ഗാന്ധിയും ഗാന്ധിവധവുമില്ലാത്ത ചരിത്രം
ഹനീഫ പുതുപറമ്പ്
എൻ.സി.ഇ.ആർ.ടി ഇത്തവണ സിലബസ് പരിഷ്കരിച്ചപ്പോൾ ഗാന്ധിവധവും മുഗൾ ഭരണകാലവും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾ പ്രതിപാദിക്കുന്ന പാഠങ്ങളുമൊക്കെ വെട്ടിമാറ്റിയിരിക്കുകയാണ്. മുഗൾ ഭരണകാലം എല്ലാവരും മറന്നുപോകണമെന്നത് സംഘ്പരിവാറിന്റെ ആഗ്രഹങ്ങളിൽ ഒന്നാണ്. ഗാന്ധിജിയും നെഹ്റുവും ആസാദുമൊക്കെ ജനമനസുകളിൽനിന്ന് അപ്രത്യക്ഷമാകണമെന്നും അവർക്ക് അതിയായ ആഗ്രഹമുണ്ട്. എങ്കിലും ഗാന്ധിജിയെ ഇത്ര നിഷ്കരുണമായി തമസ്കരിക്കുന്നത് എങ്ങനെയാണ്? പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങളുടെ ചില സാമ്പിളുകൾ ഇതാണ്. 'ഹിന്ദുക്കൾ പ്രതികാരം ചെയ്യണമെന്നും പാകിസ്താൻ മുസ് ലിം രാജ്യമായതുപോലെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും കരുതുന്നയാളുകൾ ഗാന്ധിജിയെ ഇഷ്ടപ്പെട്ടിരുന്നില്ല'. ‘ഹിന്ദു-മുസ് ലിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ വിട്ടുവീഴ്ചയില്ലാത്ത ശ്രമം ഹിന്ദു തീവ്രവാദികളെ വളരെയേറെ പ്രകോപിപ്പിച്ചു. അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി’. 'ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ ഏറെക്കുറെ മാന്ത്രികമായി സ്വാധീനിച്ചു. വർഗീയ വിദ്വേഷം പരത്തുന്ന സംഘടനകൾക്കെതിരേ ഇന്ത്യൻ സർക്കാർ കർശന നടപടി സ്വീകരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘ് പോലെയുള്ള സംഘടനകൾ കുറച്ച് കാലത്തേക്ക് നിരോധിക്കപ്പെട്ടു'.
ഗാന്ധിജിക്ക് പകരംവയ്ക്കാൻ വേറൊരാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏറെക്കാലമായി രാജ്യത്തെ സംഘ്പരിവാർ ശക്തികൾ. നെഹ്റുവിനു പകരം പട്ടേലിനെ പ്രതിഷ്ഠിക്കാനും അബുൽ കലാം ആസാദിനെ പോലുള്ളവരെ ചരിത്രത്തിൽനിന്നുതന്നെ മായ്ച്ചുകളയാനുമാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ ഗാന്ധിജിക്ക് പകരം പുതിയ ഒരാളെ ചരിത്രത്തിൽ പ്രതിഷ്ഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം തന്റെ ജീവിതം മുഴുവൻ സത്യംകൊണ്ടുള്ള പരീക്ഷണങ്ങൾ മാത്രമായിരുന്നെന്ന് സ്വയം സാക്ഷ്യപ്പെടുത്താൻ കഴിയുന്ന നേതാക്കൾ എക്കാലത്തും വളരെ അപൂർവമാണ്.
