HOME
DETAILS

ഭക്ഷണസംസ്‌കാരം; അനുഷ്ഠാനങ്ങളിലെ ഇടം

  
backup
April 07 2023 | 18:04 PM

food-culture-in-rituals

ബശീര്‍ ഹുദവി മാറാക്കര

മനുഷ്യജീവിതത്തിലെ അത്യന്താപേക്ഷിത ഘടകമെന്നതിനോടൊപ്പം മനുഷ്യന്റെ ആഗ്രഹത്തോടും ആസ്വാദനത്തോടും ബന്ധിക്കുന്നതിനാലാകണം ഭക്ഷണപദാര്‍ഥങ്ങള്‍ പരസ്പരദാനത്തിന്റെ മുന്‍നിരയില്‍ ഇടംപിടിച്ചത്. തന്റെ ആസ്വാദനവും താല്‍പര്യവും ഏതു വസ്തുവില്‍ ബന്ധിതമാണോ അതു ദാനം ചെയ്യുകയെന്നതാണ് അതിശ്രേഷ്ഠകര്‍മമായി മതം ഗണിക്കുന്നത്. മേല്‍ ആശയമുള്‍ക്കൊള്ളുന്ന ഖുര്‍ആനിക സൂക്തം അവതീര്‍ണമായ ഉടന്‍ അബൂത്വല്‍ഹ (റ) എന്ന പ്രവാചകാനുചരന്‍ ഈത്തപ്പഴങ്ങളും അരുവികളുമടങ്ങിയ തോട്ടമാണ് ധര്‍മം നടത്തിയത് എന്നതും പ്രസ്താവ്യമാണ്. ഏറ്റവും ശ്രേഷ്ഠമായ ദാനം കുടിവെള്ള ദാനമാണെന്ന പ്രവാചകാധ്യാപനവും ചേര്‍ത്തുവായിക്കാം.

 

 

ഓരോ മതങ്ങളും മുന്നോട്ടുവയ്ക്കുന്ന തത്വവും ആശയസംഹിതയും മേല്‍ യുക്തിയിലധിഷ്ഠിതമാണ്. തന്റെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും ദൈവസാമീപ്യത്തിനായി സമര്‍പ്പിക്കുകയോ കല്‍പനയ്ക്കു വിധേയമായി പരിധി നിര്‍ണയിക്കുകയോ ചെയ്യുകയാണവിടെ. ഈയൊരടിസ്ഥാനത്തില്‍നിന്ന് തന്നെയാണ് വിവിധ നാമങ്ങളിലും രൂപങ്ങളിലും ഇടങ്ങളിലുമായി നേര്‍ച്ചകളായും പ്രസാദങ്ങളായും വിവിധ ഭക്ഷണരൂപങ്ങളും ആചാരങ്ങളും ഉടലെടുത്തതും നിലനില്‍ക്കുന്നതും.
ആദിമമനുഷ്യന്‍ ആദം നബിയുടെയും കുടുംബത്തിന്റെയും ജീവിതം വിവരിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ആദം നബിയുടെ മക്കള്‍ തമ്മില്‍ വിവാഹത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ നേരം, ഇരുവരും അല്ലാഹുവിലേക്ക് നേര്‍ച്ചകളര്‍പ്പിക്കാനും സ്വീകരിക്കപ്പെടുന്നതനുസരിച്ച് വര്‍ത്തിക്കാനും തീരുമാനിക്കുന്നുണ്ട്. അതനുസരിച്ച് ഹാബീല്‍ കൊഴുത്ത ആടിനെയും ഖാബീല്‍ ബാര്‍ലിയുടെ കുലകളുമായിരുന്നു അര്‍പ്പിച്ചത്. നേര്‍ച്ചകളില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ അന്നേ ഇടം നേടിയിട്ടുണ്ടെന്നര്‍ഥം. പില്‍ക്കാലങ്ങളിലും മൃഗങ്ങളും മൃഗങ്ങളുടെ ഇറച്ചിയും ദൈവദാനത്തിനായി നീക്കപ്പെട്ടിരുന്നതായി ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. (അല്‍ അന്‍ആം: 138)

 

