മോദിയുടെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു; അയോഗ്യതയ്ക്കും ഭീഷണിക്കും എന്നെ നിശബ്ദനാക്കാനാകില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോരാട്ടം തുടരുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനി-മോദി ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എം.പി സ്ഥാനാത്തുനിന്ന് അയോഗ്യനാക്കിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഭയം കണ്ടതായും രാഹുല്‍ പറഞ്ഞു.
അദാനയെക്കുറിച്ച് ഒരു ചോദ്യം മാത്രമാണ് ഞാന്‍ ചോദിച്ചത്. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20000 കോടി രൂപ ആരുടേതാണ്.? തെളിവുസഹിതമാണ് ഈ ചോദ്യം ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്‍പര്യമില്ല. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ഇത് എന്റെ ജോലിയാണ്, തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും താന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
അദാനിയെക്കുറിച്ച് ഞാന്‍ അടുത്തതായി എന്താണ് പറയാന്‍ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഈ പ്രതികരണം കൊണ്ട് ഏറ്റവും ഗുണം ലഭിക്കാന്‍ പോകുന്നത് പ്രതിപക്ഷത്തിനാണെന്നും രാഹുല്‍ പറഞ്ഞു.
യു.കെയില്‍ രാജ്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. തനിക്കെതിരായ ആരോപണത്തില്‍ മറുപടി പറയാന്‍ അവസരം തേടി രണ്ടുതവണ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഈ ആരോപണങ്ങളോട് പ്രതികരിക്കുക എന്നത് എന്റെ അവകാശമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞെങ്കിലും എന്നെ അതിനനുവദിച്ചില്ല. ഇന്ത്യയില്‍ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകള്‍ ദൈനംദിനം നമുക്ക് ലഭിക്കുന്നുമുണ്ട്- രാഹുല്‍ ചൂണ്ടിക്കാട്ടി
ഇവര്‍ എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും ഞാന്‍ എന്റെ ജോലി ചെയ്യും. ഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആവട്ടെ, അതൊരു വിഷയമല്ല. ഞാനീ രാജ്യത്തിനായി പോരാട്ടം തുടര്‍ന്നും നടത്തും.- രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."