മഴ പെയ്താല്‍ വി.എച്ച്.എസ്.എസ് ഗ്രൗണ്ട് 'കുളമാകും'; കായിക പഠനവും മുടങ്ങും
തൊടുപുഴ: മഴ പെയ്താല്‍ ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ് കായിക വിദ്യാഭ്യാസം മുടങ്ങും. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനാണ് ഈ ദുരവസ്ഥ.
ഹൈസ്‌കൂളിലും വി.എച്ച്.എസ്സിലുമായി മുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. കായികാധ്യാപകനുണ്ടെങ്കിലും ഗ്രൗണ്ടിലിറങ്ങാന്‍ വെള്ളക്കെട്ടും ചെളിയും മൂലം കഴിയാറില്ല. സര്‍ക്കാരും മുനിസിപ്പാലിറ്റിയും വേണ്ടത്ര ഗൗരവം നല്‍കാത്തതാണ് ഇതിനു കാരണമെന്ന് ആക്ഷേപമുണ്ട് .
എസ്.എസ്.ഏയില്‍ നിന്ന് വര്‍ഷത്തില്‍ പതിനയ്യായിരത്തോളം രൂപ നല്‍കുന്നുണ്ട്. കൂടാതെ വി.എച്ച്.എസ്.സിയില്‍ പ്രവേശനം നേടുന്നവരില്‍ നിന്നും പി.ടി.എ ഫണ്ടും വാങ്ങുന്നുണ്ട്. ഇതുപയോഗിച്ച് സ്‌കൂളിനുമുന്നിലെ വെള്ളക്കെട്ട് പരിഹരിക്കാവുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരേക്കറോളം സ്ഥലത്താണ് വെള്ളം കെട്ടി നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ കൊതുകിന്റെ ശല്യം രൂക്ഷമാണ്. ഡങ്കിപ്പനി ബാധിച്ച് നൂറുകണക്കിനാളുകള്‍ ചികിത്സ തേടുന്ന താലൂക്ക് ആശുപത്രിക്ക് സമീപമാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ വികസന സെമിനാറില്‍ ഇവിടുത്തെ അധ്യാപകര്‍ പങ്കെടുക്കുകയോ ആവശ്യങ്ങള്‍ ഉന്നയിക്കുകയാ ചെയ്യാറില്ലെന്ന് മുനിസിപ്പല്‍ അധികൃധര്‍ പറയുന്നു.
പൂര്‍വ വിദ്യാര്‍ഥികളും യുവജനങ്ങളും ഈ ഗ്രൗണ്ടില്‍ വൈകുന്നേരങ്ങളില്‍ പന്ത് കളിച്ചിരുന്നു. കെട്ടിടത്തിന്റെ ഓട് പൊട്ടുന്നതിന്റെ പേരില്‍ അവരെ വിലക്കി. മുന്‍ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലും തമ്മിലെ ഐക്യമില്ലായ്മയാണ് ഈ ശോച്യാവസ്ഥയ്ക്ക് കാരണമെന്നും അഭിപ്രായമുണ്ട്. പുതുതായി ചുമതലയേറ്റവരില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."