നെഹ്‌റു വേഴ്‌സസ് മോദി
അമ്പത്തിയേഴ് കൊല്ലങ്ങള്‍ക്കു മുന്‍പ് 1964 മെയ് 27 ന് ആണ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചത്. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റിട്ട് ഏഴു വര്‍ഷം തികഞ്ഞു. അതായത് നെഹ്‌റുവിന്റെ മരണത്തിനും മോദിയുടെ സ്ഥാനാരോഹണത്തിനുമിടയ്ക്ക് അമ്പത് വര്‍ഷത്തെ വഴിദൂരമുണ്ട്. തുടര്‍ന്ന് ഏഴു വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ ഭരണം. ഈ കാലയളവിനുള്ളില്‍ നരേന്ദ്ര മോദി യഥാര്‍ഥത്തില്‍ ചെയ്തത് ഓരോ നിമിഷവും ജവഹര്‍ലാല്‍ നെഹ്‌റുവിനോട് കലഹിക്കുകയായിരുന്നു. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളില്‍നിന്ന് മാത്രമല്ല ഇന്ത്യന്‍ ജനമനസില്‍ നിന്നും നെഹ്‌റുവിനെ അടര്‍ത്തിയെടുത്ത് മായ്ച്ചുകളയാനുള്ള ശ്രമമായിരുന്നു ഏഴു വര്‍ഷക്കാലത്തെ ബി.ജെ.പി ഭരണം. കുടുംബവാഴ്ചയെന്നോ ഡല്‍ഹി സല്‍ത്തനത്തെന്നോ പറയാതെയുള്ള കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ നരേന്ദ്ര മോദി ചെയ്യാറേയില്ല. അദ്ദേഹത്തിന്റെ മന്‍കീ ബാത്തില്‍ മുഴുവനും നിറഞ്ഞുനില്‍ക്കുന്നത് നെഹ്‌റു എന്ന എതിരാളിയെ തകര്‍ക്കാന്‍ വേണ്ടിയുള്ള വികാരാവേശമാണ്. കാരണം വ്യക്തം, നെഹ്‌റു ഏതെല്ലാം മൂല്യങ്ങള്‍ക്കു വേണ്ടിയാണോ നിലക്കൊണ്ടത് ആ മൂല്യങ്ങളെ മുഴുവനും നിരാകരിക്കുകയാണ് മോദിയുടെ രാഷ്ട്രീയം ചെയ്യുന്നത്. മതേതരത്വമാകട്ടെ, സോഷ്യലിസമാകട്ടെ, നാനാത്വത്തില്‍ ഏകത്വമാകട്ടെ, സാംസ്‌കാരികമായ ഏകത്വമാകട്ടെ ഏതിലായാലും ശരി നെഹ്‌റുവും മോദിയും വിരുദ്ധ ധ്രുവങ്ങളിലാണ്. അതിനാല്‍ നെഹ്‌റുവിനെപ്പറ്റി പറയുമ്പോള്‍ മോദി എന്ന ഈ എതിര്‍ ധ്രുവത്തെപ്പറ്റി പറയാതെ വയ്യ.
