രാജസ്ഥാൻ റോയൽസിന് തോൽവി
മുംബൈ
പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങി യ രാജസ്ഥാന് തോൽവി. എട്ടു വിക്കറ്റിന് ഡൽഹിയാണ് രാജസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 18.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജോസ് ബട്‌ലറും (7) ക്യാപ്റ്റൻ സഞ്ജു സാംസണും (6) നിരാശപ്പെടുത്തിയപ്പോൾ ആർ. അശ്വിനും (50), ദേവ്ദത്ത് പടിക്കലുമാണ് (48) രാജസ്ഥാനെ തകർച്ചയിൽ നിന്നും കരകയറ്റിയത്. ചേതൻ സക്കരിയ, ആൻറിച്ച് നോർക്യ, മിച്ചൽ മാർഷ് എന്നിവർ ഡെൽഹിക്കായി രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം റോയലായില്ല. റൺവേട്ടക്കാരനായ ജോസ് ബട്‌ലറെ മൂന്നാം ഓവറിൽ ചേതൻ സക്കരിയ പുറത്താക്കി. രാജസ്ഥാൻ സ്‌കോർ 11 ൽ നിൽക്കേയായിരുന്നു ബട്‌ലറുടെ വിക്കറ്റ് വീണത്. ഓപ്പണർ യശ്വസി ജയ്‌സ്വാൾ (19) ഒൻപതാം ഓവറിൽ മിച്ചൽ മാർഷിന് മുന്നിൽ വീണു. സ്‌കോർ: 54/2. രവിചന്ദ്ര അശ്വിനെ മൂന്നാമനായി ഇറക്കിയ സഞ്ജുവിന്റെ തന്ത്രം വിജയിച്ചതോടെ റോയൽസിന്റെ പ്രതീക്ഷയേറി.
അശ്വിനും ദേവ്ദത്ത് പടിക്കലും തന്ത്രപരമായി ബാറ്റുവീശയതോടെ 14ാം ഓവറിൽ 100 കടന്നു രാജസ്ഥാൻ. ഇതേ ഓവറിൽ തന്നെ 50 റൺസ് കൂട്ടുകെട്ട് ഇരുവരും പൂർത്തിയാക്കി. 37 പന്തിൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ അശ്വിനെ മാർഷ് പുറത്താക്കി. നായകൻ സഞ്ജുവിന്റെ പോരാട്ടം നാല് പന്തിൽ ആറ് റൺസ് എന്ന നിലയിൽ നോർക്യ അവസാനിപ്പിച്ചു. അവസാന ഓവറുകളിൽ തകർത്തടിക്കാനുള്ള ശ്രമത്തിനിടെ റിയാൻ പരാഗ് (9) സക്കരിയയുടെ പന്തിൽ വീണു. 19 ാം ഓവറിലെ നോർക്യയുടെ ആദ്യപന്തിൽ ദേവ്ദത്ത് പടിക്കലിനെ (48) പറക്കും ക്യാച്ചിലൂടെ കമലേഷ് നാഗർകോട്ടി പുറത്താക്കി. 20 ഓവർ പൂർത്തിയാകുമ്പോൾ റാസി വാൻഡർ (12*), ട്രെൻറ് ബോൾട്ട് (3*) എന്നിവർ പുറത്താകാതെ നിന്നു. 161 വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡെൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ശ്രീകർ ഭരത്തിനെ (0) ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിൽ പുറത്താക്കി ട്രെന്റ് ബോൾട്ട് ക്യാപിറ്റൽസിനെ ഞെട്ടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."