നീതി പീഠം ചിലന്തിവലയാകരുത്
ഉൾക്കാഴ്ച
മുഹമ്മദ്
ഒരിക്കൽ കാട്ടിലാകെ പകർച്ചവ്യാധി. മൃഗങ്ങൾക്കെല്ലാം മാരകരോഗം. ഓരോന്നും ചത്തുവീഴുന്നു. സിംഹരാജൻ അടിയന്തരമായി യോഗം വിളിച്ചു. യോഗത്തിൽ സിംഹം പറഞ്ഞു: ‘മഹാമാരി സർവസീമകളും ഭേദിച്ചു പടരുകയാണെന്നറിയാമല്ലോ. ഇതിനകം പലരും നമ്മെ പിരിഞ്ഞു. കാട്ടിൽ ഇങ്ങനെയൊരു ആപത്ത് വന്നിറങ്ങുന്നതിനു പിന്നിൽ ആരുടെയോ പാപകർമമാണെന്നു പഴമക്കാർ പറഞ്ഞതോർമയുണ്ട്. അതിനാൽ എത്രയും വേഗം നമുക്കു കുറ്റവാളിയെ കണ്ടെത്തണം. അതാരാണെന്നറിയാൻ ഓരോരുത്തരും അവരവർ ചെയ്ത കർമങ്ങൾ തുറന്നു പറയുകയുകതന്നെ...’
അരികെയുണ്ടായിരുന്ന കുറുക്കൻ പറഞ്ഞു: ‘പ്രഭോ, ഉദ്ഘാടനം അങ്ങുതന്നെയാകട്ടെ. അതിനുശേഷം ഞങ്ങൾ ഓരോരുത്തരും പറയാം’.
സിംഹം പറഞ്ഞു: ‘ഞാൻ അനേകം മാനുകളെ വേട്ടയാടിയിട്ടുണ്ട്. പശുക്കളെ തൊഴുത്തിൽ കയറി അക്രമിച്ചിട്ടുണ്ട്. ഭക്ഷണത്തോട് കൊതിതോന്നുന്ന സന്ദർഭങ്ങളിലാണ് ഞാനീ കൃത്യങ്ങളെല്ലാം ചെയ്തിട്ടുള്ളത്. ഞാനൊരു കുറ്റവാളിയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?’
കുറുക്കൻ പറഞ്ഞു: ‘ഒരിക്കലുമില്ല. അങ്ങയുടെ ജന്മംതന്നെ വേട്ടയ്ക്കു വേണ്ടിയല്ലേ...’
കടുവ പറഞ്ഞു: ‘കാട്ടിലെ മഹാരാജാവാണ് അങ്ങ്. അങ്ങയെ ഒരു കുറ്റവാളിയായി കാണുന്നതാണു ശരിക്കും കുറ്റം...’ ഓരോരുത്തരും സിംഹത്തെ വെളുപ്പിച്ചെടുക്കാൻ തുടങ്ങി. എല്ലാം കേട്ട് സിംഹം സന്തോഷത്തോടെ തന്റെ സീറ്റിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു.
അടുത്ത ഊഴം പുലിയുടേതായിരുന്നു. താൻ ചെയ്ത നായാട്ടുവിശേഷങ്ങൾ പുലി തുറന്നുപറഞ്ഞു. അവസാനം ഒരു ചോദ്യം: ‘ഇനി പറയൂ, ഞാൻ കുറ്റവാളിയാണോ...?’
സിംഹം ഉൾപ്പെടെ എല്ലാവരും പറഞ്ഞു: ‘ഇത്ര നല്ല നായാട്ടുകാരനെ കുറ്റവാളിയെന്ന് എങ്ങനെ വിശേഷിപ്പിക്കും?’
കടുവയും മുതലയും ചീറ്റയും മറ്റു വന്യമൃഗങ്ങളുമെല്ലാം തങ്ങളുടെ വേട്ടകളെ കുറിച്ച് വാചാലമായി. കുറ്റവാളിയെന്ന മുദ്ര ആർക്കും വന്നുവീണില്ലെന്നാണ് അത്ഭുദം. അങ്ങനെ അവസാനം കഴുതയുടെ ഊഴമെത്തി. കഴുത എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘ഞാൻ എന്തെങ്കിലും മഹാപാപം ചെയ്തതായി ഓർക്കുന്നില്ല. പക്ഷേ, ഒരിക്കൽ ഒരു സംഭവമുണ്ടായിട്ടുണ്ട്. എനിക്കു വിശപ്പു കഠിനമായപ്പോൾ തിന്നാനൊന്നും കിട്ടിയില്ല. ഭക്ഷണമന്വേഷിച്ച് കുറെ നടന്നു. അങ്ങനെയിരിക്കെ ഒരാശ്രമത്തിന്റെ പരിസരത്തെത്തി. അതിനുചുറ്റും പച്ചപ്പുല്ലുകൾ തഴച്ചുവളർന്നിട്ടുണ്ടായിരുന്നു. അതു കഴിക്കണോ വേണ്ടയോ എന്ന് ആദ്യം ശങ്കിച്ചുനിന്നു. വിശപ്പ് മൂർധന്യതയിലെത്തിയതുകൊണ്ട് മറ്റു മാർഗവും കണ്ടില്ല. ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഞാനതു കഴിച്ചു. ഇതൊരു കുറ്റമായി തോന്നുന്നുണ്ടോ നിങ്ങൾക്ക്?’
കുറുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു: ‘ആശ്രമപരിസരത്തെ സസ്യങ്ങൾ കഴിക്കുന്നതു കൊടിയ പാപമാണെന്നു മുമ്പ് വായിച്ചതോർക്കുന്നുണ്ട്. ഈ മഹാമാരിക്കു പിന്നിൽ നീയാണെന്ന് ഇപ്പോൾ മനസിലായി...’
കുറുക്കന്റെ വാദം ശരിവച്ചുകൊണ്ട് സിംഹം രംഗത്തുവന്നു. അതിനു പിന്നാലെ മറ്റു വന്യജീവികളും രംഗത്തെത്തി. കഴുതയുടെ കഷ്ടകാലം. ‘നിഷിദ്ധം’ ചെയ്തതിന്റെ പേരിൽ അതിനു വധശിക്ഷയ്ക്കു വിധേയപ്പെടേണ്ടി വന്നു.
ഉന്നതങ്ങളിലിരിക്കുന്നവർ ചെയ്യുന്ന മഹാപാപങ്ങൾ പെറ്റിക്കേസ് പോലുമല്ലാതാകുമ്പോൾ സാധാരണക്കാർ ചെയ്യുന്ന ചെറുപാപങ്ങൾ രാജ്യദ്രോഹം വരെയാകാവുന്ന സ്ഥിതിവിശേഷം! കൊടുംക്രിമിനലെന്ന് സൂര്യവെളിച്ചംപോലെ തെളിഞ്ഞാലും ഉന്നതനാണെങ്കിൽ നിയമം അയാൾക്കു വഴിമാറിക്കൊടുക്കുന്നു. നിരപരാധിയെന്ന് സംശയങ്ങൾക്കിടയില്ലാത്തവിധം തെളിഞ്ഞാലും വിചാരണത്തടവുകാരനായി ജീവിതാന്ത്യംവരെ കഴിയേണ്ടിവരുന്ന അവസ്ഥ. നിയമസംവിധാനങ്ങൾ ചിലന്തിവലപോലെയായിരിക്കുന്നു ഇന്ന്. ചെറിയ ഇരകളേ അതിൽ കുരുങ്ങുന്നുള്ളൂ. വമ്പൻസ്രാവുകൾ സുഗമമായി വേലി ഭേദിച്ച് രക്ഷപ്പെടുന്നു. നിയമപാലകരുടെ സാധാരണക്കാരോടുള്ള ഭാഷയും ഉന്നതരോടുള്ള ഭാഷയും ശ്രദ്ധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും.
തന്റെ സന്നിധിയിൽ ഹാജരാക്കപ്പെട്ട കടൽക്കൊള്ളക്കാരനോട് ഒരിക്കൽ അലക്സാണ്ടർ ചക്രവർത്തി നിന്റെ കൊള്ളവിശേഷങ്ങൾ പങ്കുവയ്ക്കൂ എന്നു പറഞ്ഞത്രെ. കൊള്ളക്കാരൻ പറഞ്ഞു: ‘പ്രഭോ, ഞാൻ ചെറിയൊരു കപ്പലുമായി കൊള്ള നടത്തുമ്പോൾ ആളുകൾ എന്നെ കൊള്ളക്കാരൻ എന്നു വിളിക്കുന്നു. അങ്ങ് വൻ കപ്പൽസമൂഹവുമായി കൊള്ള നടത്തുമ്പോൾ ആളുകൾ അങ്ങയെ വിളിക്കുന്നത് ജേതാവ് എന്നും...’
കുറ്റവാളിക്കനുസരിച്ച് കുറ്റത്തിനു മാർക്കിടുന്ന അശ്ലീലം രാജ്യത്തിനു ഭീഷണിയാണ്. പ്രതിക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കുന്നിടത്ത് കുറ്റകൃത്യങ്ങൾ കുറയും. പ്രതിരോധമന്ത്രാലയത്തെക്കാൾ ഉത്തരവാദിത്വമുണ്ട് ആഭ്യന്തരമന്ത്രാലയത്തിന്. പുറത്തെ ശത്രുവല്ല, അകത്തെ ശത്രുവാണു കൂടുതൽ ഭീകരൻ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."