നിങ്ങള്‍ക്കൊക്കെ ഫിഡല്‍ കാസ്‌ട്രോ മതി
ഞങ്ങള്‍ക്കു വോട്ട് ചെയ്യുക എന്നത് നിങ്ങളുടെ പണിയാണ്. അവിടെ അവസാനിക്കുന്നു ശരിക്കുള്ള ജനാധിപത്യം. അതുകഴിഞ്ഞ് ആരൊക്കെ മന്ത്രിമാരാകണമെന്ന് ജയിച്ച പാര്‍ട്ടികള്‍ തീരുമാനിക്കും. അതാണിവിടെ നാട്ടുനടപ്പ്. പിന്നെ ചിലരൊക്കെ മന്ത്രിമാരാകേണ്ടിയിരുന്നു, അങ്ങനെ ആഗ്രഹിച്ചു എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അങ്ങനെ ആഗ്രഹിക്കാന്‍ നിങ്ങളോടാരെങ്കിലും പറഞ്ഞോ? അല്ലെങ്കില്‍ ആരെയൊക്കെ മന്ത്രിമാരാക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നോ? തെരഞ്ഞടുപ്പ് കാലത്ത് ആരെയെങ്കിലുമൊക്കെ മന്ത്രിയാക്കുമെന്ന് പോരാളി ഷാജിമാര്‍ പറഞ്ഞിട്ടുണ്ടാകും. അതൊക്കെ വിശ്വസിച്ച് ഇപ്പോള്‍ കിടന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല.
ആരെയെങ്കിലും മന്ത്രിയാക്കാതിരിക്കുന്നത് അയാളുടെ മുന്‍ ഭരണം മോശമായതുകൊണ്ടൊന്നുമല്ല. 2016ല്‍ വി.എസിനെ മുഖ്യമന്ത്രിയാക്കാതിരുന്നത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭരണം മോശമായതുകൊണ്ടല്ലല്ലോ. ആരൊക്കെയോ അന്ന് മുറവിളി കൂട്ടിയിട്ടും ഞങ്ങളതു കാര്യമാക്കിയില്ല. പിന്നെ വല്ലാതെ മുറവിളിയുയര്‍ന്നാല്‍ മറ്റെന്തെങ്കിലും പദവി നല്‍കുന്നത് ആലോചിക്കും. അങ്ങനെ നല്‍കാറുള്ള ഒന്നാണ് 'ഫിഡല്‍ കാസ്‌ട്രോ' പദവി. നിലവില്‍ വി.എസാണ് ഫിഡല്‍ കാസ്‌ട്രോ. 2016ല്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനൊപ്പം സീതാറാം യെച്ചൂരി തന്നെയാണ് വി.എസിന് ആ പദവി പ്രഖ്യാപിച്ചത്. ഈ തെരഞ്ഞെടുപ്പിനു ശേഷം വി.എസിന് ആ പദവിയില്‍ തുടര്‍ച്ച നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇനി വല്ലാത്ത നിര്‍ബന്ധമാണെങ്കില്‍ ടീച്ചറെ ഫിഡല്‍ കാസ്‌ട്രോയാക്കുന്ന കാര്യം ആലോചിക്കാം. നിങ്ങള്‍ക്കൊക്കെ അതുമതിയല്ലോ.
മന്ത്രിമാരെല്ലാം പുതിയവരാകണമെന്ന് തീരുമാനിച്ചിട്ടും എന്തുകൊണ്ട് ക്യാപ്റ്റനെ മാറ്റി പുതിയയാളെ കൊണ്ടുവന്നില്ല എന്നൊക്കെ ചിലര്‍ ചോദിക്കുന്നുണ്ട്. അത് ഞങ്ങളുടെ രീതി അറിയാത്തതുകൊണ്ടാണ്. ക്യാപ്റ്റന് വിപ്ലവപ്രസ്ഥാനത്തില്‍ വലിയ സ്ഥാനമാണുള്ളത്. ലോകത്തെങ്ങും അങ്ങനെയാണ്. ആരൊക്കെ എപ്പോള്‍ ക്യാപ്റ്റനാകണമെന്നും എപ്പോള്‍ ഫിഡല്‍ കാസ്‌ട്രോ ആകണമെന്നുമൊക്കെ തീരുമാനിക്കുന്നത് പ്രസ്ഥാനമാണ്.