ഗാന്ധിജി ആത്മകഥയുടെ ആമുഖത്തിൽ എഴുതുന്നത് ഇങ്ങനെയാണ്. 'സത്യംകൊണ്ടുള്ള എന്റെ വിവിധ പരീക്ഷണങ്ങളുടെ കഥ പറയുക മാത്രമാണ് എന്റെ ലക്ഷ്യം. എന്റെ ജീവിതത്തിൽ ആ പരീക്ഷണങ്ങളല്ലാതെ മറ്റൊന്നും ഇല്ലാത്തതിനാൽ കഥ ഒരു ആത്മകഥയുടെ രൂപം കൈക്കൊള്ളും എന്നത് ശരിയാണ്. എന്നാൽ ഇതിലെ ഓരോ പേജിലും എന്റെ പരീക്ഷണങ്ങളുടെ വിവരണം മാത്രമാകുന്നതാണ് എനിക്കിഷ്ടം. ഈപരീക്ഷണങ്ങളെല്ലാം ചേർത്തുകൊണ്ടുള്ള ഒരു വിവരണം വായനക്കാരന് ഗുണം ചെയ്യാതിരിക്കില്ല എന്നു ഞാൻ വിശ്വസിക്കുന്നു, അഥവാ വിശ്വാസപൂർവം അഭിമാനിക്കുന്നു. രാഷ്ട്രീയ രംഗത്തുള്ള എന്റെ പരീക്ഷണങ്ങൾ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല ഒരു പരിധിയോളം പരിഷ്കൃത ലോകം മുഴുവൻ അറിയപ്പെടുന്നുണ്ട്. എനിക്ക് അതൊന്നും അത്ര വിലയുള്ളതായി തോന്നിയിട്ടില്ല. തന്മൂലം അവ എനിക്ക് നേടിത്തന്ന മഹാത്മ എന്ന പദവിക്ക് അതിലും കുറഞ്ഞ വിലയേ ഉള്ളൂ. പലപ്പോഴും ആ പദവി എന്നെ ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട്. ഒരു നിമിഷംപോലും അത് എന്നെ ആഹ്ലാദിപ്പിച്ചതായി ഓർക്കുന്നില്ല. എന്നാൽ എന്റെ ആത്മീയമണ്ഡലത്തിലെ പരീക്ഷണങ്ങൾ വിവരിക്കാൻ തീർച്ചയായും ഞാൻ ഇഷ്ടപ്പെടുന്നു. അവ എനിക്ക് മാത്രമേ അറിയൂ അവയിൽനിന്നാണ് രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കാൻ ശക്തി ഞാൻ സമാർജിച്ചത്'. ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ കഥയുടെ ആമുഖത്തിൽ നിന്നുള്ളതാണ് ഈ വരികൾ. ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ്, സബർമതി ആശ്രമത്തിൽവച്ച് 1925 നവംബർ 26 നാണു ഗാന്ധിജി ആത്മകഥക്ക് ഈ ആമുഖം എഴുതുന്നത്. ഗാന്ധിജി ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞു. ഇത്രയും കാലം കഴിഞ്ഞിട്ടും ഗാന്ധിജി ഇന്ത്യക്കകത്തും പുറത്തും ഇപ്പോഴും നിത്യ സാന്നിധ്യമായി നിലനിൽക്കുന്നത് എന്തുകൊണ്ടാണ്? കാലശേഷം 74 വർഷങ്ങൾക്കിപ്പുറവും ഒരു മനുഷ്യൻ ഇത്രമേൽ ചർച്ച ചെയ്യപ്പെടുന്നതുതന്നെ അത്യത്ഭുതകരമാണ്. ലോക ചരിത്രത്തിൽതന്നെ അപൂർവ കാര്യമാണിത്.
ഗാന്ധിജിയുടെ സമകാലികരായ പ്രമുഖ നേതാക്കൾ പോലും അദ്ദേഹത്തെ അവരുടെ വഴികാട്ടിയായും ഇന്ത്യയെ നയിക്കാനുള്ള ശക്തി സ്വയം ആർജിച്ച നേതാവായും കണ്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെപ്പറ്റി പറയുമ്പോൾ ഗാന്ധിജിക്കുശേഷം പറയുന്ന രണ്ടാമത്തെ പേര് ജവഹർലാൽ നെഹ്റുവിൻ്റേതാണ്. ദേശീയതലത്തിലും ആഗോളതലത്തിലും ഗാന്ധിജി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപിന്തുണയും പ്രസിദ്ധിയുമുള്ള നേതാവായിരുന്നു നെഹ്റു. പക്ഷേ നെഹ്റുവും തന്റെ നേതാവായി കണ്ടത് ഗാന്ധിജിയെയായിരുന്നു. തന്റെ ആത്മകഥയിൽ നെഹ്റു ഗാന്ധിജിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് : 'കോൺഗ്രസ് എന്നതിനർഥം ഗാന്ധിജി എന്നാണ്. കർമത്തിൽ അദ്ദേഹമാണ് ഇന്ത്യയിൽ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും മഹാനായ വിപ്ലവകാരി. അദ്ദേഹം അന്യാദൃശ്യമായ ഒരു വിശിഷ്ട വ്യക്തിയാണ്. അദ്ദേഹത്തെ സാധാരണ മാനദണ്ഡങ്ങൾകൊണ്ട് അളക്കുകയോ തർക്കശാസ്ത്രത്തിന്റെ സാധാരണ നിയമങ്ങൾ അദ്ദേഹത്തിന് ബാധകമാക്കുകപോലുമോ ചെയ്യുക സാധ്യമല്ല. എന്നാൽ അടിമുതൽതന്നെ വിപ്ലവകാരി ആകയാലും ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം താൻ പ്രതിജ്ഞാബദ്ധനാകയാലും ആ സ്വാതന്ത്ര്യം നേടി കഴിയുന്നതുവരെ വിട്ടുവീഴ്ച ചെയ്യാത്ത ഒരുനില അംഗീകരിക്കാൻ അദ്ദേഹം നിർബന്ധിതനാണ്.