മഖ്ബറകളും നേര്‍ച്ചകളും
കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ക്കിടയില്‍ സ്ഥാനം പിടിച്ച മതാനുഷ്ഠാനമാണ് നേര്‍ച്ചകള്‍. ആണ്ടുനേര്‍ച്ച, ഉറൂസ് തുടങ്ങിയ നാമങ്ങളില്‍ പൊതുവെ ഇവ അറിയപ്പെടുന്നു. മഹത്തുക്കളുടെ മഖ്ബറകള്‍ (അന്ത്യവിശ്രമസ്ഥാനം) കേന്ദ്രീകരിച്ച് വിയോഗ ദിനത്തിലാണ് ഇവ സംഘടിപ്പിക്കപ്പെടാറുള്ളത്. പ്രതിഫലാര്‍ഹം മാത്രമായ (സുന്നത്ത്) കര്‍മത്തെ നിര്‍ബന്ധിത ബാധ്യതയായി ഏറ്റെടുക്കലാണ് യഥാര്‍ഥത്തില്‍ നേര്‍ച്ച (നദ്ര്‍). ദാനത്തെ ബാധ്യതയായി ഏറ്റെടുക്കുന്നിടത്ത് നിന്നാണ് ഈ നാമം ഉടലെടുത്തതെന്ന് ഗ്രഹിക്കാം.


മഖ്ബറകള്‍ കേന്ദ്രീകരിച്ചുള്ള നേര്‍ച്ചകളിലും അര്‍പ്പണങ്ങളിലും പ്രധാന സ്ഥാനം വഹിക്കുന്നത് തബറുകാണ്. മഹാന്മാരായി ഗണിക്കപ്പെടുന്നവരുടെ ജീവിതകാലത്തും വിയോഗശേഷവും അവരുടെ ശേഷിപ്പുകളും മറ്റും വഴി പുണ്യം കാംക്ഷിക്കുന്ന രീതി പ്രവാചകകാലം മുതലേ നിലനിന്ന സമ്പ്രദായമായിരുന്നു. പ്രവാചകന്‍ പാനം ചെയ്ത പാത്രത്തില്‍ നിന്ന് കുടിക്കാനും പ്രാര്‍ഥിച്ച സ്ഥലത്തുനിന്ന് തന്നെ ആരാധന നടത്താനും വെമ്പല്‍ കൊണ്ടവരായിരുന്നു പ്രവാചകനാനുചരന്മാര്‍. അതിന് അംഗീകാരവും പ്രോത്സാഹനവും നല്‍കുകയായിരുന്നു പ്രവാചകന്‍. അബൂമൂസല്‍ അശ്അരി (റ), ബിലാല്‍ (റ) എന്നിവരോട് നബി (സ) ഒരു പാത്രത്തില്‍ അല്‍പം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അനന്തരം നബി (സ) അതിലേക്ക് തന്റെ മുഖവും കൈകളും കഴുകി. ആ വെള്ളത്തില്‍ ഉമിനീര് ചേര്‍ത്തു. ശേഷം അതു നിങ്ങള്‍ രണ്ടുപേരും കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുക എന്നു പറഞ്ഞു (ബുഖാരി).

 

പില്‍ക്കാലത്ത് സാത്വികരായ മഹത്തുക്കളോട് പൊതുജനം സ്വീകരിച്ച രീതികളും ബന്ധവും ഇതേ രീതിയിലായിരുന്നു. 'നിങ്ങളിലെ ഉന്നതരിലാണ് ബറകത്ത്' എന്ന പ്രവാചകവചനം പില്‍ക്കാലത്തെ ഈ രീതിയെ പിന്താങ്ങുന്നതായി മനസിലാക്കാം. കുഞ്ഞ് ജനിച്ചയുടന്‍ പ്രവാചകന്റെ പക്കല്‍ കൊണ്ടുവന്ന് പേരിടാനും മധുരം നല്‍കാനും നിര്‍ദേശിക്കുന്ന, വിളവെടുത്താല്‍ ആദ്യഭാഗം പ്രവാചകനു ദാനമായി നല്‍കുന്ന അനുചരന്മാരുടെ ചര്യകളെ അനുധാവനം ചെയ്യുകയായിരുന്നു പില്‍ക്കാലത്ത് പൊതു മുസ്‌ലിം സമൂഹം.


