HOME
DETAILS
MAL
ഇന്ത്യ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണം: ഹൈദരലി തങ്ങള്‍
backup
May 15 2021 | 03:05 AM
മലപ്പുറം: ഫലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്‌റാഈല്‍ നടത്തുന്ന മൃഗീയ ആക്രമണവും മനുഷ്യക്കുരുതിയും അവസാനിപ്പിക്കണമെന്നും ഈ വിഷയത്തില്‍ ഇന്ത്യ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്നും മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഫലസ്തീനില്‍ നടക്കുന്നത്. മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കുനേരെ നടത്തിയ ക്രൂരമായ ആക്രമണം ലോകമനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ഒരു രാജ്യവും മൗനം തുടരുന്നത് ഭൂഷണമല്ല. ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യങ്ങള്‍ കാര്യമായ രീതിയില്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കണം. ഇസ്‌റാഈലിന്റെ ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും തങ്ങള്‍ പറഞ്ഞു.
ഫലസ്തീനികള്‍ക്കു നേരെയുള്ള സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരേ പെരുന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് രാജ്യവ്യാപകമായി സംഘടിപ്പിച്ച വീടുകളില്‍ നിന്നുള്ള പ്രതിഷേധ പരിപാടിയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്ടെ സ്വവസതിയില്‍ പങ്കാളിയായി.
ഫലസ്തീന്‍ അനുകൂല നിലപാടില്‍ നിന്നും യാതൊരു കാരണവശാലും ഇന്ത്യ പിറകോട്ട് പോവരുതെന്നു ചടങ്ങില്‍ തങ്ങളോടൊപ്പം സന്നിഹിതനായ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്ന നിലപാടിനൊപ്പമാണ് ഭാരതത്തിന്റെ മനസ്. എല്ലാ ലോകമര്യാദകളും ലംഘിച്ചാണ് ഇസ്‌റാഈല്‍ കൂട്ടക്കുരുതി തുടരുന്നതെന്നും ഇതിനെതിരേയുള്ള പ്രതീകാത്മക പ്രതിഷേധമാണ് മുസ്‌ലിം ലീഗ് രാജ്യവ്യാപകമായി സംഘടിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഫലസ്തീനില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. പാണക്കാട് നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി. ഉബൈദുല്ല എം.എല്‍.എ എന്നിവരും പങ്കെടുത്തു. കൊവിഡ് പാശ്ചാത്തലത്തില്‍ വീടുകളില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, എം.പി അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, പി.എം.എ സലാം, ഡോ. എം.കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ അവരവരുടെ വസതികളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി. വീട്ടുമുറ്റത്ത് പ്ലക്കാര്‍ഡുകളേന്തിയാണ് എല്ലാവരും പ്രതിഷേധത്തിന്റെ ഭാഗമായത്. വിവിധ രാജ്യങ്ങളിലുള്ള കെ.എം.സി.സി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ ഉപദേശക സമിതി അംഗങ്ങളുടെ യോഗത്തിലാണ് മുസ്‌ലിം ലീഗ് ചെറിയപെരുന്നാളില്‍ പ്രതിഷേധദിനം അഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."