കാപ്പെക്സ് ഫാക്ടറികള്‍ നാളെ തുറക്കും; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: കാപ്പെക്സിനു കീഴിലുള്ള കശുവണ്ടി ഫാക്ടറികള്‍ ഓഗസ്റ്റ് 22ന് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. പെരുമ്പുഴ, പെരിനാട് ഫാക്ടറികളാണ് നാളെമുതല്‍ തുറന്ന് പ്രര്‍ത്തിക്കുക. പെരുമ്പുഴ ഫാക്ടറി അങ്കണത്തില്‍ ഓഗസ്റ്റ് 22ന് രാവിലെ എട്ടിനു നടക്കുന്ന ചടങ്ങില്‍ ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പുനര്‍പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ചടങ്ങില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ആധ്യക്ഷ്യം വഹിക്കും. എം.പി.മാരായ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ എം.പി. കെ.എന്‍. ബാലഗോപാല്‍, മുന്‍ എം.എല്‍.എ. എ.എ. അസീസ്, ട്രേഡ് യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാപ്പെക്സിന്റെ ബാക്കി എട്ടു ഫാക്ടറികള്‍ ചൊവ്വാഴ്ച്ച പ്രവര്‍ത്തനമാരംഭിക്കും. 1000 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതനുസരിച്ച് ഓഗസ്റ്റ് 19 മുതല്‍ കാപ്പെക്സ് ഫാക്ടറികളില്‍ തോട്ടണ്ടി ഇറക്കിവരുന്നു.
ആദ്യമായി എത്തിയ അഞ്ചു ലോഡില്‍ മൂന്നു ലോഡ് പെരുമ്പുഴയിലും രണ്ടു ലോഡ് പെരിനാടുമാണ് ഇറക്കിയത്. ഓഗസ്റ്റ് 22നുള്ളില്‍ 12 ലോഡ് തോട്ടണ്ടി വിവിധ ഫാക്ടറികളിലായി എത്തുമെന്ന് മാനേജിങ് ഡയറക്ടര്‍ ആര്. രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."