ഇമാം അബൂ ഹനീഫ(റ): സൂക്ഷ്മതയുടെ ജീവിതപാഠം
വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനി
ഒരു ആട് കളവ് പോയതായി കൂഫയിലാകെ വാര്‍ത്ത പരക്കുന്നു. കുറെ അന്വേഷിച്ചിട്ടും മോഷണം പോയ ആടിനെ കണ്ടെത്താനായതുമില്ല. ഈ വിവരം ആ നാട്ടിലെ സാത്വികനായൊരു പണ്ഡിതന്റെ കാതിലുമെത്തി. താന്‍ കഴിക്കുന്ന ആട്ടിറച്ചി, കാണാതായ ആ ആടിന്റേതാകുമോ എന്ന ഭയത്താല്‍ അദ്ദേഹം ഒന്നുറച്ചു: പ്രസ്തുത ആടിന്റെ ആയുഷ്‌കാലം കഴിയുന്നത് വരെ താനിനി ആട്ടിറച്ചി കഴിക്കില്ലെന്ന്. ഒരാടിന്റെ ശരാശരി ജീവിതകാലം കണക്കാക്കി, ഏഴ് വര്‍ഷക്കാലം അദ്ദേഹം ആട്ടിറച്ചി കഴിച്ചതുമില്ല. ആ സാത്വികന്റെ പേരാണ് ഇമാം അബൂ ഹനീഫ(റ).
ജീവിതത്തിലുടനീളം സൂക്ഷ്മതയും വിനയവും താഴ്മയും കാണിച്ച്, നിരന്തര ജ്ഞാനസപര്യയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ പണ്ഡിതനാണ് ഇമാം അബൂ ഹനീഫ(റ). പ്രമുഖ താബിഉം ഹനഫീ കര്‍മശാസ്ത്രധാരയുടെ ഇമാമുമായ അദ്ദേഹം ഹിജ്‌റ 80ല്‍ കൂഫയിലാണ് ജനിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ വലിയ വിനയവും സൗമ്യതയും സമ്മേളിച്ച വ്യക്തിത്വമായിരുന്നു. ബാല്യകാലത്ത് പിതാവ് മരണപ്പെട്ടപ്പോള്‍ സ്വന്തം കച്ചവടം ചെയ്താണ് ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ അദ്ദേഹം നേരിട്ടത്.
ഇസ്‌ലാമിലെ വിവിധ വിജ്ഞാനശാഖകളില്‍ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു അദ്ദേഹം. അപാരമായ ബുദ്ധിവൈഭവമുള്ളവരായിരുന്നു. ലോകത്തുള്ള മുഴുവന്‍ ജനങ്ങളുടെ ബുദ്ധിയും അബൂ ഹനീഫ(റ)യുടെ ബുദ്ധിയും തുലനം ചെയ്യുകയാണെങ്കില്‍ ഏറ്റവും മികച്ചത് അബൂ ഹനീഫ(റ)യുടെതായിരിക്കുമെന്ന് അലി ബ്‌നു ആസ്വിം(റ) പറഞ്ഞിട്ടുണ്ട്. നാലായിരത്തില്‍ പരം ഗുരുവര്യന്മാരില്‍ നിന്നും അറിവ് നുകര്‍ന്ന അദ്ദേഹം, പതിനായിരക്കണക്കിന് ശിഷ്യന്‍മാര്‍ക്ക് അറിവ് പകര്‍ന്നു നല്‍കി.
