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ സുരേന്ദ്രനു സാധിക്കുന്നില്ല. സുരേന്ദ്രന്‍ രണ്ടിടത്തു മത്സരിച്ചതാണ് പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്കു കാരണമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."