തങ്ങളുടെ കൃഷിയിടത്തില്‍ വിളവെടുപ്പായാല്‍ ആദ്യഭാഗം മമ്പുറം തങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന സമൂഹം ഉടലെടുത്തതും അവിടെനിന്നു തന്നെ. നെല്‍ക്കതിരും വാഴക്കുലകളും മമ്പുറം തങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ടിരുന്നതായി ജീവിതചരിത്രത്തില്‍ കാണാം. ഈ ചര്യയും കാലങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്നു. തങ്ങളുടെ വിളവിന്റെ ആദ്യഭാഗം മമ്പുറം മഖാമിലേക്ക് നേര്‍ച്ചയാക്കിയാല്‍ ജീവിതം ഐശ്വര്യപൂര്‍ണമായി എന്നു വിശ്വസിക്കുന്ന സമൂഹം ഉടലെടുത്തത് ഇതിന്റെ ബാക്കിപത്രമാണ്.
തത്വത്തില്‍ പ്രവാചകന്‍ അംഗീകരിക്കുകയും പ്രായോഗികതയുടെ ചിലവശങ്ങള്‍ കാണിക്കുകയും ചെയ്ത യാഥാര്‍ഥ്യത്തിന്റെ വിശാലമായ പ്രാദേശിക നടപ്പുരീതികളും സാമ്പ്രദായിക രീതികളും നിലനില്‍ക്കുന്നു പലയിടങ്ങളിലുമെന്നും ചുരുക്കം. വിഗ്രഹാരാധനയെന്ന പേരിലോ മറ്റോ ഈ ചടങ്ങിനെ വിദൂരവീക്ഷണാടിസ്ഥാനത്തില്‍ പരിചയപ്പെടുത്തുന്നതിനു പകരം ജീവിതകാലത്ത് തങ്ങള്‍ക്കേകിയ സഹായാനുഗ്രഹങ്ങള്‍ മരണത്തിനു ശേഷവും തുടരുന്നുവെന്ന വിശ്വാസികളുടെ വിശ്വാസത്തില്‍നിന്ന് ഉടലെടുത്ത തീര്‍ത്തും ന്യായമായ ചടങ്ങുകളും ചര്യകളുമാണ് പൊതുവെ ഇന്നും മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ കാണപ്പെടുന്നതെന്ന് പറഞ്ഞുവയ്ക്കലാണ് അഭികാമ്യം. അക്കാലത്ത് തങ്ങളുടെ പരിസരപ്രദേശങ്ങളില്‍ ഉത്ഥാനപ്രവര്‍ത്തനങ്ങള്‍ക്കും ആത്മീയ മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കിയവരായിരുന്നു ഇക്കൂട്ടര്‍. മഖ്ബറകളെയും മഹത്തുക്കളുടെ അന്ത്യവിശ്രമസ്ഥാനങ്ങളെയും ബഹുമതികളോടെ സമീപിച്ച മുന്‍ഗാമികളുടെ തനിമയാര്‍ന്ന മാതൃകകള്‍ ചരിത്രത്തില്‍ ഏറെയുണ്ട് താനും.
ആധ്യാത്മിക ലോകത്ത് ഭക്ഷണം എന്നത് അനുഭൂതിയുടെ കൈമാറ്റത്തിനും ജ്ഞാനലബ്ധിക്കും ഹേതുകമായും വര്‍ത്തിച്ചിട്ടുണ്ട് പലപ്പോഴും. സൂഫി ജീവിതകഥകളില്‍ അനേകമിടങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ ദര്‍ശിക്കാം. അജ്മീര്‍ ഖാജ ഒരിക്കല്‍ ചിന്താനിമഗ്‌നനായി തോട്ടത്തില്‍ ഇരിക്കുമ്പോള്‍ പ്രസിദ്ധ സൂഫിവര്യനായിരുന്ന ഇബ്‌റാഹീം ഖദൂശി (റ) കടന്നുവന്നു. ഖാജ അദ്ദേഹത്തെ തന്റെ വിരിപ്പ് വിരിച്ച് സ്വീകരിക്കുകയും ഒരു പഴുത്ത മുന്തിരിക്കുല സമ്മാനിക്കുകയും ചെയ്തു. ശേഷം തന്റെ സന്താപങ്ങളും ആത്മികമോക്ഷത്തിനുള്ള അതിയായ ആഗ്രഹവും പ്രകടിപ്പിച്ച ഖാജക്ക് ഖദൂശി തന്റെ ഭാണ്ഡത്തില്‍നിന്ന് ഒരു റൊട്ടിക്കഷ്ണം ചവച്ചുകൊണ്ട് നല്‍കി. ഖാജയുടെ മനസ് അതോടെ കൂടുതല്‍ ആത്മിക പരിവേഷം നേടിയത്രെ.

