പട്ടിക വർഗ കോളനികളിൽ പ്രവേശനത്തിന് മുൻകൂർ അനുമതി വകുപ്പിന്റെ സർക്കുലർ വിവാദത്തിൽ
സ്വന്തം ലേഖകൻ
കൽപ്പറ്റ
പട്ടിക വർഗ മേഖലകളിൽ പ്രവേശിക്കുന്നതിന് വകുപ്പിന്റെ മുൻകൂർ അനുമതി ലഭ്യമാക്കണമെന്ന പട്ടിക വർഗ വികസന വകുപ്പിന്റെ സർക്കുലറിനെതിരേ പ്രതിഷേധം. ഈമാസം 15ന് പുറത്തിറക്കിയ പട്ടിക വർഗ മേഖലകളിലെ റിസർച്ച് പെർമിഷൻ, ഫീൽഡ് സർവേ ഇന്റേൺഷിപ്പ്, ക്യാംപ് സംഘടിപ്പിക്കൽ എന്നിവയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചുള്ള സർക്കുലറിനെതിരേയാണ് പ്രതിഷേധം.
വകുപ്പിന്റെ അനുമതിയില്ലാതെ വ്യക്തിളുടേയും സംഘടനകളുടേയും കോളനി സന്ദർശനവും വിവര ശേഖരണവും അനുവദിക്കരുതെന്ന സർക്കുലറിലെ നിർദേശമാണ് വിവാദമാകുന്നത്. ഇതിനെതിരേ ആദിവാസി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വകുപ്പിന്റെ പ്രവേശന വിലക്ക് ആദിവാസികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ. വയനാട് പറഞ്ഞു.
ആദിവാസി ഊരുകൾ കാഴ്ച ബംഗ്ലാവുകളല്ല. ഊരുകളിലെ മനുഷ്യരെ മൃഗസമാനരായി കാണുന്നതാണ് വകുപ്പിന്റെ നടപടിയെന്നും സർക്കുലർ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ പറഞ്ഞു. ആദിവാസികളുടെ പ്രശ്‌നങ്ങൾ പുറംലോകമറിയാതിരിക്കാനാണ് പുതിയ നീക്കമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാവോയിസ്റ്റുകൾ കോളനികൾ കേന്ദ്രീകരിക്കുന്നുണ്ടെന്ന വാദമുയർത്തിയാണ് വകുപ്പ് കോളനി പ്രവേശനത്തിന് അനുമതി ആവശ്യമാക്കി സർക്കുലർ ഇറക്കിയത്. പുതിയ സർക്കുലർ ആദിവാസി മേഖലയിലെ സന്നദ്ധ സംഘടനകളുടെ സേവന പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകും.
അധികൃതരിൽ നിന്നല്ലാതെ അടിയന്തര സഹായങ്ങൾ പോലും ആദിവാസിവാസികൾക്ക് ലഭിക്കുന്നത് തടയുന്നതാണ് വകുപ്പിന്റെ നടപടിയെന്നും ആക്ഷേപമുണ്ട്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആദിവാസി സംഘടനകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."