HOME
DETAILS

ഓണ്‍ലൈന്‍ പഠനത്തിലെ പ്രതിസന്ധി പരിഹരിക്കണം

  
backup
May 31 2021 | 21:05 PM

950927534365-2021

കൊവിഡ് രണ്ടാംതരംഗത്തിന്റെ ആഘാതത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണയും ഓണ്‍ലൈന്‍ പഠനം തന്നെ അഭയം. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതീക്ഷിച്ചതായിരുന്നു. ഒന്നാം തരംഗത്തില്‍ പ്രായമായവരെ മാത്രം ബാധിച്ചിരുന്ന രോഗം രണ്ടാം തരംഗത്തില്‍ രൗദ്രരൂപത്തില്‍ കുട്ടികളെ പോലും ബാധിക്കാന്‍ തുടങ്ങി. ഈയൊരു ഘട്ടത്തിലാണ് ഒരിക്കല്‍ കൂടി ഓണ്‍ലൈന്‍ അധ്യയനം ഇന്നാരംഭിക്കുന്നത്. സാധാരണ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അതുവരെ നിശബ്ദമായിരുന്ന സ്‌കൂള്‍ അന്തരീക്ഷം കുട്ടികളുടെ കലപില ശബ്ദത്താല്‍ മുഖരിതമാകാറായിരുന്നു പതിവ്. സ്‌കൂള്‍ അന്തരീക്ഷവുമായി കുട്ടികളെ ഇണക്കിച്ചേര്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പ്രവേശനോത്സവം അക്ഷരാര്‍ഥത്തില്‍ കുട്ടികളെ സംബന്ധിച്ചേടത്തോളം ഉത്സവമായിരുന്നു. അതാണിപ്പോള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അന്യംനില്‍ക്കാന്‍ തുടങ്ങിയത്.


ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ വഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അതൊരു പുതിയ അനുഭവമായിരുന്നു.പലരും അത്തരമൊരു സമ്പ്രദായവുമായി വൈകാതെ ഇണങ്ങിച്ചേര്‍ന്നെങ്കിലും വലിയൊരു വിഭാഗം കുട്ടികള്‍ക്ക് പഠനത്തിലെ മാറിയ സാഹചര്യവുമായി ചേര്‍ന്നുപോകാന്‍ കഴിഞ്ഞില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തന്നെയായിരുന്നു മുഖ്യകാരണം. മൊബൈല്‍ ഫോണുകളില്ലാത്ത കുട്ടികള്‍ ഏറെയായിരുന്നു. നെറ്റ്‌വര്‍ക്കിന് റേഞ്ച് ഇല്ലാത്തതിനാല്‍ പലകുട്ടികളും കുന്നില്‍ പുറങ്ങളോ മരങ്ങളുടെ ശിഖരങ്ങളിലോ മേല്‍പ്പുരക്ക് മുകളില്‍കയറി ഇരുന്നായിരുന്നു പഠനം നടത്തിയിരുന്നത്. ഇത് മഴക്കാലത്ത് സാധ്യമായതുമില്ല. ആരംഭത്തിലെ പുതുമ ഇല്ലാതായതോടെ കുട്ടികളില്‍ പലര്‍ക്കും ഓണ്‍ലൈന്‍ പഠനം രുചിക്കാതായി.


കുട്ടികള്‍ക്ക് സഹപാഠികളെ നഷ്ടപ്പെട്ട വര്‍ഷം കൂടിയായിരുന്നു കടന്നു പോയത്. സ്‌കൂള്‍ കാലഘട്ടമാണ് ഒരു കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത്. സ്‌കൂള്‍ അന്തരീക്ഷത്തില്‍ ഉടലെടുക്കുന്ന, ജാതി-മത ഭേദങ്ങള്‍ക്കപ്പുറമുള്ള സൗഹാര്‍ദം അവരെ മരണംവരെ കൂട്ടിയിണക്കുന്ന കണ്ണികളുമായിത്തീരുന്നു. വിദ്യാലയാന്തരീക്ഷത്തില്‍ രൂപപ്പെടുന്ന കുട്ടികള്‍ തമ്മിലുള്ള ബന്ധം വര്‍ഗീയവിഷം തീണ്ടാതെ എന്നെന്നും നിലനില്‍ക്കുകയും ചെയ്യും. അത്തരമൊരു സ്‌കൂള്‍ അന്തരീക്ഷം ലോക്ക്ഡൗണ്‍ ഇല്ലാതാക്കുന്നു എന്നത് വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷം തമ്മില്‍ കാണാതെയും മിണ്ടാതെയും വീടുകളിലൊതുങ്ങിയ കൂട്ടുകാരെക്കുറിച്ചുള്ള വേദന ഈ അധ്യയന വര്‍ഷത്തിലെങ്കിലും തുടരാതിരിക്കട്ടെ എന്നാഗ്രഹിക്കുവാന്‍ മാത്രമേ ഈ കാലത്ത് കഴിയൂ.
ഓണ്‍ലൈന്‍ പഠനത്തിലെ മറ്റൊരു പ്രതിസന്ധി പഠനാരംഭത്തിലെ ഉത്സാഹവും പുതുമയും മിടുക്കരായ കുട്ടികള്‍ക്കു പോലും പിന്നീട് ഇല്ലാതെ പോകുന്നതാണ്. പലരും പഠനം മാറ്റിവച്ച് കാര്‍ട്ടൂണ്‍, വിനോദങ്ങളിലേക്ക് നീങ്ങുന്നു. കൊവിഡ് ഒഴിഞ്ഞു പോകാത്ത സാഹചര്യത്തിലും മറ്റൊരു മാര്‍ഗമില്ലാത്തതിനാലും ഈ പഠന മാധ്യമം തുടരുകയല്ലാതെ വേറെവഴിയില്ല. അപ്പോള്‍ ഓണ്‍ലൈന്‍ പഠനം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്.