 

 

 

അജ്മീര്‍ ദര്‍ഗ
പാവങ്ങളുടെയും അശരണരുടെയും ആശാകേന്ദ്രമായിരുന്നു എക്കാലത്തെയും പണ്ഡിതവസതികളും തങ്ങള്‍ തറവാടുകളും. ഭൗതികസഹായങ്ങള്‍ക്കും ആത്മീയ വീണ്ടെടുപ്പിനും അവര്‍ ഈ തറവാടുകളെ ആശ്രയിച്ചു. അതിന്റെ ബാക്കിപത്രമെന്നോണമാകണം അന്നദാനം, തബറുക് വിതരണം, മിഠായി വിതരണം തുടങ്ങി വിവിധ നാമങ്ങളില്‍ ഭക്ഷണ വിതരണത്തിന്റെ ചര്യകള്‍ മഖ്ബറകള്‍ കേന്ദ്രീകരിച്ച് ഉടലെടുത്തതും നിലനില്‍ക്കുന്നതും. ഇത്തരത്തില്‍ പ്രസിദ്ധിയാര്‍ജിച്ചതും ആചാരാനുഷ്ഠാനങ്ങള്‍ ഏറെ നിലനില്‍ക്കുന്നതുമായ ഇടമാണ് അജ്മീര്‍ ദര്‍ഗ. ക്രി. 1230ല്‍ വഫാത്തായ മുഈനുദ്ദീന്‍ ചിശ്തി(റ)യുടെ മഖ്ബറയാണിത്. ഖാജായുടെ ജീവിതകാലം മുതല്‍ക്കേ തബറുക് വിതരണം നടന്നിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗരീബ് നവാസ് (പാവങ്ങളുടെ ദാതാവ്) എന്ന അപരനാമത്തിലാണ് അദ്ദേഹം വിശ്രുതനായതും. ദര്‍ഗ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കായി ലംഗാര്‍ അടുക്കളകള്‍ പണിതത് അക്ബറിന്റെ കാലത്തായിരുന്നു.
നിലവിലുള്ള ബാരിദേഗ് എന്ന വലിയ ഉരുളി അക്ബര്‍ ചക്രവര്‍ത്തിയും ചോട്ടി ദേഗ് എന്ന ചെറിയ ഉരുളി ജഹാംഗീര്‍ ചക്രവര്‍ത്തിയും സമ്മാനിച്ചതത്രെ. ആദ്യകാലത്ത് ഭക്ഷണം നല്‍കാനായിരുന്നു ഈ വലിയ പാത്രം ഉപയോഗിച്ചിരുന്നത്. പിന്നീട് സന്ദര്‍ശനം നടത്തുന്നവര്‍ക്കുള്ള നിയാസ് (പ്രസാദം) എന്ന രീതിയിലേക്ക് മാറി. അരി, പഞ്ചസാര, കുങ്കുമം, വെണ്ണ, ഡ്രൈ ഫ്രൂട്ട്‌സ് എല്ലാം ചേര്‍ത്തുള്ള കിച്ച്ഡിയാണ് ഇവിടെ പ്രധാനമായും പാചകം ചെയ്യുന്നത്. 13 കോല്‍ വ്യാസമുള്ള വലിയ ഉരുളിയില്‍ ഒരേ സമയം 4,800 കിലോ ഭക്ഷണവും ചെറിയ ഉരുളിയില്‍ 2,900 കിലോ ഭക്ഷണവും ഉണ്ടാക്കാന്‍ സാധിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഇത്തരത്തില്‍ ദാനം ഏറ്റെടുക്കാനുള്ള അവസരവും നല്‍കപ്പെടുന്നുണ്ട്.

