ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നീതി വേണം; മുഖ്യമന്ത്രിക്ക് മുസ്‌ലിം സംഘടനകളുടെ സംയുക്ത നിവേദനം
മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തുന്നതിനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
മുസ്‌ലിം സമുദായത്തിനു മാത്രമായ 100 ശതമാനം ആനുകൂല്യങ്ങളും ലഭിക്കാനുള്ള നടപടി സ്വീകരിക്കുക, സംസ്ഥാനത്ത് മദ്‌റസ അധ്യാപകര്‍ക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വിതരണം ചെയ്യുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന തെറ്റായ പ്രചാരണത്തിന്റ നിജസ്ഥിതി വെളിപ്പെടുത്തുക, വര്‍ഗീയപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുക, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കേണ്ട സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ചും മറ്റും വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.
കോടതിവിധി മുസ്‌ലി സമുദായത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും മറ്റും ബഹുദൂരം പിന്നിലായ രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പഠനങ്ങള്‍ നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിഷനെ നിയമിച്ചത്. മുസ്‌ലിം സമുദായത്തിന്റെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു സച്ചാര്‍ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നെത്ത കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ നിശ്ചയിച്ച് പദ്ധതികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ പിന്നീട് സര്‍ക്കാരുകള്‍ 80:20 എന്ന അനുപാതത്തിലൂടെ മാറ്റങ്ങള്‍ വരുത്തി. ഇതുപ്രകാരം സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളെ കൂടി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ 100 ശതമാനം മുസ്‌ലിം വിഭാഗത്തിനു ലഭിക്കേണ്ട ആനുകൂല്യത്തില്‍നിന്ന് 20 ശതമാനം നഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്നും നിവേദനത്തില്‍ പറയുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ പ്രസിഡന്റ് സി.പി ഉമ്മര്‍ സുല്ലമി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ്, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ. നജീബ് മൗലവി, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ജനറല്‍ സെക്രട്ടറി വി.എച്ച് അലിയാര്‍ ഖാസിമി, എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍, എം.എസ്.എസ് ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുല്‍ കരീം, മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ അലി എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."