'കറുത്തവര്‍ക്ക് സൗന്ദര്യമില്ല, അവര്‍ മത്സരത്തിന് വരരുത്; പരാമര്‍ശത്തില്‍ കുറ്റബോധമില്ല' വര്‍ണവെറി ആവര്‍ത്തിച്ച് സത്യഭാമ
തൃശ്ശൂര്‍: കറുപ്പ് നിറത്തിന്റെ പേരില്‍ നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ നടത്തിയ വര്‍ണവെറി പരാമര്‍ശത്തിലുറച്ച് നര്‍ത്തകി സത്യഭാമ. മോഹിനിയാട്ടത്തെ കുറിച്ച് താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. മോഹിനിയാട്ടം പുരുഷന്മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവകാശപ്പെട്ട സത്യഭാമ കറുത്ത നിറം ഉള്ളവര്‍ക്ക് സൗന്ദര്യമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സൗന്ദര്യമില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരേണ്ടെന്നും മോഹിനിയാട്ടം സൗന്ദര്യമുള്ളവര്‍ക്കുള്ള കലയാണെന്നും തിരുവനന്തപുരത്ത് വസതിയില്‍ ചെന്നുകണ്ട മാധ്യമപ്രവര്‍കരോട് സത്യഭാമ പറഞ്ഞു.
സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങളില്‍ പങ്കെടുക്കുന്നത്- സത്യഭാമ പറഞ്ഞു.
പരാമര്‍ശത്തില്‍ ഒരു കുറ്റബോധവുമില്ല. താന്‍ ഇനിയും പറയും. വര്‍ണവെറി നടന്നുവെന്നതിന് പൊലീസിനും കോടതിക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. കലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രതികരിക്കും. സൗന്ദര്യത്തെ കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴില്‍ പോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും മാധ്യമപ്രവര്‍ത്തകരോടായി സത്യഭാമ പ്രതികരിച്ചു.
സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ വിവാദ പരാമര്‍ശം നടത്തിയത്. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. പേര് വെളിപെടുത്താതെയായിരുന്നു ഈ പരാമര്‍ശം. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
പിന്നാലെ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ രംഗത്തെത്തി. തന്റെ കറുപ്പാണ് തന്റെ അഴകെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ മറ്റൊരു എഫ്.ബി പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും ഏഴയലത്ത് വരില്ലെന്നും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."