വാസ്തവത്തില്‍ പ്രധാനമന്ത്രിയായിരുന്ന കാലം മുതല്‍ക്കുതന്നെ അതായത് അമ്പത്തിയേഴ് കൊല്ലങ്ങള്‍ക്കു മുന്‍പുതന്നെ മോദിയുമായി യുദ്ധം ചെയ്യുന്നുണ്ടായിരുന്നു നെഹ്‌റു. എന്നുവച്ചാല്‍ മോദി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുമായി. മഹാത്മാഗാന്ധിയുടെ പൈതൃകത്തിന്റെ നേര്‍ അവകാശിയെന്ന വാദത്തോടെ രാജ്യഭാരമേറ്റെടുത്ത നെഹ്‌റു സെക്കുലറിസത്തില്‍ അചഞ്ചലമായി വിശ്വസിച്ചിരുന്നു. മതേതരത്വമായിരുന്നു നെഹ്‌റുവിനെ പ്രചോദിപ്പിച്ചിരുന്ന ആശയം. എന്നാല്‍ ഈ ആശയത്തിനു വിരുദ്ധമായ ഒരു ധാരക്ക് നെഹ്‌റുവിന്റെ കാലത്ത് തന്നെ കോണ്‍ഗ്രസില്‍ പ്രാമുഖ്യമുണ്ടായിരുന്നു. ആ ധാരയുടെ വക്താവായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍. ഹിന്ദു തീവ്രവാദത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് പട്ടേല്‍ കൈക്കൊണ്ടത്. അതായത് മോദി നിലനിര്‍ത്തുന്ന ആശയങ്ങളുടെ പ്രതിനിധാനമായിരുന്നു പട്ടേല്‍. പട്ടേലിനോട് വിയോജിപ്പ് പുലര്‍ത്തിക്കൊണ്ട് ഭരണയന്ത്രം തിരിക്കുമ്പോഴെല്ലാം നെഹ്‌റു പോരാടിയത് അദ്ദേഹം വച്ചുപുലര്‍ത്തിയ ആശയങ്ങളോടാണ്. അതുകൊണ്ടാണ് പറഞ്ഞത് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തുതന്നെ നെഹ്‌റു മോദിയുമായി പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു എന്ന്. വെറുതെയല്ല നരേന്ദ്ര മോദി സര്‍ക്കാര്‍ മൂവായിരം കോടി രൂപ ചെലവഴിച്ച് ഗുജറാത്തില്‍ അദ്ദേഹത്തിന്റെ ഭീമാകാര രൂപത്തിലുള്ള ഒരു പ്രതിമ പണിതുയര്‍ത്തിയത്. ഈ പ്രതിമാ നിര്‍മാണത്തിലൂടെ ബി.ജെ.പിയും മോദിയും ചെയ്തത് പട്ടേലിന്റെ വിപരീത ധ്രുവത്തില്‍ വര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടു നടന്ന മതേതര മൂല്യങ്ങളെ തള്ളിക്കളയുകയാണ്. കേവലം കാഴ്ചക്കപ്പുറത്താണ് കാര്യങ്ങള്‍. നെഹ്‌റുവുമായി ബന്ധപ്പെട്ടതായാലും മോദിയുമായി ബന്ധപ്പെട്ടതായാലും.
മതേതരത്വത്തിന്റെ കാര്യത്തില്‍ നെഹ്‌റുവും പട്ടേലും തമ്മിലുള്ള ആശയ വൈജാത്യങ്ങള്‍ വളരെ മുന്‍പേ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം നല്‍കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിലും അതിനാല്‍ സര്‍ക്കാരിലും അര്‍പ്പിതമാണെന്ന് വിശ്വസിച്ച ആളായിരുന്നു നെഹ്‌റു. അതിനു കാരണവുമുണ്ട്. മുസ്‌ലിംകളും ഹിന്ദുക്കളും രണ്ടു രാഷ്ട്രങ്ങളാണെന്ന ജിന്നാ സാഹിബിന്റെ കാഴ്ചപ്പാടിനെ നിരാകരിച്ച് ഗാന്ധിയോടും നെഹ്‌റുവിനോടുമൊപ്പം നിന്ന ധാരാളം മുസ്‌ലിംകളുണ്ട്. