ഒരുമാസത്തിനിടെ വെന്റിലേറ്ററിലുള്ള രോഗികളുടെ എണ്ണം ഇരട്ടിയായി
തിരുവനന്തപുരം: സംസ്ഥാനത്ത് വെന്റിലേറ്ററില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെ ഉണ്ടായത് ഇരട്ടിയിലധികം വര്‍ധന.
കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗികള്‍ പലരും വേഗത്തില്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സാഹചര്യമാണ് ഉള്ളതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാനത്ത് ഏപ്രില്‍ 30ന് 613 പേരായിരുന്നു വെന്റിലേറ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്ക് അനുസരിച്ച് 1,536 പേരാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. ഈ മാസം ഏഴാം തിയതിയോടെയാണ് സംസ്ഥാനത്ത് വെന്റിലേറ്ററില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നത്. അതിനുശേഷം ഇതുവരെയും എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ഐ.സി.യുവിലുള്ളവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ മാസം ഒന്നിന് 1,808 പേരായിരുന്നു ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 3,982 ആയി ഉയര്‍ന്നു.
കൊവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ സ്വന്തമായി നടത്തുന്ന വിലയിരുത്തലുകളിലും ചികിത്സയിലുമുള്ള പിഴവുകളാണ് സാഹചര്യം ഗുരുതരമാക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഓക്‌സിജന്‍ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കൃത്യമായി മനസിലാക്കാത്തതും ചിലര്‍ സ്വന്തം നിലയ്ക്ക് മരുന്നുകള്‍ കഴിക്കുന്നതും സ്ഥിതി മോശമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് വിവിധ ജില്ലകളിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അധികൃതര്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."