ഒരു ദിവസം തന്റെ ശിഷ്യന്മാരുമായി ഒരുമിച്ചിരിക്കുമ്പോള്‍, ഒരു സ്ത്രീ ഇമാമിന്റെ അടുത്ത് വന്നു. അവരുടെ പക്കല്‍ പകുതി ചുവപ്പും പകുതി മഞ്ഞയുമായ ഒരു ആപ്പിള്‍ ഉണ്ടായിരുന്നു. അത് ഇമാം അബൂ ഹനീഫ(റ)യുടെ മുന്നില്‍ വച്ച് ഒന്നും പറയാതെ അവര്‍ മാറി നിന്നു. ഇമാം അതെടുത്ത് നടു പിളര്‍ത്തി അതവിടെ തന്നെ വെച്ചു. അത് കണ്ട സ്ത്രീ സ്ഥലം വിടുകയും ചെയ്തു. അവിടെ കൂടിയിരുന്ന ശിഷ്യന്മാര്‍ക്ക് കാര്യം പിടി കിട്ടിയില്ല. അവര്‍ ഇമാമിനോട് വിഷയമന്വേഷിച്ചു. ഇമാം പറഞ്ഞു: ‘ആ സ്ത്രീയുടെ ആര്‍ത്തവ രക്തം, ചിലപ്പോള്‍ ആപ്പിളിന്റെ പകുതി പോലെ ചുവപ്പായിരിക്കും. മറ്റു ചിലപ്പോള്‍ ആപ്പിളിന്റെ പകുതി പോലെ മഞ്ഞയുമായിരിക്കും.
അപ്പോള്‍ ആര്‍ത്തവ ശുദ്ധി എങ്ങനെയായിരിക്കുമെന്നറിയാന്‍ വന്നതാണ് ആ സ്ത്രീ. ഞാന്‍ ആപ്പിള്‍ മുറിച്ച് അതിന്റെ ഉള്‍ഭാഗം കാണിച്ചപ്പോള്‍, ആപ്പിളിന്റെ ഉള്ള് പോലെ വെളുത്ത നിറമാകുമ്പോള്‍ ശുദ്ധിയാകുമെന്നവര്‍ മനസ്സിലാക്കി തിരിച്ചുപോയി.’
പകല്‍ മുഴുവന്‍ വിജ്ഞാന സമ്പാദനവും രാത്രി ഏറിയ പങ്കും ആരാധനയും. അതായിരുന്നു അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം. ഇശാഅ് നിസ്‌കാരത്തിന്റെ വുളൂഅ്(അംഗസ്‌നാനം) കൊണ്ട് 40 വര്‍ഷക്കാലം സ്വുബ്ഹ് നിസ്‌കാരം നിര്‍വഹിച്ചിരുന്നതായും താന്‍ വഫാത്തായ സ്ഥലത്ത് വച്ച് ഏഴായിരം തവണ അദ്ദേഹം ഖുര്‍ആന്‍ ഖതം ഓതിത്തീര്‍ത്തതായും ചരിത്രരേഖയുണ്ട്. റമദാനില്‍ അറുപത് ഖതം ഖുര്‍ആനോതി തീര്‍ക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഒരിക്കല്‍, ഒരാള്‍ നബി(സ്വ)യുടെ ഖബര്‍ തുരക്കുന്നതായി ഇമാം സ്വപ്നം കണ്ടു. അക്കാലത്തെ പ്രമുഖ സ്വപ്നവ്യാഖ്യാതാവായിരുന്ന ഇബ്‌നു സീരീനി(റ)ന്റെ അടുത്തേക്ക് അദ്ദേഹം ആളെ അയച്ചു. ഈ സ്വപ്നം കണ്ടയാള്‍ നബി(സ്വ)യുടെ ഹദീസുകള്‍ ചികഞ്ഞെടുക്കുമെന്ന് ഇബ്‌നു സീരീന്‍(റ) അതിനു വ്യഖ്യാനം നല്‍കി. പ്രവാചകന്‍(സ്വ)യുടെ മൊഴിമുത്തുകള്‍ വ്യഖ്യാനിച്ച്, അവയിലടങ്ങിയ കര്‍മശാസ്ത്ര വിധികളെ നിര്‍ധാരണം ചെയ്തു, നല്ലൊരു കിടയറ്റ കര്‍മശാസ്ത്ര ധാര തന്നെ അദ്ദേഹം നെയ്‌തെടുത്തു. അതാണ് ഹനഫീ മദ്ഹബ്.
