രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം യു.ഡി.എഫ് ഏകോപന സമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. രാജി അറിയിച്ചതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മാത്രം രാജിയെന്നറിയിച്ച മുല്ലപ്പള്ളി പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തതോടെയാണ് നിലപാടു മാറ്റിയത്. പ്രതിപക്ഷനേതാവിനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജിസന്നദ്ധതാ കത്ത് ഹൈക്കമാന്‍ഡിനു നല്‍കിയത്.
കെ. സുധാകരന്റെ പേരാണ് അധ്യക്ഷസ്ഥാനത്തേയ്ക്ക് ഹൈക്കമാന്‍ഡിന്റെ മുഖ്യ പരിഗണനയിലുള്ളതെങ്കിലും അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കും. കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് തുടങ്ങിയവര്‍ സ്വന്തം നിലയ്ക്കും എ ഗ്രൂപ്പ് ബെന്നി ബെഹനാനു വേണ്ടിയും നീക്കം ശക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
സുധാകരന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അതിനെതിരേ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സംയുക്തമായി നീക്കമാരംഭിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയോടു പാര്‍ട്ടിയും സമൂഹവും നീതികാണിച്ചില്ലെന്ന ചെന്നിത്തലയുടെ സമൂഹമാധ്യത്തിലെ കുറിപ്പ് ഇതിന്റെ ഭാഗമാണെന്നാണു വിലയിരുത്തല്‍. അധ്യക്ഷനായിരിക്കെ മുല്ലപ്പള്ളിക്ക് കാര്യമായ പിന്തുണ നല്‍കാതിരുന്ന എ, ഐ ഗ്രൂപ്പുകളാണ് ഇപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ചു രംഗത്തുവരുന്നത്. അതേസമയം പുതിയ പാര്‍ട്ടി അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ അശോക് ചവാന്‍ കമ്മിറ്റി നേതാക്കളില്‍നിന്ന് അഭിപ്രായം തേടുന്നതു തുടരുകയാണ്.
സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുക. സമുദായിക സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക എന്നാണ് സൂചന.
ഗ്രൂപ്പുകളുടെ സമര്‍ദത്തിനു വഴങ്ങി സുധാകരനെ ഒഴിവാക്കിയാല്‍ ഈഴവ സമുദായത്തില്‍നിന്നു മറ്റു ചില പേരുകള്‍ പരിഗണനയ്ക്കു വരും. അതല്ലെങ്കില്‍ കൊടിക്കുന്നില്‍ സുരേഷിനു നറുക്കു വീഴാനുമിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."