അറുതിയില്ലാത്ത<br>ആൾക്കൂട്ട കൊലപാതകങ്ങൾ
സുപ്രിംകോടതിയുടെ കർശന നിർദേശങ്ങൾ നിലനിൽക്കെ രാജ്യത്ത് ആൾക്കൂട്ടക്കൊലകളുടെയും ആക്രമണങ്ങളുടെയും ഞെട്ടിക്കുന്ന വാർത്തകൾ വീണ്ടും റിപ്പോർട്ട് ചെയ്യുകയാണ്. പശുവിന്റെ പേരിലാണ് കൂടുതൽ ആക്രമണങ്ങളും നടക്കുന്നത്. ഇരകളാകട്ടെ ന്യൂനപക്ഷങ്ങളും ദലിതരുമാണ്. പശുക്കളെ കടത്തി, ബീഫ് കൈവശംവച്ചു, മോഷണം തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് ആൾക്കൂട്ടം നിയമം കൈയിലെടുത്ത് മനുഷ്യരെ പച്ചക്ക് തല്ലിക്കൊല്ലുന്നത്. ഇത്തരം സംഭവങ്ങളിൽ മിക്കതിനും പിന്നിൽ ഈ രാജ്യത്ത് സ്ഥാപനവൽക്കരിക്കപ്പെട്ട മതവെറിയും ജാതിവെറിയുമാണെന്നതിൽ സംശയമില്ല. മാറ്റിനിർത്തപ്പെട്ട ഒരുജനതക്കുമേൽ നിയമം കൈയിലെടുത്താൽ ഒന്നും സംഭവിക്കില്ലെന്ന ചിന്ത ആഴത്തിൽ വേരൂന്നിയത് കൊണ്ടുമാണ് ആക്രമണങ്ങൾ അവസാനിക്കാത്തത്. ആദ്യ സംഭവമുണ്ടായപ്പോൾ തന്നെ ഭരണകൂടം കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ചിരുന്നുവെങ്കിൽ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേതിന് സമാനമായ ആൾക്കൂട്ട കൊലപാതകങ്ങൾ ഏറ്റവുംവലിയ ജനാധിപത്യ രാജ്യത്ത് സംഭവിക്കുമായിരുന്നില്ല.
ബിഹാറിൽ നിന്നാണ് ഏറ്റവും ഒടുവിൽ കൊലപാതകം റിപ്പോർട്ട് ചെയ്തത്. സിവൻ ജില്ലയിലെ ഹസൻപുര സ്വദേശി നസീബ് ഖുറേശി(47) കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ടത്. ബന്ധുവിനൊപ്പം സഞ്ചരിക്കുന്നതിനിടെ ബൈക്ക് തടഞ്ഞുനിർത്തി ബീഫ് കൈവശംവച്ചെന്ന പതിവ് ആരോപണം ഉയർത്തിയായിരുന്നു മർദനം. കോൺഗ്രസും ജെ.ഡി.യുവും ആർ.ജെ.ഡിയും ഭരിക്കുന്ന ബിഹാറിൽ മൂന്നാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്ത അഞ്ചാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്.
2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ് പശുവിന്റെ പേരിൽ ഹിന്ദുത്വ ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്ന പുതിയൊരു സംസ്‌കാരം ഇന്ത്യയിൽ രൂപപ്പെട്ടത്. ഇതിൽ ഏറ്റവുമധികം മാധ്യമശ്രദ്ധ ലഭിച്ചത് 2015ൽ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതകമായിരുന്നു. ബലിപെരുന്നാൾ ദിവസം വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു അഖ്‌ലാകിനെ കൊലപ്പെടുത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മാംസം ഫോറൻസിക് പരിശോധന നടത്തി, ബീഫ് ആണോ എന്ന് അറിയാൻ. പക്ഷേ അത് ആട്ടിറച്ചിയായിരുന്നു. അട്ടിറച്ചി സൂക്ഷിച്ചിട്ട് പോലും വെറുതെ വിട്ടില്ലെന്ന മതേതര ആശങ്കകളെ, ബീഫ് വീട്ടിൽ പാകംചെയ്താലും കൈയിൽ പിടിച്ചുനടന്നാലും ഇവിടെയുള്ള ഹിന്ദുത്വ ആൾക്കൂട്ടത്തിന് കൊലപ്പെടുത്താമോ എന്ന മറുചോദ്യം കൊണ്ട് നേരിടേണ്ടതായിരുന്നു. തുടർന്നും നിരവധി കൊലപാതകങ്ങൾ നടന്നു. ഇപ്പോൾ അത്തരം ആശങ്കകൾക്കോ ചോദ്യങ്ങൾക്കോ സ്ഥാനമില്ലാതായിരിക്കുന്നു. കാരണം ഹിന്ദുത്വ ആൾക്കൂട്ടങ്ങളുടെ ലക്ഷ്യം പശുസംരക്ഷണമല്ലെന്നും മത-ജാതി വെറിയാണെന്നുമുള്ള കാര്യത്തിൽ ആർക്കും സംശയമില്ല.
