ഇറാന്‍ പണിതുടങ്ങി; ഇസ്‌റാഈലിനു മേല്‍ ഇറാനിയന്‍ തീമഴ
തെഹ്‌റാന്‍: ഫലസ്തീന്‍ മണ്ണില്‍ കഴിഞ്ഞ ആറു മാസക്കാലമായി എല്ലാ അതിരുകളും ഭേദിച്ച ക്രൂരതകളുമായി വിളയാടുന്ന ഇസ്‌റാഈലിന് മേല്‍ ഇറാനിയന്‍ തീമഴ. ഇസ്‌റാഈലിനോടുള്ള തിരിച്ചടി ഇറാന്‍ ആരംഭിച്ചു. ഇസ്‌റാഈലിന്റെ പ്രമുഖ നഗരങ്ങളില്‍ നിന്ന് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെല്‍അവീവ് ജറുസലേം തുടങ്ങി പ്രധാന നഗരങ്ങള്‍ക്കു നേരെയെല്ലാം ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. തെല്‍ അവീവ്, ജറുസലേം എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ നഗരങ്ങളില്‍ ശനിയാഴ്ച രാത്രി ഉടനീളം മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.
തങ്ങളുടെ നയതന്ത്ര കേന്ദ്രത്തിനെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയതായി ഇറാന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
കോണ്‍സുലേറ്റിന് നേരെ ഇസ്‌റാഈല്‍ നടത്തിയ മാരകമായ വ്യോമാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ്. ഈ വിഷയം തങ്ങള്‍ അവസാനിപ്പിച്ചതായും ഇറാന്‍ വ്യക്തമാക്കി.ചെകുത്താന്‍ സയണിസ്റ്റ് ഭരണകൂടം ശിക്ഷിക്കപ്പെടും', ഇറാന്‍ പരമോന്നത നേതാവ് പറഞ്ഞു. 'ട്രൂ പ്രോമിസ്' എന്ന് ഇറാന്‍ വിശേഷിപ്പിച്ച ഓപ്പറേഷനില്‍ നൂറുകണക്കിന് ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്‌റാഈലിലേക്ക് വിക്ഷേപിച്ചത്.
ഇസ്‌റാഈലിലെ നഫാത്തിം വ്യോമകേന്ദ്രവും ആക്രമണ ലക്ഷ്യത്തില്‍ ഉള്‍പ്പെട്ടതായി ഇറാന്‍ വര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്‍ അയച്ച ബാലിസ്റ്റിക് മിസൈലുകളില്‍ അധികവും ഇസ്‌റാഈല്‍ വ്യോമ പരിധിക്ക് പുറത്ത് നിര്‍വീര്യമാക്കിയെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്.
An Iranian missile hitting its target after Israeli systems failed to intercept it. pic.twitter.com/IIWOubIOnp
— Quds News Network (@QudsNen) April 13, 2024
ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡന്‍ നിര്‍ദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം വ്യാപിക്കാതിരിക്കാന്‍ മേഖലയിലെ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തും. യു.എസ് ദേശീയ സുരക്ഷാ വിഭാഗം മേഖലയിലെ സഖ്യരാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചതായും പെന്റഗണ്‍ അറിയിച്ചു. കൂടാതെ വിഷയത്തില്‍ യു.എന്‍ രക്ഷാ സമിതി ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.
അതേസമയം, സംയമനം പാലിക്കണമെന്ന് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. യുദ്ധം മേഖലയെ വന്‍നാശത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഇസ്‌റാഈലി പാര്‍ലമെന്റിന് സമീപം മിസൈലുകള്‍ വരുന്നതും അതിനെ സൈന്യം നിര്‍വീര്യമാക്കുന്നതിന്റെയെല്ലാം വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടന്ന കാര്യം ഇസ്‌റാഈല്‍ പ്രതിരോധ സേനയും സ്ഥിരീകരിച്ചു. ഒരു കുട്ടി കൊല്ലപ്പെടുകയും സൈനിക സൈറ്റിന് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായും ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. പ്രദേശമെങ്ങും അപായ സൈറണ്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനും ഇസ്‌റാഈല്‍ സൈന്യം നിര്‍ദ്ദേശിച്ചു.
ഇറാനെതിരെ പ്രത്യാക്രമണത്തിന് മിനി മന്ത്രിസഭാ യോഗം നെതന്യാഹുവിനെ ചുമതലപ്പെടുത്തി. ലെബനാന് നേരെ ശനിയാഴ്ച രാത്രി ഇസ്‌റാഈല്‍ ആക്രമണം നടത്തുകയും ചെയ്തു. കഴിഞ്ഞദിവസം ഇസ്‌റാഈലുമായി ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു.
ഇസ്‌റാഈലിനെതിരായ പ്രത്യാക്രമണത്തിന് നൂറിലധികം ക്രൂയിസ് മിസൈലുകള്‍ ഇറാന്‍ വിന്യസിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.
കിഴക്കന്‍ മെഡിറ്റേറിയന്‍ കടലില്‍ രണ്ട് യു.എസ് നേവി ഡിസ്‌ട്രോയറുകളെയാണ് വിന്യസിച്ചത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങള്‍ ഈ യുദ്ധക്കപ്പലുകളിലുണ്ടെന്നാണ് പറയുന്നത്.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ നയതന്ത്ര കേന്ദ്രത്തില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇസ്‌റാഈലി കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ പരസ്യ പ്രതിജ്ഞയെടുത്തിരുന്നു. ഡമാസ്‌കസിലെ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ രണ്ട് ഉന്നത ജനറല്‍മാരുള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസങ്ങളിലെല്ലാം സിറിയയിലുടനീളമുള്ള ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ ആക്രമണങ്ങള്‍ തീര്‍ച്ചയായും തിരിച്ചടി നല്‍കുമെന്ന് ഇറാനും ലെബനനിലെ പ്രധാന സഖ്യകക്ഷിയായ ഹിസ്ബുള്ളയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരോട് ഇസ്‌റാഈലിലേക്കും ഇറാനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."