 


അപ്പവാണിഭ നേര്‍ച്ച
ക്രി. 1524 (ഹി.930)ല്‍ വഫാത്തായ പ്രസിദ്ധ സൂഫിവര്യനും നവോഥാന നായകനുമായിരുന്ന അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നു അലാഉദ്ദീന്‍ ഹിംസി (റ) എന്നവരുടെ ഇടിയങ്ങരയില്‍ നിലകൊള്ളുന്ന മഖ്ബറയിലെ നേര്‍ച്ചയാണ് അപ്പവാണിഭ നേര്‍ച്ച എന്നപേരില്‍ പ്രസിദ്ധിയാര്‍ജിച്ചത്. നാലര നൂറ്റാണ്ടിലധികം പഴക്കമുള്ള ചര്യയാണ് അപ്പവാണിഭ നേര്‍ച്ച. ശൈഖിന്റെ ജീവിതകാലത്ത് കാണാന്‍ വരുന്നവര്‍ അപ്പങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നുവത്രെ. വഫാത്തിന് ശേഷവും ഇതു തുടര്‍ന്നു. നേര്‍ച്ചയാക്കിയ അപ്പങ്ങള്‍ മഖ്ബറക്കടുത്തുള്ള പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാറാണ് പതിവ്. ഇങ്ങനെയാണ് ഇതിന് ഈ പേര് വരുന്നത്. 1943ലെ കോളറബാധ കാലത്ത് മലബാര്‍ കലക്ടറുടെ ഉത്തരവ് പ്രകാരം അപ്പവാണിഭം നിരോധിച്ചു. ചരിത്രത്തില്‍ അപ്പമില്ലാതെ നേര്‍ച്ച നടക്കുന്നത് അക്കൊല്ലം മാത്രമായിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് അറുതിവരുത്താനും രോഗശമനത്തിനും ജനങ്ങള്‍ ഈ നേര്‍ച്ച ഉപയോഗപ്പെടുത്തുന്നു. കാലപ്പം, കയ്യപ്പം, നാക്കപ്പം, ചെകിയപ്പം, കുടലപ്പം, പല്ലപ്പം തുടങ്ങിയ ശരീരത്തിന്റെ വ്യത്യസ്ത അവയവങ്ങളുടെ പേരിലുള്ളതും കുറുകപ്പം, കെടുമ്പപ്പം തുടങ്ങിയ രോഗത്തിന്റെ പേരിലുള്ളതുമായ അപ്പങ്ങളും നേര്‍ച്ചയില്‍ കാണാം.
ഭക്ഷണവിഭവങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച രണ്ട് നേര്‍ച്ചകളാണിവ. പൊതുവെ എല്ലാ നേര്‍ച്ചകളിലും അന്നദാനവും മധുരവിതരണവും (ബറകത്ത് വിതരണം എന്ന പേരിലും അറിയപ്പെടുന്നു) സര്‍വസാധാരണയാണ്. ജനങ്ങള്‍ നേര്‍ച്ചയാക്കിയ ഭക്ഷണപ്പൊതികളും അരികളും അവര്‍ക്കു മാത്രമായോ മറ്റു സദ്‌സംരംഭങ്ങളിലേക്കോ ദാനം ചെയ്യുന്ന രീതിയാണ് എല്ലായിടങ്ങളിലുമുള്ളത്. മമ്പുറം, പൊന്നാനി, വെളിയങ്കോട്, മടവൂര്‍, വരക്കല്‍ തുടങ്ങി മലബാര്‍ പ്രദേശങ്ങളിലെ മഖ്ബറകള്‍ തന്നെ ഉദാഹരണം. ഇത്തരത്തില്‍ എല്ലാ സമൂഹങ്ങള്‍ക്കിടയിലും നേര്‍ച്ച സമ്പ്രദായങ്ങളും പ്രസാദങ്ങളും അവരുടെ വിശ്വാസാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നു. പ്രാദേശികമായ ഐതിഹ്യങ്ങളും നടപ്പുരീതികളും ഇവയില്‍ ഏറെ സ്വാധീനം ചെലുത്തിയതായും കാണാം.