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ജീവിക്കാന്‍ തീരുമാനിച്ച മുസ്‌ലിംകളുടെ രക്ഷാകര്‍തൃത്വം കോണ്‍ഗ്രസിനാണെന്ന നെഹ്‌റുവിന്റെ നിലപാട് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മുസ്‌ലിംകള്‍ക്ക് തന്നെയാണെന്ന് പട്ടേല്‍ കരുതി. എന്നുമാത്രമല്ല തങ്ങള്‍ കൂറുള്ളവരാണെന്ന് തെളിയിക്കേണ്ട ബാധ്യത അവര്‍ക്കു തന്നെയാണെന്നും. പതിറ്റാണ്ടുകള്‍ക്കുശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ പറയുന്നതും ഇത് തന്നെ. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വബോധം ഇല്ലാതാക്കുന്ന പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമ്പോള്‍ പട്ടേല്‍ പുലര്‍ത്തിയ കാഴ്ചപ്പാടിനു ചോടെ ഹിംസാത്മകമായി അടിവരയിടുകയാണ് മോദി ചെയ്യുന്നത്. നെഹ്‌റുവിന് പട്ടേലിലൂടെയും കോണ്‍ഗ്രസിലേയും ഹിന്ദുത്വവാദികളിലൂടെയും ഉയര്‍ന്നുവന്ന പ്രഛന്നമായ സങ്കുചിത ദേശീയവാദത്തെ അന്നേ അഭിമുഖീകരിക്കേണ്ടി വന്നു. രാജ്യത്തിന്റെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് കുറേക്കൂടി യാഥാസ്ഥിതികനായിരുന്നു. അമ്പതുകളുടെ തുടക്കത്തില്‍ രാജ്യം റിപ്പബ്ലിക്കായിത്തീരുകയും ഭരണഘടന പ്രകാരം ഒരു ജനാധിപത്യ മതേതര റിപ്പബ്ലിക്കാവാനുള്ള യാത്ര തുടങ്ങിക്കഴിയുകയും ചെയ്ത സമയത്ത് നെഹ്‌റുവിന്റെ തരംഗദൈര്‍ഘ്യത്തില്‍ ചിന്തിക്കുന്ന തലമുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ നെഹ്‌റുവിന്റെ കൂടെ ഉണ്ടായിരുന്നില്ല. പുരുഷോത്തം ദാസ്ഠാണ്ടനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. തികഞ്ഞ യാഥാസ്ഥിതിക ഹിന്ദു. നെഹ്‌റുവിന്റെ എതിര്‍പ്പുകളെ മറികടന്നാണ് പട്ടേലിന്റെ ആളായ ഠാണ്ടന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ് മന്ത്രിസഭയില്‍ മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തും യാഥാസ്ഥിതികത്വത്തോട് നെഹ്‌റുവിനു പൊരുതേണ്ടിയിരുന്നു.
ഈ പോരാട്ടം തുറന്ന യുദ്ധമായി മാറിയത് 1951 ലാണ്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടാണ് നെഹ്‌റു പട്ടേലിന്റെ നേതൃത്വത്തിനു കീഴിലുള്ള ഹിന്ദു ദേശീയതാവാദികളായ നേതാക്കളുമായി നേരിട്ടു ഏറ്റുമുട്ടിയത്. 