ഈയൊരു പ്രവർത്തനത്തിനിടയിൽ അദ്ദേഹം വമ്പിച്ച സാമാന്യജന ശക്തിയെ അഴിച്ചുവിടും' (നെഹ്രുവിന്റെ ആത്മകഥ പേജ് 437). ഇന്ത്യയിലെ ജനസാമാന്യത്തെ ഇത്രമേൽ സ്വാധീനിക്കാനും ഇളക്കിമറിക്കാനും സമരരംഗത്തേക്ക് ഇറക്കിവിടാനും കഴിയുന്ന മറ്റൊരു നേതാവ് അന്ന് ഉണ്ടായിരുന്നില്ല. ഗാന്ധിജി മരണപ്പെട്ട് ഇത്രയും കാലം കഴിഞ്ഞിട്ടും ഗാന്ധിജിയോളം ശക്തമായ ഒരു ഓർമ്മ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇതുവരെ നിലനിന്നിട്ടില്ല. എത്രയൊക്കെ തള്ളിപ്പറഞ്ഞാലും കൂടുതൽ ശക്തിയോടെ ഗാന്ധി ചിന്തകൾ സമൂഹത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് പലരെയും അസ്വസ്ഥമാക്കുന്നതും
പ്രമുഖ ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്ര ഗുഹ, ഗാന്ധിജിയെക്കുറിച്ച് ലോകശ്രദ്ധനേടിയ മൂന്നു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ(2007), ഗാന്ധി ഇന്ത്യക്ക് മുമ്പ് (2013), ഗാന്ധി ലോകത്തെ മാറ്റിയ വർഷങ്ങൾ(2018) എന്നിങ്ങനെ രാമചന്ദ്ര ഗുഹ എഴുതിയ മൂന്നു പുസ്തകങ്ങളും ലോകശ്രദ്ധ നേടിയവയാണ്. ഓരോന്നും ആയിരത്തോളം പേജ് വരുന്ന ഗ്രന്ഥങ്ങളാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തെ വളരെ വിശദമായി തന്നെ 'ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ' എന്ന ഗ്രന്ഥത്തിൽ രാമചന്ദ്രഗുഹ വിശകലനം ചെയ്യുന്നുണ്ട്. ഗാന്ധിജിയും നെഹ്റുവും മുൻകൈയെടുത്ത് 1947 നവംബർ 23 ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയിൽ അവതരിപ്പിച്ച ഒരു പ്രമേയത്തെക്കുറിച്ച് രാമചന്ദ്രഗുഹ ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നതായിരുന്നു ഈ പ്രമേയത്തിന്റെ തലക്കെട്ട്.