 

 

 

അരവണപ്പായസം
പത്തനംതിട്ട ജില്ലയിലെ ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്രം എന്ന പ്രസിദ്ധ തീര്‍ഥാടന കേന്ദ്രത്തിലെ പ്രധാന പ്രസാദങ്ങളില്‍ പെട്ടവയാണ് അരവണപ്പായസവും കൂട്ടപ്പവും. സ്ത്രീകള്‍ ഋതുമതിയാകുമ്പോള്‍ പണ്ടുകാലങ്ങളില്‍ വയ്ക്കാറുള്ള ഋതുമതിക്കഞ്ഞിയാണ് അരവണപ്പായസമായി മാറിയത്. അരവണപ്പായസത്തിനായുള്ള അരി തിരുവിതാംകൂര്‍ ദേവസ്വത്തിനു തന്നെ കീഴിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. കൗമാരകാലത്ത് ചീരപ്പന്‍ചിറ ഗുരുക്കളുടെ പക്കല്‍ ആയോധനകല അഭ്യസിക്കാന്‍ പോയ മണികണ്ഠന്‍ മൂപ്പന്റെ മകള്‍ ലളിത പ്രായപൂര്‍ത്തിയായയുടന്‍ ആദ്യമായി നല്‍കിയത് ഉണക്കലരിയും ശര്‍ക്കരയും നെയ്യും ചേര്‍ത്തുള്ള മധുരമുള്ള അരവണപ്പായസമായിരുന്നു.


അമ്പലപ്പുഴ പാല്‍പ്പായസം
ക്രി. 1545ല്‍ നിര്‍മിക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം പ്രസിദ്ധമായത് തന്നെ പാല്‍പ്പായസത്തിന്റെ പേരിലാണ്. ഇതിനെക്കുറിച്ചും ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ചതുരംഗഭ്രാന്തനായിരുന്ന ചെമ്പകശ്ശേരി രാജാവ് ഒരിക്കല്‍ മത്സരത്തിനായി വെല്ലുവിളി നടത്തി. രാജാവ് കളിയില്‍ തോറ്റാല്‍ 64 കളങ്ങളുള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി, രണ്ടാമത്തേതില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട് ഇത്തരത്തില്‍ ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു. സാധു മനുഷ്യന്റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ വെല്ലുവിളി ഏറ്റെടുത്തു. കളിയില്‍ പരാജയപ്പെട്ട രാജാവ് രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നുവച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല. രാജാവ് ക്ഷമ ചോദിക്കുകയും ദിവസവും പാല്‍പ്പായസം നിവേദിച്ച് കടംവീട്ടാന്‍ നിശ്ചയിക്കുകയും ചെയ്തുവത്രെ. ഇപ്രകാരം മറ്റു ഐതിഹ്യങ്ങളും നിലനില്‍ക്കുന്നു. പാല്‍, വെള്ളം, അരി, പഞ്ചസാര തുടങ്ങിയ ചേരുവകള്‍ കൊണ്ടാണ് പായസം തയ്യാറാക്കപ്പെടുന്നത്.
ഇത്തരത്തില്‍ മതകീയാചാരങ്ങളോടും ജീവിതചിട്ടകളോടും കര്‍ഷകപൈതൃകങ്ങളോടും ബന്ധിച്ച ഏറെ ഭക്ഷണദാനരീതികളും നിവേദ്യങ്ങളും കേരളീയ സമൂഹത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്, ചിലതെല്ലാം ഏറെക്കുറെ തമസ്‌കരിക്കപ്പെട്ടുവെന്നു മാത്രം.

 

 