ഇതൊക്കെ ഉത്തരേന്ത്യയിൽ മാത്രം നടക്കുന്ന സംഭവങ്ങളാണെന്ന് കരുതിയ കാലവും പോയിരിക്കുന്നു. ആൾക്കൂട്ടം മധുവെന്ന ദലിത് യുവാവിനെ അടിച്ചുകൊന്നത് കേരളത്തിലാണ്. ഏറ്റവുമൊടുവിൽ സദാചാരത്തിന്റെ പേരിലാണെങ്കിലും തൃശൂരിലെ സഹർ എന്ന ബസ് ഡ്രൈവർ. സഹറിന്റെ കൊലപാതകത്തിന് പിന്നിലും വർഗീയ ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. സ്ത്രീ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ പ്രത്യേക രാഷ്ട്രീയം പേറുന്നവരാണ് സംഘംചേർന്ന് മർദിച്ചത്.
ആൾക്കൂട്ട മർദനങ്ങൾക്കെതിരേ ഒന്നിലധികം തവണ സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ മൗനമാണ് ഇത്തരം തീവ്രവാദിക്കൂട്ടങ്ങൾക്ക് വളമാകുന്നത്. ജുഡീഷ്യറി കൂടുതൽ ശക്തമായി ഇടപെട്ടാൽ മാത്രമേ ഇത്തരം അരുംകൊലകൾക്ക് അറുതിവരൂ. തുടർച്ചയായ കൊലകളുടെ പശ്ചാത്തലത്തിൽ രാജ്യാന്തരവേദിയിൽനിന്നടക്കം പ്രതിഷേധം ഉണ്ടായതോടെ വിഷയത്തിൽ ഒന്നിലധികം തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിക്കുകയുണ്ടായി. കൊലപാതകങ്ങൾക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയരുകയും 'നോട്ട് ഇൻ മൈ നെയിം' (എന്റെ പേരിലല്ല) എന്ന കാംപയിൻ നടക്കുകയും ചെയ്ത സമയത്താണ് വിഷയത്തിൽ 2016 ഓഗസ്റ്റിൽ മോദി ആദ്യം പ്രതികരിച്ചത്. പശുസംരക്ഷണ സേനക്കാരിൽ ഭൂരിഭാഗവും സാമൂഹിക വിരുദ്ധരാണെന്നായിരുന്നു മോദി പറഞ്ഞത്. ആക്രമണം തുടർന്നതോടെ, പശുവിന്റെ പേരിൽ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് 2017 ജൂണിൽ മോദി പറഞ്ഞു. ഭീകരപ്രവർത്തനം തുടർന്നതോടെ, ഇത്തരം കൊലപാതകങ്ങൾക്കെതിരേ സംസ്ഥാനങ്ങൾ കർശന നടപടിയെടുക്കണമെന്നും പിന്നീട് മോദി പറഞ്ഞു. ഇതിന് ശേഷവും ആക്രമണങ്ങൾക്ക് ഒരറുതിയും വന്നില്ല.
കോടതിയും പലതവണ കടുത്ത നടപടികൾ സ്വീകരിച്ചു. കേന്ദ്രസർക്കാരിനെ ഒന്നിലധികം തവണ ശാസിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ പ്രത്യേക നിയമം നിർമിക്കാൻ പാർലമെന്റിനോട് ആവശ്യപ്പെടുകയും ഇത്തരം സംഭവങ്ങളുടെ ഇരകൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസുകൾ കൈകാര്യംചെയ്യാൻ അതിവേഗ കോടതികൾ രൂപീകരിക്കാനും നിർദേശിച്ചെങ്കിലും ഒന്നും ഫലവത്തായി നടപ്പായില്ല.
പശു നമുക്ക് പാൽ തരുന്ന മൃഗമാണെന്നാണ് കുട്ടിക്കാലത്ത് നാം പഠിച്ചതെങ്കിൽ, ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും മേൽ കടന്നാക്രമണം നടത്താനും വോട്ട് ഉറപ്പിക്കാനുമുള്ള മൃഗമാണ് ഹിന്ദുത്വ ശക്തികൾക്ക് പശു. ഒരു മൃഗത്തെ വിശുദ്ധ മൃഗമായി അവതരിപ്പിക്കുന്നത് സംഘ്പരിവാർ കേന്ദ്രങ്ങൾ മാത്രമല്ല, കോടതിയിൽനിന്ന് പോലും അത്തരം പരാമർശങ്ങളുണ്ടായി. പശുവിന് ദിവ്യശക്തിയുണ്ടെന്ന് നിരീക്ഷിച്ച് ഗോഹത്യ നടത്തുന്നവരും അതിന് കൂട്ടുനിൽക്കുന്നവരും നരകത്തിൽ ചീഞ്ഞ് അഴുകുമെന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷമിം അഹമ്മദ് അടുത്തിടെ പറഞ്ഞത്. പശുവിന്റെ പേരിൽ അഴിഞ്ഞാടുന്ന, തക്കം കിട്ടിയാൽ കൊലപ്പെടുത്തുന്ന അക്രമിക്കൂട്ടങ്ങൾക്ക് ധൈര്യംപകരുന്നതാണ് ജഡ്ജിമാരുടെ ഇത്തരം പരാമർശങ്ങൾ. വൈകാരിക വിഷയങ്ങളിൽ അക്രമികൾക്ക് സഹായകരമാകുന്ന പരാമർശങ്ങൾ ഒഴിവാക്കി നിയമം കൈയിലെടുക്കുന്നവരെ ശക്തമായി ശിക്ഷിക്കാനും മുൻനിർദേശങ്ങൾ പാലിക്കാത്ത കേന്ദ്രസർക്കാരിനെ അനുസരിപ്പിക്കുകയും ചെയ്താൽ മാത്രമെ രാജ്യത്ത് ഇത്തരം അക്രമിക്കൂട്ടത്തെ പിടിച്ചുകെട്ടാൻ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."