ഇസ്‌റാഈലിനെ ആയുധമണിയിക്കുന്നത് യു.എസ്
ന്യൂയോര്‍ക്ക്: ഓരോ വര്‍ഷവും പശ്ചിമേഷ്യയിലെ സഖ്യരാജ്യമായ ഇസ്‌റാഈലിന് സ്വയം പ്രതിരോധത്തിനെന്ന പേരില്‍ യു.എസ് നല്‍കിവരുന്നത് 380 കോടി ഡോളര്‍ സഹായം. എന്നാലിത് പ്രധാനമായും അവര്‍ ഉപയോഗിക്കുന്നത് ഫലസ്തീന്‍ പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്താനാണ്. ഇതിനു പുറമെ വായ്പയായി 800 കോടിയും യു.എസ് ഇസ്‌റാഈലിന് നല്‍കുന്നുണ്ട്.
ആദ്യകാലത്ത് സാമ്പത്തിക സഹായമായിരുന്നെങ്കില്‍ ഇപ്പോള്‍ സൈനികസഹായമാണ് അമേരിക്ക നല്‍കുന്നത്. 2007ഓടെ സാമ്പത്തിക സഹായം പൂര്‍ണമായും നിര്‍ത്തി സൈനികസഹായമായി മാറി. 1974 മുതലാണ് സൈനികസഹായം വര്‍ധിപ്പിച്ചത്. ആ വര്‍ഷം യു.എസ് നല്‍കിയത് 2,482 ഡോളറിന്റെ ആയുധങ്ങളാണ്. പിന്നെയിത് കൂടിയും കുറഞ്ഞും തുടര്‍ന്നു. 2011 ഓടെ ഇത് 3,000 ഡോളറിലെത്തി. 2020 വരെ 1,02,435 ഡോളറിന്റെ സൈനിക സഹായം യു.എസ് നല്‍കിയതായി ജ്യൂവിഷ് വിര്‍ച്വല്‍ ലൈബ്രറി വെബ്‌സൈറ്റ് പറയുന്നു. 2019ല്‍ നല്‍കിയത് 3,300 ഡോളറിന്റെ ആയുധങ്ങളാണ്. കഴിഞ്ഞവര്‍ഷവും ഇത്ര തന്നെ നല്‍കി. ഇതത്രയും ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ ചെറുക്കാനുള്ള ഇസ്‌റാഈലിന്റെ അവകാശത്തിനു വേണ്ടി എന്ന പേരിലാണ്.
ആരോ, ഡേവിഡ്‌സ് സ്ലിങ്, അയോണ്‍ ഡോം തുടങ്ങിയ മിസൈല്‍ പ്രതിരോധ പദ്ധതികള്‍ക്ക് നല്‍കിയ കോടികള്‍ ഇതിനു പുറമെയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ യു.എസിന്റെ രണ്ട് ബി-52 ബോംബര്‍ വിമാനങ്ങളാണ് ഇസ്‌റാഈലി വിമാനങ്ങള്‍ക്ക് അകമ്പടി സേവിക്കാനായി വിട്ടുകൊടുത്തത്. ഹമാസിന്റെ റോക്കറ്റുകളെ തകര്‍ക്കാനുള്ള അയോണ്‍ ഡോം പ്രതിരോധ മിസൈലുകള്‍ ഇസ്‌റാഈലും യു.എസും സംയുക്തമായി വികസിപ്പിച്ചതാണ്. അയോണ്‍ ഡോം മിസൈലുകള്‍ ഓരോന്നിനും 20,000 ഡോളര്‍ വില വരും.
കഴിഞ്ഞ മാസം യു.എസ് ജനപ്രതിനിധിസഭാ അംഗം ബെറ്റി മക്കല്ലം കോണ്‍ഗ്രസില്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. യു.എസ് ഓരോ വര്‍ഷവും ഇസ്‌റാഈലിനു നല്‍കിവരുന്ന 380 കോടി ഡോളര്‍ തുക ഫലസ്തീനി കുട്ടികളെ ഉപദ്രവിക്കാനും അവരുടെ വീടും സ്വത്തും നശിപ്പിക്കാനും വെസ്റ്റ്ബാങ്കില്‍ നിന്ന് അവരെ കുടിയൊഴിപ്പിക്കാനും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അതില്‍ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ ഭൂമി ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നതിനെ പിന്തുണയ്ക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഫലസ്തീനിയായ കോണ്‍ഗ്രസ് അംഗം റാഷിദ തുലൈബയും ലിബറല്‍ ജൂത സംഘടനകളും ഉള്‍പ്പെടെ ഉന്നയിച്ചുവരുന്ന ആവശ്യമാണിത്. യു.എസിന്റെ ചില്ലിക്കാശു പോലും ഇസ്‌റാഈലി അധിനിവേശ ഭൂമിയിലുള്ള ഫലസ്തീനികളുടെ മനുഷ്യാവകാശം കവരാന്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന ബില്ലാണ് താന്‍ അവതരിപ്പിച്ചതെന്ന് മക്കല്ലം പറയുന്നു. എന്നാല്‍ ബില്‍ പാസായില്ല.
ബരാക് ഒബാമ യു.എസ് പ്രസിഡന്റായ ശേഷമാണ് ഇസ്‌റാഈലിനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിച്ചത്. ഒരുവര്‍ഷം 70 കോടി ഡോളറായിരുന്നത് 2016ല്‍ അദ്ദേഹം അധികാരമൊഴിയുന്നതിനു തൊട്ടുമുന്‍പ് 380 കോടി ഡോളറായി വര്‍ധിപ്പിച്ചു. ഇക്കാര്യത്തില്‍ ഇസ്‌റാഈലുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു. 1948ല്‍ ജൂതന്മാര്‍ക്ക് സ്വന്തമായി ഇസ്‌റാഈലെന്ന രാജ്യം ഉണ്ടാക്കാന്‍ പിന്തുണച്ചതു മുതല്‍ യു.എസ് ഇസ്‌റാഈലിന്റെ സഹായത്തിനുണ്ട്. പശ്ചിമേഷ്യയിലെ യു.എസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണിത്. 87 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇസ്‌റാഈലിന്റെ പ്രതിവര്‍ഷ ജി.ഡി.പി 40,200 കോടി ഡോളറാണ്. യു.എസ് സഹായമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."