സഊദിയില്‍ റമദാനില്‍ ഉച്ചഭാഷിണിയും ഇഫ്താറും നിരോധിച്ചോ? വാസ്തവം ഇതാണ്
റമദാനില്‍ സഊദിയില്‍ ഉച്ചഭാഷിണി നിരോധിച്ചുവെന്ന വാര്‍ത്ത അടുത്തിടെ വിവിധ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ തുടങ്ങിവച്ച പ്രചാരണം പിന്നീട് ദേശീയ മാധ്യമങ്ങളടക്കം ഏറ്റുപിടിക്കുകയാണുണ്ടായത്. റമദാനില്‍ പള്ളികളില്‍ തയാറെടുപ്പുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സഊദി മതകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ഉദ്ധരിച്ചാണ് വ്യാജ പ്രചാരണം. റമദാനില്‍ ഇഫ്താറും ബാങ്ക് വിളിയും നിരോധിച്ചു എന്നാണ് വാര്‍ത്തകള്‍.
സഊദിയില്‍ റമദാനില്‍ ലൗഡ് സ്പീക്കറുകള്‍ നിരോധിച്ചതായി ബി.ജെ.പി നേതാവ് സുരേന്ദ്ര പൂനിയ ആരോപിച്ച് ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. സഊദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ റമദാനില്‍ നമസ്‌കാരവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകള്‍ പാസാക്കി. ലൗഡ്‌സ്പീക്കറുകള്‍ പാടില്ല. പ്രാര്‍ത്ഥനകളുടെ സംപ്രേഷണം പാടില്ല. പ്രാര്‍ത്ഥനകള്‍ ഹ്രസ്വമായിരിക്കണം. സംഭാവന ശേഖരണം പാടില്ല. പ്രാര്‍ത്ഥനക്കായി പള്ളികളില്‍ കുട്ടികളെ കൊണ്ടുവരരുത്. പള്ളികളില്‍ ഇഫ്താര്‍ പാടില്ല എന്നിവ കുറിച്ചതിനുശേഷം നിങ്ങള്‍ ഇത് ഇന്ത്യയില്‍ ചെയ്താല്‍ ഒരു കൊടുങ്കാറ്റ് തന്നെ ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.
ഇതിനു പിന്നാലെ സംഘ്പരിവാറുകാര്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഏറ്റുപിടിച്ചു. പിന്നീട് വിവിധ ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു. റമദാന്‍ മാസത്തില്‍ ഇമാമുമാരും മുഅദ്ദിന്‍മാരും പള്ളികളില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നാണ് സഊദി അധികൃതര്‍ നല്‍കിയ പ്രധാന നിര്‍ദേശം. ആവശ്യമെങ്കില്‍ അവര്‍ മന്ത്രാലയത്തിന്റെ റീജിയണല്‍ ബ്രാഞ്ചില്‍ നിന്നുള്ള അനുമതിയോടെ പകരം ചുമതലക്കാരെ നിയോഗിക്കണം. ഇമാമുമാരും മുഅദ്ദിനുകളും കൂടുതല്‍ ദിവസം വിട്ടുനില്‍ക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നു. എല്ലാ പ്രാര്‍ത്ഥനകളുടെയും സമയം കൃത്യമായി പാലിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. രാത്രി നമസ്‌കാരം ചുരുക്കണമെന്നും പള്ളികളിലെത്തുന്ന വിശ്വാസികളുടെ സൗകര്യം കണക്കിലെടുക്കണമെന്നും ഇമാമുമാരോട് ആവശ്യപ്പെട്ടിരുന്നു.
His Excellency the Minister of Islamic Affairs #Dr_Abdullatif_Al_Alsheikh issued a circular to all branches of the Ministry of the need to prepare mosques to serve the worshipers, as part of the Ministry's preparations to receive the Holy Month of #Ramadan 1444AH. pic.twitter.com/uTSJ0Jc5JE
— Ministry of Islamic Affairs ?? (@Saudi_MoiaEN) March 3, 2023
ഇഫ്താറുകള്‍ സംഘടിപ്പിക്കാന്‍ പള്ളികള്‍ സംഭാവനകള്‍ ശേഖരിക്കാന്‍ പാടില്ല. നോമ്പ് തുറകള്‍ പള്ളിക്കകത്ത് പാടില്ലെന്നും മസ്ജിദ് അങ്കണങ്ങളില്‍ പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കണമെന്നുമാണ് ഇഫ്താറുമായി ബന്ധപ്പെട്ട നിര്‍ദേശം. മസ്ജിദുകളില്‍ വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റേയും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റേയും ഫോട്ടോകള്‍ എടുക്കുന്നതും ഏതുതരം മാധ്യമങ്ങളിലൂടെയും അവ സംപ്രേഷണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പള്ളികളിലേക്ക് വരുമ്പോള്‍ കുട്ടികളെ കൊണ്ടുവരുന്നതും മന്ത്രാലയം വിലക്കി. പള്ളികളില്‍ ബാങ്കും ഇഖാമത്തും വിളിക്കാന്‍ മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവൂയെന്നത് 2021ല്‍ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്ലത്തീഫ് ആലുശൈഖ് നല്‍കിയ നിര്‍ദേശമാണ്.
പള്ളികളില്‍നിന്ന് പുറമേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം പരിമിതപ്പെടുത്താനായിരുന്നു ഇത്. ലൗഡ് സ്പീക്കര്‍ ഉപകരണത്തിന്റെ ലൗഡ്‌നസ് ലെവല്‍ മൂന്നിലൊന്ന് കവിയാന്‍ പാടില്ലെന്നും നിബന്ധന വെച്ചിരുന്നു. സഊദിയില്‍ ഉച്ചഭാഷിണി ഉപയോഗത്തില്‍ നിയന്ത്രണമുണ്ടെങ്കിലും അതൊന്നും കണക്കിലെടുത്താണ് പാടേ നിരോധിച്ചുവെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."