അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കടിനതടവ് വിധിച്ച് കോടതി. ഇവര്‍ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. കേസിലെ 16ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. 500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് ജയില്‍മോചിതനാകാം.
പിഴത്തുകയില്‍ പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കണം. 25 ശതമാനം തുക മധുവിന്റെ സഹോദരിമാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും.
കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു. 13 പ്രതികള്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞുവെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി, വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാര്‍ വിധി പ്രസ്താവത്തില്‍ പറഞ്ഞു.
അന്യായമായി സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, പട്ടിക വര്‍ഗ അതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. 16ാം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രം. ഇയാള്‍ക്കെതിരേ ഐ.പി.സി 352 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 3 മാസം വരെ തടവും 500 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണിത്.
രണ്ടുതവണ നീട്ടിവച്ചശേഷമാണ് കോടതിയില്‍ ഇന്നലെ വിധി പറഞ്ഞത്. മാര്‍ച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകര്‍പ്പ് പകര്‍ത്തല്‍ പൂര്‍ത്തിയാകാത്തതിനാലാണ് മാറ്റിവച്ചത്. കേസിലെ 16 പ്രതികള്‍ക്കും വെവ്വേറെ വിധികളാണ് പ്രസ്താവിച്ചത്.
പ്രതിചേര്‍ക്കപ്പെട്ടവര്‍ മുന്‍കൂര്‍ പദ്ധതി തയാറാക്കി നടത്തിയ കൊലപാതകമല്ലെന്നും ബോധപൂര്‍വമല്ലാത്ത കൊലപാതകമാണ് നടന്നതെന്നും വിധിപ്രസ്താവത്തിന് മുന്നേ പ്രതിഭാഗം അഭിഭാഷകന്‍ ജഡ്ജിയോട് പറഞ്ഞു. അതുകൊണ്ടുതന്നെ ഏറ്റവും ചെറിയ ശിക്ഷ നല്‍കണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചു.എന്നാല്‍ പ്രതികള്‍ ചെയ്ത കുറ്റം സമാനതകളില്ലാത്തതാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ ആവശ്യപ്പെട്ടു. കേസിലെ 103 സാക്ഷികളില്‍ 24 പേര്‍ കൂറുമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."