മാനസികമായും ശാരീരികമായും പലകുട്ടികളും ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പുതിയ പഠനരീതിയില്‍ മാനസിക പിരിമുറുക്കം നേരിടുന്ന വിദ്യാര്‍ഥികളും ഏറെയാണ്. ഇവരെ കണ്ടെത്തി ആവശ്യമായ കൗണ്‍സിലിങ് നടത്താന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കുകയും വേണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ സാധാരണ ക്ലാസുകള്‍ക്ക് പകരമാകുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുവേണം മാനസിക പിരിമുറുക്കം നേരിടുന്ന കുട്ടികളെ പരിഗണിക്കാന്‍.


എല്ലാ വിദ്യാര്‍ഥികളുടേയും വീടുകളില്‍ പുതിയ പഠനരീതികളുമായി ഇഴുകിച്ചേരാന്‍ പര്യാപ്തമായ ടി.വിയോ കേബിള്‍ കണക്ഷനോ നെറ്റ്‌വര്‍ക്ക് സൗകര്യമോ വൈദ്യുതിയോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതൊക്കെ അറിയാന്‍ അതത് സ്‌കൂളിലെ അധ്യാപകര്‍ക്കേ കഴിയൂ. പഠനവൈകല്യം, അംഗഭംഗം, കാഴ്ച്ചക്കുറവ്, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമായി നടക്കാന്‍ അധ്യാപകരില്‍നിന്നാണ് നിസീമമായ സഹകരണം ഉണ്ടാകേണ്ടത്. ഇതു സംബന്ധിച്ച് സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും അവബോധം ഉണ്ടാവുകയും വേണം.


കുട്ടികളുടെ സംശയനിവാരണത്തിന് ഓണ്‍ലൈന്‍ പഠനം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അധ്യാപകരേയും വിദ്യാര്‍ഥികളേയും ഒരുപോലെ ഇത് പ്രയാസത്തിലാക്കുന്നു. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയുടെ മണിക്കൂറുകള്‍ നീളുന്ന ഉപയോഗത്താല്‍ കുട്ടികള്‍ ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അത് പരിഹരിക്കപ്പെടണം. കുട്ടികളുടെ മാനസികോല്ലാസത്തിനും സൗഹാര്‍ദ കൂട്ടായ്മക്കും അധ്യാപക - വിദ്യര്‍ഥി ബന്ധം ഇഴയറ്റു പോകാതിരിക്കാനും ആഴ്ചയില്‍ ഒരു തവണയെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള സംഗമങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പു തയാറാകണം.
സ്‌കൂള്‍ പഠനകാലത്ത് കുട്ടികളുടെ വ്യായാമത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഓണ്‍ലൈന്‍ പഠനത്തില്‍ അതില്ലാതായി. ഓണ്‍ലൈന്‍ പഠനത്തിലും വ്യായാമത്തിനുള്ള സാഹചര്യം ഉണ്ടാകണം. പ്രോട്ടോകോള്‍ പാലിച്ച് മന്ത്രിമാര്‍ നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങുപോലെ ഇത്തരം സംഗമങ്ങളും വ്യായാമ മുറകളും ക്ലാസ് അടിസ്ഥാനത്തില്‍ നടത്താവുന്നതാണ്. ഇന്നു തുടങ്ങുന്ന ഓണ്‍ലൈന്‍ ക്ലാസ് പഠനം കാര്യക്ഷമവും ആരോഗ്യകരവും കുട്ടികള്‍ക്ക് ആഹ്ലാദകരവുമാകട്ടെ. അറിവിന്റെ വാതായനം തുറക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈൽ തന്നെ പറയുന്നു; ഗസ്സയിൽ നടക്കുന്നത് വംശഹത്യ തന്നെ - കൊടും ക്രൂരതയുടെ രണ്ടാണ്ട്

International
  •  9 days ago
No Image

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു പ്രദര്‍ശനം; ആക്‌സസ് എബിലിറ്റീസ് എക്‌സ്‌പോ 2025 ഏഴാം പതിപ്പിന് ദുബൈയില്‍ തുടക്കം

uae
  •  9 days ago
No Image

ബഹ്‌റൈന്‍: പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പുതിയ സമിതി വരുന്നു

bahrain
  •  9 days ago
No Image

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍ 

National
  •  10 days ago
No Image

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

uae
  •  10 days ago
No Image

ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്‌ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി

International
  •  10 days ago
No Image

ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം

National
  •  10 days ago
No Image

ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ 

latest
  •  10 days ago
No Image

കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആ​രോ​ഗ്യ വകുപ്പ്

Kerala
  •  10 days ago
No Image

'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍

Kerala
  •  10 days ago