സംസ്ഥാനത്ത് വിവാഹിതരായ സ്ത്രീകളില്‍ 9.9 ശതമാനവും പങ്കാളികളില്‍ നിന്നും പീഡനത്തിനിരയാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. വിവാഹിതരായ 18 -49 പ്രായത്തിന് ഇടയിലെ സ്ത്രീകളില്‍ 9.9 ശതമാനം പങ്കാളിയില്‍ നിന്നും പീഡനം നേരിടുന്നു. എന്നാല്‍ 2015-16 കാലഘട്ടത്തില്‍ ഇത് 14.3 ശതമാനം ആയിരുന്നുവെന്നും 2019-20 കാലത്തെ കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ ആണ് സര്‍വേ പരിഗണിച്ചിരിക്കുന്നത്.
18 -49 പ്രായത്തിന് ഇടയിലുള്ള സ്ത്രീകളില്‍ 0.5 ശതമാനം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ശാരീരിക അതിക്രമത്തിന് ഇരയാവുന്നു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് 1.2ശതമാനം ആയിരുന്നു. 18-29 വയസ്സ് പ്രായമുള്ള യുവതികളില്‍ 18 വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടവര്‍ കേരളത്തില്‍ 1.6 ശതമാണെന്നും പഠനം പറയുന്നു.
കേരളത്തില്‍ ജോലിയുള്ള പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വലിയ അന്തരമെന്നും പഠനം പറയുന്നു. 22.8 ശതമാനം സ്ത്രീകളാണ് ജോലിയുള്ളവരായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുരുഷന്മാരില് ഈ കണക്ക് 70.5 ശതമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ശിശുമരണ നിരക്ക് കേരളത്തില്‍ കുറവാണെന്നാണ് കണക്കുകള്‍. ആയിരത്തില്‍ 5 ശതമാനമാണ് കേരളത്തില്‍ 2019-20 കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശിശു മരണ നിരക്ക്. നവജാതശിശുക്കളുടെ മരണവും കേരളത്തില്‍ 3.4 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളുടെ മരണ നിരക്ക് ഒരു ശതമാനമാണ്.
ശുചിത്വ സംവിധാനങ്ങള്‍ കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശുചിത്വ സംവിധാനം 100 ശതമാനമാണ് കേരളത്തില്‍. ഇതില്‍ 0.2 ശതമാനം വളരെ മെച്ചപ്പെട്ട നിലയാണ്. 99.8 ശതമാനവും ശുചിമുറി സൗകര്യം ഉപയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ 94.9 ശതമാനം പേര്‍ക്ക് മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ലഭിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."