'ഇനിയും ക്ഷാമബത്ത വര്‍ധിപ്പിക്കാനാവില്ല, തൃപ്തരല്ലെങ്കില്‍ എന്റെ തലയരിഞ്ഞോളൂ' പ്രതിഷേധത്തില്‍ രോഷാകുലയായി മമത
കൊല്‍ക്കത്ത: ക്ഷാമബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പിന്തുണയോടെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൊഴിലാളികള്‍ക്ക് കൂടുതലായി ഒന്നും നല്‍കാനുള്ള ഫണ്ട് സര്‍ക്കാറിനില്ലെന്ന് മമത പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെതിന് തുല്യമായ ക്ഷാമബത്ത വേണമെന്ന ആവശ്യത്തെ ബി.ജെ.പിയും കോണ്‍ഗ്രസും പിന്തുണക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും പേ സ്‌കെയില്‍ വ്യത്യസ്തമാണ്. ഇന്ന് ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ച് വന്നിരിക്കുകയാണ്. മറ്റേത് സര്‍ക്കാറാണ് ശമ്പളത്തോടൊപ്പം കൂടുതല്‍ അവധി അനുവദിക്കുന്നത്? 1.79 ലക്ഷം കോടി ഡി.എ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്.
അവര്‍ കൂടുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. എനിക്ക് എത്ര കൂടുതല്‍ നല്‍കാനാകും? മമത നിയമസഭയില്‍ പറഞ്ഞു.
കൂടുതല്‍ ക്ഷാമ ബത്ത നല്‍കാന്‍ ഈ സര്‍ക്കാറിന് സാധിക്കില്ല. അതിനാവശ്യമായ ഫണ്ട് ഇല്ല. കൂടുതലായി മൂന്നു ശതമാനം ഡി.എ കൂടി നല്‍കിയിട്ടുണ്ട്. അതില്‍ നിങ്ങള്‍ സന്തുഷ്ടരല്ലെങ്കില്‍ എന്റെ തലയരിഞ്ഞോളു. എത്ര കൂടുതലാണ് നിങ്ങള്‍ക്ക് വേണ്ടത്? മമത ചോദിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഞങ്ങള്‍ 1.79 ലക്ഷം ഡി.എ നല്‍കുന്നുണ്ട്. ശമ്പളത്തോടൊപ്പം 40 ദിവസത്തെ അവധിയും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ കേന്ദ്ര സര്‍ക്കാറുമായി താരതമ്യം ചെയ്യുന്നത്. ഞങ്ങള്‍ സൗജന്യ അരി നല്‍കുന്നു. എന്നാല്‍ പാചക വാതകത്തിന്റെ വില നോക്കൂ. അവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷം വില വര്‍ധിപ്പിച്ചു. ഈ ജനങ്ങളെ സംതൃപ്തരാക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടത്? മമത ചോദിച്ചു.
2023-24 ബജറ്റില്‍ ധനകാര്യ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ അധ്യാപകരും പെന്‍ഷന്‍കാരും ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച് മുതല്‍ മൂന്ന് ശതമാനം അധിക ഡി.എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെതിന് തുല്യമായ ക്ഷാമ ബത്ത അനുവദിക്കണമെന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."