1947 സെപ്റ്റംബറില്‍ സര്‍ദാര്‍ പട്ടേല്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും പുതുക്കിപ്പണിയുന്നതിനു ഏര്‍പ്പാടുകള്‍ തുടങ്ങിവയ്ക്കുകയും ചെയ്തു.1951 ല്‍ ക്ഷേത്രനട തുറന്നുകൊടുക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ നെഹ്‌റു അതിനെ എതിര്‍ക്കുകയാണുണ്ടായത്. ചടങ്ങില്‍ പങ്കെടുക്കരുതെന്നഭ്യര്‍ഥിച്ചുകൊണ്ട് നെഹ്‌റു രാജേന്ദ്ര പ്രസാദിനെഴുതി. സോമനാഥില്‍ വന്‍കിട കെട്ടിടം പണിയുകയല്ല രാജ്യത്തിനാവശ്യം എന്നാണ് നെഹ്‌റു എഴുതിയത്. ക്ഷേത്ര നട തുറക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കാതിരിക്കുകയാണ് നല്ലതെന്ന് അദ്ദേഹം തുറന്നുതന്നെ എഴുതി. പക്ഷേ അത് ഗൗനിക്കാതെ രാജേന്ദ്രപ്രസാദ് ചടങ്ങില്‍ പങ്കെടുത്തു. തുടക്കത്തില്‍ത്തന്നെ മതേതരത്വത്തിന്നുവേണ്ടി വാദിക്കുന്ന ശക്തികളുടെ പ്രതിനിധി എന്ന നിലയില്‍ നെഹ്‌റുവിനു പൊരുതേണ്ടിവന്നു എന്നത് സത്യം. മറുവശത്ത് യാഥാസ്ഥിതിക ഹിന്ദുത്വത്തിന്റെ വക്താവായി പട്ടേല്‍ ഉണ്ടായിരുന്നു. പട്ടേല്‍ പ്രതിനിധാനം ചെയ്ത മൂല്യങ്ങളാണ് പല വഴികളിലൂടെയും സഞ്ചരിച്ചു പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായി നരേന്ദ്ര മോദിയുടെ ആശയലോകത്ത് എത്തിയത്. സോമനാഥ ക്ഷേത്രം തുറന്നുകൊടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റിനോടാവശ്യപ്പെടുന്ന പ്രധാനമന്ത്രിയില്‍ നിന്ന് രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജാ വേളയില്‍ സാഷ്ടാംഗം പ്രണാമമര്‍പ്പിക്കുന്ന പ്രധാനമന്ത്രിയിലേക്ക് ഇന്ത്യയെന്ന ജനാധിപത്യ മതേതര റിപ്പബ്ലിക്ക് നടന്നെത്തിയല്ലോ.
സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും മന്ത്രിസഭയിലെ രണ്ടാമനും പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുള്ള വ്യക്തിയുമായ പട്ടേലിനോട് വിയോജിപ്പുള്ള ആളായിരുന്നു നെഹ്‌റു. തികഞ്ഞ ഇടതുപക്ഷ വിരുദ്ധനായിരുന്നു പട്ടേല്‍. അദ്ദേഹം മുതലാളിത്തത്തിന്റെ വക്താവായിരുന്നു. നെഹ്‌റുവാകട്ടെ പൊതുമേഖലക്ക് വേണ്ടി വാദിച്ചു. ആഗോളരാഷ്ട്രീയത്തില്‍ നെഹ്‌റു സോഷ്യലിസ്റ്റ് ബ്ലോക്കിനോടൊപ്പം നിന്നു. പട്ടേലിന് ഭരണകൂട നിയന്ത്രണത്തിലുള്ള വാണിജ്യ, വ്യവസായ സംരംഭങ്ങള്‍ എന്ന ആശയം ദഹിക്കുമായിരുന്നില്ല. ഇപ്പോള്‍ നരേന്ദ്ര മോദി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റു മുതലാളിത്ത പ്രോത്സാഹന പദ്ധതികളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ നെഹ്‌റുവും മോദിയും തമ്മിലുള്ള യുദ്ധം നേരത്തെ തുടങ്ങിയിരുന്നു എന്നു പറയാം.
