പബ് ലൈസൻസിനായി രാഷ്ട്രീയ സമ്മർദം ഐ.ടി പാർക്കുകളുടെ സി.ഇ.ഒ രാജിവച്ചു
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
പബ് ലൈസൻസിനായി തലസ്ഥാനത്തെ പ്രമുഖ ബാർ ഉടമ സമ്മർദം ചെലുത്തിയതിനെ തുടർന്ന് കേരള ഐ.ടി പാർക്കുകളുടെ സി.ഇ.ഒ ജോൺ എം.തോമസ് പദവി രാജിവച്ചു.
സർക്കാരിന്റെ പുതിയ മദ്യനയപ്രകാരം ടെക്‌നോപാർക്കിലെ ക്ലബ്ഹൗസിന് ബാർ ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ബാർ ഉടമ ജോൺ എം.തോമസിനെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ മാനദണ്ഡങ്ങളെ ചൊല്ലി തർക്കമായി. തുടർന്ന് സി.പി.എമ്മിന്റെ ഉന്നത നേതാക്കളിൽനിന്നും ഒരു എം.എൽ.എയിൽനിന്നും വകുപ്പ് മന്ത്രിയുടെ ഓഫിസിൽനിന്നും സമ്മർദമുണ്ടായി. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ തർക്കമുണ്ടെന്നത് ഐ.ടി സെക്രട്ടറിയും ഐ.ടി പാർക്ക് സി.ഇ.ഒയും ആരോപണ വിധേയനായ ബാറുടമയും നിഷേധിച്ചിട്ടുണ്ട്.
സി.ഇ.ഒ പദവിയിൽനിന്ന് രാജി വയ്ക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം സർക്കാരിന് കത്തയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ.
തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നീ മൂന്ന് ഐ.ടി പാർക്കുകളുടെയും സി.ഇ.ഒയാണ് ജോൺ എം. തോമസ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സി.ഇ.ഒ ആയി അധിക ചുമതലയും വഹിച്ചിരുന്നു.
കൊവിഡിനു ശേഷം ഗ്രാമങ്ങളിൽ ഐ.ടി പാർക്കുകൾ സ്ഥാപിക്കാനും നിലവിലുള്ള ഐ.ടി, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കാനും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്ന നിർണായക ഘട്ടത്തിലാണ് ജോൺ എം. തോമസിന്റെ രാജി.
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ജോൺ അറ്റ്‌ലാന്റയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റംസ്, ഓപറേഷൻസ്, ഫിനാൻസ് എന്നിവയിൽ എം.ബി.എ നേടിയിട്ടുണ്ട്.
യു.എസിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ജോൺ എം. തോമസ് കഴിഞ്ഞ വർഷം മാർച്ചിലാണ് ഐ.ടി പാർക്കുകളുടെ സി.ഇ.ഒയായി നിയമിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."