പിന്നെ ക്യാപ്റ്റനെ എല്ലാവരും അംഗീകരിക്കണം, അനുസരിക്കണം. ക്യാപ്റ്റന്മാരെ ആരെങ്കിലും മറികടക്കുന്നത് ഒരിക്കലും ഒരു വിപ്ലവപ്രസ്ഥാനവും വകവച്ചുതരില്ല. ക്യാപ്റ്റനു മുകളില്‍ മറ്റൊരു അധികാരകേന്ദ്രം വളരുന്നത് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ഹാനികരമാണ്. അതുകൊണ്ടുതന്നെ അതു തൊഴിലാളിവര്‍ഗത്തിനും ഹാനികരമാണ്.
'സ്വര്‍ണം കായ്ക്കും മരമായാലും വീടിനുനേരെ ചരിഞ്ഞുനിന്നാല്‍ വെട്ടിമാറ്റും' എന്ന ഞങ്ങളുടെ മുദ്രാവാക്യം നിങ്ങള്‍ കേട്ടിരിക്കുമല്ലോ. അതറിയാതെയാണ് നിങ്ങളെല്ലാം ക്യാപ്റ്റനു പകരം മറ്റൊരാളെ പാടിപ്പുകഴ്ത്തി അതിനപ്പുറം വളര്‍ത്താന്‍ ശ്രമിച്ചത്. ക്യാപ്റ്റനേക്കാള്‍ വലിയ ഭൂരിപക്ഷം ആ വ്യക്തിക്കു കൊടുക്കുകയും ചെയ്തു. ഇതൊന്നും വിപ്ലവപ്രസ്ഥാനത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ തലപൊക്കുന്നവരെ ഞങ്ങള്‍ വച്ചുപൊറുപ്പിക്കാറില്ല. പണ്ട് സോവിയറ്റ് യൂണിയനിലെ ക്യാപ്റ്റനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ട്രോട്‌സ്‌കിയെ ആ നാട്ടിലെ കൊള്ളാവുന്നൊരു കൊടി- കിര്‍മാണി സംഘത്തെ വിട്ട് വെട്ടിക്കൊന്നുകളഞ്ഞത്. ഉത്തരകൊറിയയിലെ ക്യാപ്റ്റനെ വിമര്‍ശിച്ച അദ്ദേഹത്തിന്റെ അമ്മാവന്‍ കൂടിയായ മുതിര്‍ന്ന നേതാവിനെ നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുത്തു കൊന്നത് അടുത്തകാലത്താണ്. അത്രയൊന്നും ഇവിടെ നടക്കുന്നില്ലല്ലോ. മുതിര്‍ന്ന നേതാക്കളെ ഇവിടെ അങ്ങനെയൊന്നും ചെയ്യുന്നില്ല. അതൊന്നുമറിയാതെയാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കുറിച്ച് ഒരു ചുക്കുമറിയില്ല.
തുടര്‍തോല്‍വിയുടെ
ബോധോദയങ്ങള്‍
ചില തിരിച്ചടികള്‍ മനുഷ്യരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് സ്വാഭാവികമാണ്. തലയില്‍ ആപ്പിള്‍ വീണ് വേദനിച്ചതാണ് ഗുരുത്വാകര്‍ഷണത്തെക്കുറിച്ചു ചിന്തിക്കാന്‍ ഐസക് ന്യൂട്ടനെ പ്രേരിപ്പിച്ചത്. ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിള്‍ അത്ര വലിയ ആഘാതമൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതുണ്ടാക്കിയ ഫലം ഏറെ വലുതാണ്.
