സില്‍വര്‍ലൈൻ: വീണ്ടും ഉടക്കി സി.പി.ഐ വികസനം പറഞ്ഞ് ജനങ്ങളെ തല്ലരുത്
പൊലിസിനെ കൊണ്ടു തല്ലിക്കുന്നത് ഇടതുപക്ഷ ശൈലിയല്ല, ഭീകരതയെന്ന് എക്‌സിക്യൂട്ടീവ്
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
സിൽവർലൈൻ പദ്ധതിക്കെതിരേ വീണ്ടും ഉടക്കിട്ട് സി.പി.ഐ. തുടര്‍ഭരണം ലഭിച്ചതിന്റെ പേരില്‍ ഇനി ജനങ്ങള്‍ വേണ്ടെന്ന നിലപാടു സ്വീകരിക്കുന്നതു വലതുപക്ഷ രീതിയാണെന്നു സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉണ്ടെന്നു പറഞ്ഞു സാധാരണ ജനങ്ങളെ പൊലിസിനെ കൊണ്ടു തല്ലിക്കുന്നത് ഭീകരതയാണ്. ഇത് ഇടതുപക്ഷ ശൈലിയല്ല. സില്‍വര്‍ലൈന്‍ നടപ്പാകണമെങ്കില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തേ മതിയാകൂ. ആരോഗ്യകരമായ ചര്‍ച്ചയും അഭിപ്രായങ്ങളുമാണ് ഉയരേണ്ടതെന്നും ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിലവില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കു വ്യക്തമായ അഭിപ്രായമില്ലെന്ന വിമര്‍ശനവും എക്‌സിക്യൂട്ടീവില്‍ ഉണ്ടായി. പാര്‍ട്ടി സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി നേതാക്കള്‍ ഉത്തരം പറഞ്ഞു മടുത്ത സാഹചര്യമാണെന്നും നേതാക്കള്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ ചര്‍ച്ച നടക്കുന്നതിനാല്‍ സര്‍ക്കാരിന്റെ പല വികസന പദ്ധതികള്‍ക്കും വേഗം പോരാ. ലൈഫ് ഭവന പദ്ധതി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുന്നതിനാകണം പ്രഥമ പരിഗണന. ഇക്കാര്യത്തില്‍ ഇടതുമുന്നണി ഗൗരവമായ ചര്‍ച്ചയ്ക്കു തയാറാകണമെന്നും എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.
ഇന്നു സംസ്ഥാന കൗണ്‍സില്‍ ചേരും. സില്‍വര്‍ലൈനില്‍ ശക്തമായ ചര്‍ച്ചയാകും ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."