'കോൺഗ്രസ് ഒരിക്കലും ദ്വിരാഷ്ട്രവാദം അംഗീകരിച്ചിരുന്നില്ല എന്നും ഇന്ത്യ പല മതങ്ങളുടെയും ജാതികളുടെയും ഒരു രാജ്യമാണെന്നും എക്കാലത്തും അങ്ങനെ തന്നെ നിലനിൽക്കുമെന്നും ആ പ്രമേയത്തിൽ പറയുന്നു. പാകിസ്താനിലെ സാഹചര്യങ്ങൾ എന്തുമായിക്കൊള്ളട്ടെ ഇന്ത്യ ജനാധിപത്യ മതേതര രാഷ്ട്രമായി നിലനിൽക്കുമെന്നും എല്ലാ പൗരന്മാർക്കും തുല്യ അവകാശവും തുല്യമായ അവസര സമത്വവും ഉറപ്പുവരുത്തുമെന്നും ഏതുമതത്തിൽ വിശ്വസിക്കുന്നവരായാലും എല്ലാവരുടെയും തുല്യമായ സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്വം ആയിരിക്കുമെന്നുമായിരുന്നു എ.ഐ.സി.സിയിൽ അവതരിപ്പിച്ച ആ പ്രമേയത്തിന്റെ അന്തഃസത്ത'(ഇന്ത്യ ഗാന്ധിക്ക് ശേഷം. പേജ് 19). തൊട്ടടുത്ത ഖണ്ഡികയിൽ ഈ വിഷയത്തിൽ ആർ.എസ്.എസിന്റെ നിലപാട് എന്താണെന്നും രാമചന്ദ്ര ഗുഹ, ഗോൾവാൾക്കരുടെ, വി ഓർ അവർ നേഷൻ ഡിഫൈൻഡ്', എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. 'ഇന്ത്യയിലെ ഹിന്ദുക്കൾ അല്ലാത്തവർ ഹിന്ദുമതത്തെ ബഹുമാനിക്കുന്നവരും ഹിന്ദുമതം അല്ലാത്ത ഒന്നിനോടും ആഭിമുഖ്യം ഇല്ലാത്തവരും ആയിരിക്കണം... പൂർണമായും ഹിന്ദു രാഷ്ട്രത്തിനു കീഴ്പ്പെട്ട്, പൗരത്വ അവകാശങ്ങൾ ഉൾപ്പെടെ പ്രത്യേകമായ അവകാശങ്ങൾ ഒന്നും ആവശ്യപ്പെടാത്തവരും ആയിരിക്കണം'(പേജ് 19). സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ഗാന്ധിജിയും നെഹ്റുവും മുന്നോട്ടുവച്ച കാഴ്ചപ്പാടും സംഘ്പരിവാർ നിലപാടുകളും തമ്മിൽ അടിസ്ഥാനപരമായി വലിയ വ്യത്യാസമുണ്ടായിരുന്നു.
സ്വതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികത്തിൽ, സ്വാതന്ത്ര്യ സമരം നയിച്ച നേതാക്കളെ എത്ര സെലക്ടീവ് ആയിട്ടാണ് രാജ്യത്തിന്റെ ഭരണകൂടം പരിഗണിച്ചതെന്നു നാം കാണുകയുണ്ടായി. ആദ്യ ഘട്ടത്തിൽ നെഹ്റുവിനെപ്പോലും പരാമർശിച്ചില്ല. അത് പിന്നീട് ചർച്ചയാവുകയും പല കോണിൽനിന്നും വിമർശനങ്ങൾ ഉയരുകയും ചെയ്തപ്പോൾ മാത്രമാണ് നെഹ്റുവിന്റെ പേര് ഇടക്കെങ്കിലും പരാമർശിക്കപ്പെട്ടത്. അബുൽ കലാം ആസാദിന്റെ പേര് അപ്പോഴും എവിടെയും പരാമർശിക്കപ്പെട്ടില്ല. മൗലാനാ മുഹമ്മദലി, ഷൗക്കത്തലി എന്നിവരെയും സൗകര്യപൂർവം വിസ്മരിക്കുകയാണ് ചെയ്തത്. രാജ്യത്തിന്റെ ചരിത്രവും ചരിത്ര പുരുഷന്മാരുടെ ചരിത്രവും ചരിത്രസ്മാരകങ്ങളുടെ ചരിത്രവും ദ്രുതഗതിയിൽ മാറ്റിയെഴുതപ്പെട്ട് കൊണ്ടിരിക്കുകയായാണ്. കുറച്ചു വർഷങ്ങൾ കൂടി കഴിയുമ്പോൾ അവിടെയൊക്കെ പലതും പുതുതായി എഴുതിച്ചേർക്കപ്പെടും. സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ നേരെ എതിർവശത്താണ് ഗാന്ധിയുടെ സ്ഥാനം. ഗാന്ധിജിയുടെ ഹിന്ദുവിശ്വാസവും സംഘ്പരിവാറിന്റെ ഹിന്ദുത്വവാദവും തമ്മിൽ ഒരു ബന്ധവുമില്ലെന്നത് പകൽപോലെ വ്യക്തമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുമതത്തിന്റെ വക്താവായിരുന്നു ഗാന്ധി. ഇതിന്റെ നേരെ എതിർവശത്തായാണ് സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ ആശയങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."