അതിനേക്കാളൊക്കെ ഏറെ വലിയ ആഘാതമാണ് യു.ഡി.എഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് ഇത്തവണ സംഭവിച്ച തുടര്‍തോല്‍വി. ശരിക്കും കണ്ണില്‍നിന്ന് പൊന്നീച്ച പാറിയ ആ ആഘാതം ഏതു കോണ്‍ഗ്രസുകാരനെയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതു തന്നെയാണ്. അതുകൊണ്ടാവണം കോണ്‍ഗ്രസിലിപ്പോള്‍ ചിന്തകര്‍ പെരുകുകയാണ്.
പാര്‍ട്ടി ഭാവിയില്‍ പച്ചപിടിക്കണമെങ്കില്‍ സി.പി.എമ്മിനെക്കണ്ടു പഠിക്കണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ചില ചിന്തകര്‍ പറയുന്നത്. ചിന്താവിഷ്ടനായ രാജ്‌മോഹന്‍ ഉണ്ണിത്താനടക്കം പലരും അതു പറഞ്ഞുകഴിഞ്ഞു. ഏതെങ്കിലും തരത്തില്‍ സി.പി.എമ്മിനെ മാതൃകയാക്കണമെന്നു പറയാനുള്ള ചമ്മല്‍ കൊണ്ടാണ് ബോധോദയമുണ്ടായവരില്‍ തന്നെ ചിലര്‍ അതിനു മടിക്കുന്നത്.
കുറച്ചുകാലമായി കോണ്‍ഗ്രസുകാര്‍ പറയുന്നതിലധികവും നാട്ടുകാര്‍ വിശ്വസിക്കാറില്ലെങ്കിലും ഇതൊരു സത്യമാണ്. അധികാരരാഷ്ട്രീയം തന്ത്രങ്ങളുടെയും കരുനീക്കങ്ങളുടെയുമൊക്കെ കലയാണ്. പാര്‍ട്ടികളുടെ അടിസ്ഥാന ആശയാദര്‍ശങ്ങളുമായൊന്നും വിദൂരബന്ധം പോലും അതിനില്ല. ഗ്രൗണ്ടറിഞ്ഞ് തന്ത്രങ്ങള്‍ ഇറക്കിക്കളിക്കാനറിയാവുന്നവര്‍ ജയിക്കും. ഇപ്പോള്‍ കേരളത്തില്‍ അതു നന്നായി അറിയാവുന്നത് എല്‍.ഡി.എഫിന്, പ്രത്യേകിച്ച് സി.പി.എമ്മിനു തന്നയാണ്. ഏതു കാര്യവും അതിന്റെ വിദഗ്ധരില്‍ നിന്നാണല്ലോ പഠിക്കേണ്ടത്.
എന്നാല്‍ സി.പി.എമ്മുകാരുടെയടുത്ത് ട്യൂഷനു പോകുന്നതിനു മുമ്പ് അവരത് എവിടുന്നാണ് പഠിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും. ഒരുകാലത്ത് ഈ കളിയില്‍ തികച്ചും അവിദഗ്ധരായിരുന്നു സി.പി.എമ്മുകാര്‍. 1967ല്‍ വന്ന ഇ.എം.എസ് സര്‍ക്കാര്‍ 1969ല്‍ തകര്‍ന്നതിനു ശേഷം നീണ്ട 11 വര്‍ഷക്കാലം അധികാരത്തിനു പുറത്തിരുന്ന് ഗതികേടിന്റെ കാഠിന്യത്തില്‍നിന്ന് ചില പാഠങ്ങള്‍ പഠിച്ചാണ് അവര്‍ 1980ല്‍ വീണ്ടും അധികാരത്തിലെത്തിയത്. ആ കളി അവര്‍ പഠിച്ചത് ഒരു കോണ്‍ഗ്രസുകാരന്റെ അതിവിദഗ്ധമായ കളി കണ്ടാണ്. കെ. കരുണാകരന്‍ എന്നായിരുന്നു ആ കോണ്‍ഗ്രസുകാരന്റെ പേര്.
1967ല്‍ നിയമസഭയില്‍ ഒന്‍പതു സീറ്റുകളിലൊതുങ്ങിപ്പോയ കോണ്‍ഗ്രസിനെ അധികാരത്തിന്റെ പ്രതാപകാലത്തേക്ക് കരുണാകരന്‍ കൊണ്ടുപോയത് മികച്ച തന്ത്രങ്ങളിലൂടെയാണ്. ലക്ഷ്യമായിരുന്നു അദ്ദേഹത്തിനു പ്രധാനം. മാര്‍ഗത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ശത്രുപക്ഷത്തെ ഓരോ വിള്ളലുകളും ഉപയോഗപ്പെടുത്തിയും പ്രത്യയശാസ്ത്രപരമായി തന്നെ കോണ്‍ഗ്രസിന്റെ പാരമ്പര്യ ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍.എസ്.പിയുമടക്കമുള്ളവരെയുമൊക്കെ കൂടെ നിര്‍ത്തിയും സകലവിധ സമുദായവിഭാഗങ്ങളുടെയും തോഴനാണെന്നു വരുത്തിത്തീര്‍ത്തും അതോടൊപ്പം വലിയ തമ്മിലടികള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ സംഘടനാപരമായ അടിത്തറ തകരാതെ സൂക്ഷിച്ചുമൊക്കെയാണ് അദ്ദേഹമതു സാധിച്ചെടുത്തത്.
പ്രത്യയശാസ്ത്രമൊക്കെ അട്ടത്തുവച്ച് ഇതേ തന്ത്രം പകര്‍ത്തിയാണ് 1980 മുതല്‍ സി.പി.എം അധികാരരാഷ്ട്രീയം കളിക്കുന്നത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ നടന്ന വിമോചനസമരം നയിച്ചതിന്റെ പേരില്‍ കടുത്ത ശത്രുക്കളെന്ന് അവര്‍ പറഞ്ഞിരുന്ന കോണ്‍ഗ്രസിന്റെ ഒരു കഷണവും കേരള കോണ്‍ഗ്രസുമൊക്കെ അന്നുമുതല്‍ അവര്‍ക്കു തോഴരായിത്തുടങ്ങി. തുടര്‍ന്ന് ആരുമായും കൂട്ടുകെട്ടുണ്ടാക്കാമെന്ന അവസ്ഥയിലെത്തുകയും പിന്തിരിപ്പന്‍ ശക്തികളെന്ന അവര്‍ തന്നെ പറഞ്ഞവരെ പലരെയും ക്രമേണ സ്വന്തം പാളയത്തിലെത്തിച്ച് മുന്നണി വലുതാക്കുകയും അതിനിടയിലും തങ്ങള്‍ പുരോഗമനവാദികളും വിപ്ലവകാരികളുമാണെന്ന് ആസൂത്രിതമായി നിരന്തരം പ്രചരിപ്പിക്കുകയുമൊക്കെ ചെയ്താണ് അവര്‍ ഇവിടെവരെ എത്തിയത്.
അധികാരരാഷ്ട്രീയക്കളിയില്‍ മികച്ചൊരു മാതൃക തന്നെയായ സി.പി.എമ്മില്‍നിന്ന് പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസിലെ നവചിന്തകര്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. പിന്നെ സ്വന്തം കുലഗുരുവില്‍നിന്ന് വിദ്യ പഠിച്ച ശത്രുക്കളില്‍നിന്ന് പുതുപാഠങ്ങള്‍ പഠിക്കേണ്ടിവരുന്ന ഗതികേട് കുറെ കോണ്‍ഗ്രസുകാരെ സങ്കടപ്പെടുത്തിയേക്കും. സാരമില്ല. ഗതികെട്ടാല്‍ പുല്ലുതിന്നുന്നത് പുലിയുടെ മാത്രം കുത്തകയൊന്നുമല്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."