വലിയ താഴ്മയും സൂക്ഷ്മതയും പുലര്‍ത്തുന്നവരായിരുന്നു അദ്ദേഹം. ‘രാത്രി മുഴുവന്‍ നിസ്‌കരിക്കുന്ന മഹാഭക്തനാണ് ഇദ്ദേഹ’മെന്ന് ഒരിക്കല്‍ ഒരാള്‍ ഇമാം അബൂ ഹനീഫ(റ)യെ ചൂണ്ടി പറയുന്നത് ഇമാമിന്റെ ശ്രദ്ധയില്‍ പെട്ടു. അതുവരെ രാത്രി പകുതി സമയം നിസ്‌കരിക്കലായിരുന്നു ഇമാമിന്റെ പതിവ്. അയാളുടെ ആ സംസാരം കേട്ട പാടെ ഇമാം പറഞ്ഞു: ‘അല്ലാഹുവെ, ഞാന്‍ ചെയ്യാത്ത ഗുണം ഒരാള്‍ എന്നെപറ്റി പറയുന്നതില്‍ നിന്നെ ഞാന്‍ ഭയപ്പെടുന്നു’ പിന്നീട്, ആ വാക്ക് അന്വര്‍ഥമാക്കാന്‍ വേണ്ടി അന്നുമുതല്‍ മരണം വരെ ഇമാം രാത്രി മുഴുവന്‍ പതിവായി നിസ്‌കരിച്ചുപോന്നു.
തന്റെ സമകാലികരും ശേഷം വന്ന മുഴുവന്‍ പണ്ഡിതരും ഇമാം അബൂ ഹനീഫ(റ)യെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇമാം ശാഫിഈ(റ) പറയുന്നത് കാണുക: ‘ഞാന്‍ അബൂ ഹനീഫ(റ)യെ കൊണ്ട് പുണ്യം തേടുകയും എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഖബറിനിരികില്‍ വരികയും ചെയ്യും. എനിക്ക് വല്ല ആവശ്യവും വന്നാല്‍, രണ്ട് റക്അത്ത് നിസ്‌കരിച്ച് ഇമാമിന്റെ ഖബറിനിരികല്‍ ചെന്ന് ദുആ ചെയ്യും.’
ഭൗതികമായ എല്ലാ സൗകര്യങ്ങളോടും സ്ഥാനമാനങ്ങളോടും എന്നും ഇമാമവര്‍കള്‍ക്ക് വിസമ്മതമായിരുന്നു. ബഗ്ദാദിലെ ഖാദി സ്ഥാനമേറ്റെടുക്കാന്‍ ഇമാം അബൂ ഹനീഫ(റ)യോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ‘ഞാനതിനു യോഗ്യനല്ല’ എന്നാണ്. അതിന്റെ വിശദീകരണം ചോദിച്ചപ്പോള്‍ ഇമാമവര്‍കളുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ഞാന്‍ പറഞ്ഞത് സത്യമാണെങ്കില്‍ ഖാദി സ്ഥാനത്തിന് ഞാനര്‍ഹനല്ല. ഞാന്‍ പറഞ്ഞത് കളവാണെങ്കില്‍ കളവ് പറയുന്നവന്‍ ഖാദി സ്ഥാനത്തിന് അനുയോജ്യനുമല്ല.’ കൂഫയിലെ ഖാദി സ്ഥാനം ഏറ്റെടുക്കാത്തതിന്റെ പേരില്‍ ചാട്ടവാര്‍ പ്രഹരങ്ങളും കൊടിയ പീഢനങ്ങളുമേല്‍ക്കേണ്ടി വന്നു അദ്ദേഹത്തിന്. ജയിലടക്കുക വരെ ചെയ്തു. എന്നിട്ടും തന്റെ നിലപാടില്‍ നിന്നും അദ്ദേഹം ഒരിഞ്ച് പിന്മാറിയില്ല. വലിയ കുഞ്ചിക സ്ഥാനങ്ങള്‍ക്ക് വേണ്ടി എന്ത് തോന്നിവാസവും ചെയ്യാന്‍ മടിക്കാത്ത ആധുനിക കാലത്ത് ഇമാം അബൂ ഹനീഫ(റ)യുടെ ജീവിതം എല്ലാവര്‍ക്കും പാഠമാണ്.
ഹിജ്‌റ 150-ല്‍ ബഗ്ദാദില്‍ വെച്ച് ഇമാം ഇഹലോകവാസം വെടിഞ്ഞു. ഖൈറുസാന്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."