നെഹ്‌റുവിന്റെ നയങ്ങള്‍ കുറ്റമറ്റവയായിരുന്നുവെന്നോ അവ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അനുപേക്ഷണീയമായിരുന്നു എന്നോ അല്ല പറയുന്നത്. ഗാന്ധിജിയുടെ ഏറ്റവും അടുത്ത അനുയായിരിക്കെ തന്നെ അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകളും ആസൂത്രണ രീതികളും കൈയൊഴിച്ച് ഘന വ്യവസായങ്ങളിലേക്കും പടുകൂറ്റന്‍ അണക്കെട്ട് നിര്‍മാണങ്ങളിലേക്കും മറ്റും രാജ്യത്തെ നയിച്ച പ്രധാനമന്ത്രിയാണ് നെഹ്‌റു. ഇപ്പോള്‍ വിലയിരുത്തുമ്പോള്‍ അത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. അതേപോലെ മതേതരത്വത്തിന്റെ കാര്യത്തിലും നെഹ്‌റു പല വിട്ടുവീഴ്ചകള്‍ക്കും തയാറായി. വ്യത്യസ്ത സമുദായക്കാര്‍ക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ അനുവദിച്ചു കൊടുക്കുക എന്നത് ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ വിഭാവനം ചെയ്യപ്പെട്ട ഏക സിവില്‍കോഡിന് വിരുദ്ധമാണ്. നെഹ്‌റു വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. എന്നിട്ടും വ്യക്തിനിയമങ്ങളെ തുറന്ന് എതിര്‍ത്തില്ല. അതേസമയം, ഗോവയില്‍ വ്യക്തിനിയമങ്ങള്‍ക്കതീതമായ പോര്‍ച്ചുഗീസ് സിവില്‍കോഡാണ് നിലവിലുള്ളത്. അതൊരു വൈരുധ്യമാണ്. അതേപോലെയൊരു വൈരുധ്യമാണ് സ്‌പെഷല്‍ മാരേജ് ആക്ട് അനുസരിച്ച് വിവാഹിതരാവുന്നവര്‍ക്ക് വിവാഹത്തിലും പിന്തുടര്‍ച്ചയിലും വ്യക്തിനിയമം ബാധകമാവുകയില്ല എന്നത്. ഇത്തരം വിഷയങ്ങളില്‍ തുറന്ന നിലപാടെടുത്തിരുന്നില്ല നെഹ്‌റു. ഈ കറകളഞ്ഞ മതേതരവാദി പ്രായോഗികതലത്തില്‍ മതകീയ രാഷ്ട്രീയത്തോട് രാജിയാവുന്നതും നമുക്ക് കാണാം. എങ്കിലും സ്വാതന്ത്ര്യപ്രാപ്തിക്കു തൊട്ടുപിന്നാലെ തികഞ്ഞ ജനാധിപത്യവാദിയും മതേതരവാദിയുമായ നെഹ്‌റുവിലാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാവി അര്‍പ്പിതമായത് എന്നത് മഹാഭാഗ്യമായിക്കരുതണം. പട്ടേല്‍ നെഹ്‌റുവിന്റെ ബദല്‍ നേതാവായി ഉയര്‍ന്നുവരുന്നതിനു മുമ്പുതന്നെ മരണമടഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തോട് അനുഭാവമുള്ള മറ്റു നേതാക്കള്‍ക്ക് നെഹ്‌റുവിന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാനുമായില്ല. എങ്കിലുകളും പക്ഷേകളും ചരിത്രത്തിലും രാഷ്ട്രീയത്തിലും അപ്രസക്തമാണെങ്കിലും പട്ടേലിന്റെ മരണം അത്ര പെട്ടെന്നായിരുന്നില്ലെങ്കില്‍ ഇന്ത്യ ഏത് വഴിയിലൂടെ ആയേനെ സഞ്ചരിച്ചിരിക്കുക എന്നാലോചിച്ച രാഷ്ട്രീയ നിരീക്ഷകരുണ്ട്. അതെങ്ങനെ ആയാലും ശരി, ആ വഴി മതേതര ജനാധിപത്യ ഇന്ത്യയുടെ വഴിയല്ലെന്ന് തിരിച്ചറിയുകയും അതിന്റെ ആശയങ്ങളെ എതിര്‍ക്കുകയും ചെയ്ത ഭരണാധികാരിയും നേതാവുമാണ് ജവഹര്‍ലാല്‍ നെഹ്‌റു. അതാണ് അദ്ദേഹം തന്റെ കാലത്ത് തന്നെ നരേന്ദ്ര മോദിയുമായി കലഹിച്ചു എന്നു പറഞ്ഞതിന്റെ പൊരുള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."