നേതാക്കൾക്ക് പ്രായപരിധി വെട്ടിനിരത്തൽ നീക്കത്തിനെതിരേ സി.പി.ഐയിൽ പടയൊരുക്കം പാർട്ടികോൺഗ്രസിന് മുമ്പ് നടപ്പിലാക്കുന്നതിൽ മുതിർന്ന നേതാക്കൾക്കും അമർഷം
ജലീൽ അരൂക്കുറ്റി
ആലപ്പുഴ
സി.പി.എമ്മിൻ്റെ ചുവടുപിടിച്ചു നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കാനുള്ള ദേശീയ കൗൺസിൽ നിർദേശത്തിനെതിരേ സി.പി.ഐയിൽ അമർഷം പുകയുന്നു. കെ.ഇ ഇസ്മായിൽ, സി.ദിവാകരൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളും ഏഴ് ജില്ലാ സെക്രട്ടറിമാരും നിരവധി സംസ്ഥാന കൗൺസിൽ അംഗങ്ങളും പ്രായപരിധി വരുന്നതോടെ നേതൃസ്ഥാനത്ത് നിന്ന് നീക്കപ്പെടും.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ നിലപാട് സ്വീകരിച്ചിരിക്കുന്നവരെ വെട്ടിനിരത്താനും അടുത്ത സംസ്ഥാന സമ്മേളനത്തിൽ മേധാവിത്വം നിലനിർത്താനുമുള്ള നീക്കമായിട്ടാണ് സി.പി.ഐയിലെ ഒരു വിഭാഗം ഇതിനെ കാണുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളും പിന്നിട്ടു കഴിഞ്ഞപ്പോൾ പ്രായപരിധി നിർദേശവുമായി വന്നതിനെയാണ് കഴിഞ്ഞ സംസ്ഥാന കൗൺസിലിൽ ഒരു വിഭാഗം നേതാക്കൾ വിമർശിച്ചത്.
സി.പി.ഐയുടെ ഭരണഘടനയിൽ പ്രായപരിധി വരുന്നില്ല. സി.പി.എം കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്തു എടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കിയത്. കഴിഞ്ഞ സി.പി.ഐ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാത്ത ഒരു നയപരമായ തീരുമാനം എന്തിന് ഈ സമ്മേളനകാലത്ത് അടിച്ചേൽപ്പിക്കുന്നുവെന്നാണ് നിർദേശത്തെ വിമർശിക്കുന്നവർ ചോദിക്കുന്നത്. ഭരണഘടനഭേദഗതി ചെയ്യാതെ നടപ്പിലാക്കാനുള്ള നീക്കം വീണ്ടും ചർച്ചയാകുമെന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നുമാണ് മുതിർന്ന സി.പി.ഐ നേതാവ് സുപ്രഭാതത്തോട് പറഞ്ഞത്. സി.പി.എമ്മിലുള്ളത് പോലെ യുവജനപങ്കാളിത്തം സി.പി.ഐയിലും പോഷകഘടകങ്ങളിലും ഇല്ലാതിരിക്കെ പ്രായപരിധി നടപ്പിലാക്കുമ്പോൾ സംഘടനാ പ്രവർത്തനം ഉള്ളതുകൂടി നിർജീവമാകുന്ന സാഹചര്യമായിരിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കെ.ഇ ഇസ്മായിലിൻ്റെ നേതൃത്വത്തിലുള്ള കാനം വിരുദ്ധപക്ഷം സമ്മേളനകാലത്ത് തലപൊക്കുന്നത് തടയാനുള്ള നീക്കമായിട്ടാണ് ഇതിനെ കാണുന്നത്. സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പ്രകാശ്ബാബുവിനെ മുൻനിർത്തിയാണ് ഇസ്മായിൽ പക്ഷത്തിൻ്റെ നീക്കം. ഇടുക്കി, എറണാകുളം, കൊല്ലം , കോഴിക്കോട്, ആലപ്പുഴ , കോട്ടയം എന്നീ ജില്ലാ സെക്രട്ടറിമാരാണ് പ്രായപരിധിയിൽ പുറത്തു പോകേണ്ടി വരുന്നത്. വിഭാഗീയ ശക്തമായിരിക്കുന്ന കൊല്ലം ജില്ലയിൽ മുൻ ജില്ലാ സെക്രട്ടറി ആർ. രാമചന്ദ്രന്റെയും ജില്ലാ അസി.സെക്രട്ടറി ആർ. രാജേന്ദ്രന്റെയും നേതൃത്വത്തിൽ ഗ്രൂപ്പുകൾ സജീവമാണ്.
സംസ്ഥാന കൗൺസിൽ പ്രായപരിധി 75 ഉം ജില്ലാ സെക്രട്ടറിമാരുടെ പ്രായം 65 ഉം മണ്ഡലം സെക്രട്ടറിമാരുടെ പ്രായപരിധി 60 മാണ് നിശ്ചയിച്ചിരിക്കുന്നത്. നേതൃനിരയിൽ 40 ശതമാനം 50 വയസ്സിന് താഴെയായിരിക്കുമെന്നും നിർദേശിക്കുന്നു. ബ്രാഞ്ച് സെക്രട്ടറിമാരുടെ പ്രായപരിധി 45 ആയി നിർദേശിച്ചിട്ടുണ്ടെങ്കിലും ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളിലും ഇത് നടപ്പാക്കേണ്ടതില്ലെന്നാണ്നിർദേശം. വരാൻ പോകുന്ന മണ്ഡലം സമ്മേളനങ്ങൾ മുതൽ നടപ്പിലാക്കാനാണ് സംസ്ഥാന കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."