HOME
DETAILS
MAL
കുഴല്‍പ്പണക്കവര്‍ച്ച: അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്
backup
May 16 2021 | 18:05 PM
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴല്‍പ്പണം കൊടകരയില്‍ കവര്‍ന്ന കേസിലെ അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്. ഇതുവരെ പിടിയിലായ 19 പ്രതികളുടെയും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായതോടെയാണ് പൊലിസിന്റെ പുതിയ നീക്കം.
പ്രതികളില്‍നിന്ന് ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ച് വ്യക്തമായ വിവരം പൊലിസിനു ലഭിച്ചിട്ടുണ്ട്. നേരത്തെ തന്നെ ബി.ജെ.പിയിലേക്ക് സംശയം നീണ്ട കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും ബി.ജെ.പി പ്രവര്‍ത്തകനായ കോഴിക്കോട്ടെ വ്യാപാരി ധര്‍മരാജും കണ്ണികളായുണ്ട്.
പണം കൊടുത്തുവിട്ടത് സുനില്‍ നായിക്കാണെന്ന് പൊലിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ധര്‍മരാജിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് പണം കൊണ്ടുപോയിരുന്നത്.
കൊടകരയില്‍ ഏപ്രില്‍ ആറിന് കാര്‍ തട്ടിക്കൊണ്ടുപേയി അതിലുണ്ടായിരുന്ന 25 ലക്ഷം രൂപ കവര്‍ന്നെന്ന ധര്‍മരാജിന്റെ ഡ്രൈവറുടെ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. എന്നാല്‍ പിടിയിലായ പ്രതികളില്‍നിന്ന് മാത്രം 47.5 ലക്ഷം രൂപ പൊലിസിന് കണ്ടെത്താനായി. പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 20 ലക്ഷത്തിലേറെയും കിട്ടി. ഇതോടെയാണ് കേസിന് കുഴല്‍പ്പണവുമായി ബന്ധമുണ്ടെന്നും നഷ്ടപ്പെട്ടത് മൂന്നരക്കോടി രൂപയാണെന്നും അന്വേഷണസംഘത്തിന് വ്യക്തമായത്.
പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ചില ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളെ കൂടി ഉടന്‍ പ്രതിചേര്‍ക്കും. ഇതിന് മുന്നോടിയായി പുതിയ അന്വേഷണസംഘം നാളെ ഓണ്‍ലൈനായി യോഗം ചേരും. ചില പ്രമുഖരെ പ്രതിചേര്‍ക്കുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുടെ അഭിപ്രായവും തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."