പേശിവേദന സ്ഥിരമായോ?.. ഇതാണോ ശരീരം തരുന്ന സൂചനകള്‍, എങ്കില്‍ നിസാരമാക്കേണ്ട
തിരക്ക് പിടിച്ച ജീവിതത്തില്‍ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. ഉപയോഗിക്കുന്ന ഗാഡ്ജറ്റുകള്‍ക്കോ മറ്റോ തകരാര്‍ സംഭവിച്ചാല്‍ ഓടിനടന്ന് ശരിയാക്കുന്നവരാണ് ഒട്ടുമിക്ക പേരും. എന്നാല്‍ ഇതിന്റെ പകുതി ആവേശം പോലും ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കാണിക്കാറില്ല. പല അസുഖങ്ങളും പ്രതിരോധ ശേഷിക്കുറവിനേയും നിസാരമായി കാണും. എന്നാല്‍ ഇത്തരം പോഷകാഹാരക്കുറവിന്റേയോ മറ്റോ പാര്‍ശ്വഫലങ്ങള്‍ ഒന്നറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
വിശപ്പടക്കാന്‍ വേണ്ടി മാത്രം ആഹാരം കഴിച്ചാല്‍ പോര. അവ ശരീരത്തിന് ഗുണം ചെയ്യുന്നവ കൂടിയായിരിക്കണം. പാലും മുട്ടയുമെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതില്‍ കാര്യമുണ്ട്. കാരണം ഇവയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ശരീരത്തില്‍ മതിയായ രീതിയില്‍ കാല്‍സ്യം കണ്ടന്റുകള്‍ അത്യാവശ്യമായി വരുന്നുണ്ട്. ശരീരത്തില്‍ കാല്‍സ്യം കുറഞ്ഞാല്‍ പല രോഗങ്ങളും മെല്ലെ തലപൊക്കും.
നമ്മുടെ ശരീരത്തില്‍ ദിവസവും 1000 മില്ലീഗ്രാം വരെ കാല്‍സ്യം ആവശ്യമാണ്. 8-20 വയസു വരെയാണ് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഇത് പ്രധാനമായും അത്യാവശ്യമായത്. സ്ത്രീകള്‍ക്ക് മാസമുറ സമയത്തും മെനോപോസ് സമയത്തുമെല്ലാം ഇതേറെ അത്യാവശ്യമാണ്. കാല്‍സ്യം 99%വും എല്ലിനും, പല്ലിനും വേണ്ടിയാണ് ഉപയോഗിയ്ക്കുന്നത്. ബാക്കി 1 ശതമാനം മാത്രമാണ് ബാക്കിയുളള്ള പ്രവര്‍ത്തനത്തിന് ഉപയോഗിയ്ക്കുന്നത്. മസിലുകളുടെ പ്രവര്‍ത്തനത്തിന്, ഹൃദയത്തിന്റെ മസിലുകള്‍ക്ക്, വൃക്കയ്ക്ക്, തലച്ചോറിന്, മുടിയുടെ വളര്‍ച്ചയ്ക്ക് എന്നിങ്ങനെ പല കാര്യങ്ങള്‍ക്കായി കാല്‍സ്യം ആവശ്യമായി വരുന്നു. പലപ്പോഴും കാല്‍സ്യത്തിന്റെ കുറവ് ആദ്യം വരുന്നത് ഒരു ശതമാനം മാത്രം ഉപയോഗിയ്ക്കപ്പെടുന്ന മറ്റ് അവയവങ്ങളിലാണ്. ഇത് വല്ലാതെ അധികമാകുമ്പോഴാണ് എല്ലിന്റെയും, പല്ലിന്റെയും പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
കുട്ടികള്‍ക്ക്
കുട്ടികള്‍ക്ക് കാല്‍മുട്ടിന്റെ അല്‍പം മുകളിലേയ്ക്കായി വേദന, കൈക്കുഴകള്‍ക്ക് വേദന, തണുപ്പാകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന കാല്‍ വേദന ഇതെല്ലാം തന്നെ കാല്‍സ്യം കുറവു കാരണമാകാം.
മുതിര്‍ന്നവര്‍ക്ക്
സ്‌റ്റെപ്പു കയറുമ്പോഴുണ്ടാകുന്ന എല്ലിന്റെ അവസ്ഥ, നഖവും പല്ലുമെല്ലാം അനാരോഗ്യകരമാകുക, നഖം വിണ്ടു കീറുക, പൊട്ടിപ്പോകുക, നഖത്തിലെ വിളറിയ നിറം എല്ലാം തന്നെ കാല്‍സ്യം കുറവു കാരണമാകാം. മാത്രമല്ല, എല്ലിന് ഇടയ്ക്കിടെ വരുന്ന പ്രശ്‌നം, വിട്ടു മാറാത്ത തലവേദന, കണ്ണകള്‍ക്കിടയ്ക്കു വരുന്ന മങ്ങല്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്.
കാല്‍സ്യം കുറവാണെങ്കില്‍ ശരീരം നല്‍കുന്ന സൂചനകള്‍
- ഇടയ്ക്കിടെ പല്ലിന് കേടുവരുന്നത് അമിതമായി മധുരം കഴിച്ചിട്ടാണെന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്. എന്നാല്‍ ഇത് ശരീരത്തില്‍ ആവശ്യത്തിന് കാല്‍സ്യം ഇല്ലാത്തതുകൊണ്ടും ആകാം.
- പേശിവേദന അടക്കമുള്ള ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അത് കാല്‍സ്യത്തിന്റെ സാന്നിധ്യം ശരീരത്തില്‍ കുറവാണെന്നതിന്റെ സൂചനയാണ്.
- നിങ്ങള്‍ നഖങ്ങള്‍ക്ക് കരുത്ത് കുറവാണോ? ഇവ പെട്ടെന്ന് ഒടിഞ്ഞ് പോകുന്നത് കാല്‍സ്യക്കുറവ് മൂലമാകാം. കാരണം നഖങ്ങളുടെ ഘടനയ്ക്ക് കാല്‍സ്യം വളരെ പ്രധാനമാണ്.
- കാല്‍സ്യം കുറയുന്നത് ഓസ്റ്റിയോപൊറോസിസ്, റിക്കറ്റ്‌സ്, ഓസ്റ്റിയോപീനിയ തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകും. പ്രായം കൂടുന്തോറും ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും.
- രാത്രിയില്‍ അസ്വസ്ഥത തോന്നുന്നതും ഉറക്കം കിട്ടാത്തതുമെല്ലാം കാല്‍സ്യത്തിന്റെ കുറവുകൊണ്ടാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."