മരിച്ചുപോയവരുടെ ആത്മാവിന് ശാന്തികിട്ടാനായി നടത്തുന്ന ആചാരമാണ് ബലിച്ചോറ്. ആണ്ടിലൊരിക്കല്‍ ആത്മാവ് പിതൃക്കളായിട്ട് (കാക്കകളായി) വന്ന് ചോറു കഴിച്ച് തൃപ്തരായി മടങ്ങിപ്പോകുന്നു എന്നാണു വിശ്വാസം. ബലിഭക്ഷണത്തിനു വിധിപ്രകാരമുള്ള വിഭവങ്ങള്‍ ഒരുക്കേണ്ടതുണ്ട്. എരിശ്ശേരി, പുളിശ്ശേരി, ഓലന്‍, മെഴുക്കുപുരട്ടി, ഇഞ്ചിത്തൈര്, ഇഞ്ചിനുറുക്ക്, കദളിപ്പഴം, ശര്‍ക്കര, അടപ്രഥമന്‍, വല്‍സന്‍ എന്നിവയാണ് ബലിക്കുള്ള വിഭവങ്ങള്‍.
കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ചോറ് നല്‍കുന്ന സമ്പ്രദായമാണ് ചോറൂണ്. ക്ഷേത്രങ്ങളില്‍ വച്ചും വിശിഷ്യാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചും ഈ ചടങ്ങ് നടത്തപ്പെടുന്നു. അന്നപ്രാശം, കുഞ്ഞൂണ് എന്നീ പേരുകളിലും അറിയപ്പെടുന്ന ചടങ്ങില്‍ ഉപ്പ്, മുളക്, പുളി എന്ന രസങ്ങള്‍ കുഞ്ഞിന് പകരുകയും ശേഷം അല്‍പം ചോറ് വായില്‍ നല്‍കുകയും ചെയ്യുന്നു.
ഇപ്രകാരം ഓരോ ദേവനും വിവിധ കാലത്തായി വ്യത്യസ്ത രീതിയിലുള്ള നിവേദ്യങ്ങളര്‍പ്പിക്കപ്പെടുന്നു. ക്ഷേത്രങ്ങള്‍ക്കനുസരിച്ചും നിവേദ്യങ്ങള്‍ മാറാം. വറ, പൊരി, അവില്‍, പഴം, കരിക്ക് എന്നിവയാണ് ഭദ്രകാളിക്കുള്ള നിവേദ്യങ്ങള്‍. ഭഗവതിക്ക് കൂട്ടുപായസം, സൂര്യനു ശര്‍ക്കരപ്പായസം, ശിവന് വെള്ളനിവേദ്യം, വിഷ്ണുവിന് പാല്‍പ്പായസം, ഗണപതിക്ക് മോദവകവും ഉണ്ണിയപ്പവും, സുബ്രഹ്മണ്യന് പഞ്ചാമൃതം, ഹനുമാന് വട തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.
നല്ല വിളവുണ്ടായാല്‍ ആദിവാസികള്‍ മലദൈവങ്ങള്‍ക്ക് നല്‍കുന്ന കാഴ്ചയാണ് പയംകുറ്റി. അവിലും തേങ്ങയുമാണ് പയംകുറ്റിയായി കാഴ്ചവയ്ക്കാറുള്ളത്. അതേസമയം പട്ടിണി കൊണ്ട് വലയുന്ന കര്‍ക്കിടക മാസത്തില്‍ ക്ഷേമൈശ്വര്യത്തിനായി കലിയനു സമര്‍പ്പിക്കുന്ന നിവേദ്യമാണ് കലിയനുവയ്ക്കല്‍. ഓരോ വീട്ടിലുമുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഒരുഭാഗം കലിയനായി മാറ്റിവയ്ക്കും. മിഥുന മാസത്തിലെ അവസാന ദിനമാണ് ഈ ചടങ്ങ് നടത്തുക. പൊതുജനങ്ങളുടെ ജീവിതചിട്ടകളിലേക്കും സംസ്‌കാര ശീലങ്ങളിലേക്കും ആരാധനാ കര്‍മങ്ങളെ ഉള്‍ച്ചേര്‍ക്കുന്നിടത്താണ് ഭക്ഷണവിഭവങ്ങള്‍ നേര്‍ച്ചകളിലും പ്രസാദനിവേദ്യങ്ങളിലും സ്ഥാനം പിടിക്കുന്നതെന്ന് ചുരുക്കം.

അവലംബം
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം-പരപ്പില്‍ മമ്മദ് കോയ
- തര്‍സീഖുല്‍ യഖീന്‍ ബി ജവാസി തബര്‍റുകി ബിസ്വാലിഹീന്‍
- നമ്മുടെ സംസ്‌കാരം -ഡി.സി ബുക്‌സ്
- രിസാല വാരിക-ഛരീേയലൃ 18, 2012
- അജ്മീരിലെ ഭീമന്‍ അണ്ടാവിന്റെ കഥ (https://www.twetnyfournews.com/2020/05/18/ajmirdeghistory.html)
- NERCCAS: SAINTMARTYR WORSHIP AMONG THE MUSLIMS OF KERALA STEPHEN F DALE « M. GANGADHARA MENON



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a day ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  a day ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a day ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  a day ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago