ചരിത്രം മാറുന്നു, ഇത്തവണ ഹജ്ജ് വിമാന സർവിസിന് എയർ ഇന്ത്യയില്ല
എം.എ സുധീർ
നെടുമ്പാശ്ശേരി
ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവിസിന് ഇത്തവണ എയർ ഇന്ത്യയില്ല. ചരിത്രത്തിലാദ്യമായാണ് എയർ ഇന്ത്യയുടെ വിമാനമില്ലാതെ തീർഥാടകർ യാത്രയാകുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും കേന്ദ്ര സർക്കാരിന്റെയും നേതൃത്വത്തിൽ ഹജ്ജ് തീർഥാടകർക്കായി ഇന്ത്യയിൽനിന്ന് ചാർട്ടേർഡ് വിമാനങ്ങൾ സർവിസ് ആരംഭിച്ച കാലം മുതൽ ഈ മേഖലയിൽ എയർ ഇന്ത്യ സജീവസാന്നിധ്യമായിരുന്നു.
1954ലാണ് ഹജ്ജ് തീർഥാടകരുമായി എയർ ഇന്ത്യയുടെ ആദ്യ ചാർട്ടേർഡ് വിമാനം മുംബൈയിൽനിന്ന് ജിദ്ദയിലേക്ക് പറക്കുന്നത്. തുടക്കത്തിൽ 106 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോയിങ് 707 വിമാനമാണ് ഹജ്ജ് സർവിസിനായി ഉയോഗിച്ചിരുന്നത്. എന്നാൽ, തീർഥാടകരുടെ എണ്ണം വർധിച്ചതോടെ 1979 മുതൽ ബോയിങ് 707 വിമാനങ്ങൾക്കൊപ്പം 366 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോയിങ് 747 വിമാനങ്ങൾ കൂടി എയർ ഇന്ത്യ രംഗത്തിറക്കി. പിന്നീട് 450 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജംബോ ജെറ്റ് വിമാനങ്ങൾ വരെ ഹജ്ജ് സർവിസിനായി എയർ ഇന്ത്യ ഉയോഗിച്ചു.
സാധാരണയായി ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ചാർട്ടേർഡ് സർവിസുകളിൽ 80 ശതമാനവും എയർ ഇന്ത്യയും സഊദി എയർലൈൻസും പങ്കു വയ്ക്കുകയാണ് ചെയ്തിരുന്നത്. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി എന്ന നിലയിലാണ് എയർ ഇന്ത്യക്ക് ഈ സൗകര്യം ലഭ്യമായിരുന്നത്. എയർ ഇന്ത്യ വിമാനക്കമ്പനി വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ വർഷംതോറും ലഭിക്കുന്ന ഹജ്ജ് സർവിസ് കമ്പനിക്ക് വലിയ ആശ്വാസമായിരുന്നു. മാത്രമല്ല, ഹജ്ജ് സബ്സിഡി എന്ന പേരിൽ കേന്ദ്ര സർക്കാർ ചെലവഴിച്ചിരുന്ന കോടികളുടെ ഫണ്ടും ഈ സർവിസിന്റെ പേരിൽ പിന്നീട് എയർ ഇന്ത്യയുടെ നഷ്ടം നികത്താനാണ് വിനിയോഗിച്ചു വന്നിരുന്നത്.
എന്നാൽ, അടുത്തിടെ കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിറ്റതോടെ ഹജ്ജ് സർവിസിൽനിന്ന് എയർ ഇന്ത്യ അപ്രത്യക്ഷമായിരിക്കുയാണ്. ഇതേതുടർന്ന് ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സർവിസിന്റെ 70 ശതമാനവും സഊദി എയർലൈൻസിനാണ് ലഭിച്ചിരിക്കുന്നത്. ബാക്കി 30 ശതമാനം സ്പൈസ് ജെറ്റും ഫ്ലൈനാസ് എയർലൈൻസും പങ്കുവയ്ക്കും. ഹജ്ജ് സർവിസിനായുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ടെൻഡറിൽ ഇത്തവണ മറ്റു സ്വകാര്യ വിമാനക്കമ്പനികൾക്കൊപ്പം എയർ ഇന്ത്യ സ്വന്തം നിലയിൽ പങ്കെടുത്തിരുന്നെങ്കിലും അവസാനം പുറന്തള്ളപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."