തീവ്ര വലതുപക്ഷവും അറബ് അംഗങ്ങളും ചേര്‍ന്ന് ഇസ്‌റാഈല്‍ ഭരിക്കുമോ? നെതന്യാഹു പുറത്താവുമ്പോള്‍ അറിയാനുള്ളത്
സമാനതയില്ലാത്ത ഒരു സഖ്യപ്പിറവിക്ക് കാതോര്‍ക്കുകയാണ് ഇസ്‌റാഈല്‍. ഇന്ത്യയില്‍ ജമ്മു കശ്മീരില്‍ പരാജയപ്പെട്ട ബി.ജെ.പി- പി.ഡി.പി സഖ്യംപോലെ, മഹാരാഷ്ട്രയില്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്ന ശിവസേന- കോണ്‍ഗ്രസ് സഖ്യംപോലെ മറ്റൊന്ന്. ഇവയുമായി സാമാന്യവത്ക്കരിക്കാനാവില്ലെങ്കിലും ഇസ്‌റാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ നീണ്ട 12 വര്‍ഷത്തിനു ശേഷം പുറത്താക്കുന്ന സഖ്യനീക്കത്തിന്റെ ഭാവി കണ്ടു തന്നെ അറിയണം.
യഥാര്‍ഥത്തില്‍ ഒരേ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളോ സഖ്യകക്ഷകളോ അല്ല ഇസ്‌റാഈലില്‍ ഒന്നിക്കാന്‍ പോവുന്നത്. നെതന്യാഹു വിരുദ്ധ സഖ്യമായാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമം നടക്കുന്നത്. പ്രതിപക്ഷത്തുള്ള എല്ലാവരും നെതന്യാഹു വിരുദ്ധര്‍. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 61 എന്ന മാന്ത്രികസംഖ്യ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്‌റാഈലില്‍ നടന്നത്. അവസാന തെരഞ്ഞെടുപ്പിനുശേഷവും ഏറ്റവും വലിയ ഒറ്റകക്ഷിയായി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കേവലഭൂരിപക്ഷത്തിലേക്ക് പാര്‍ട്ടിയോ സഖ്യമോ എത്തിയില്ല. 30 സീറ്റുകള്‍ പാര്‍ട്ടി നേടിയപ്പോള്‍ സഖ്യകക്ഷികള്‍ക്കും കൂടി കിട്ടിയത് 59 സീറ്റുകള്‍.
നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നല്‍കിയ സമയം അവസാനിച്ചതോടെയാണ് റൂവെന്‍ റിവ്‌ലിന്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുന്നത്. അപ്പോഴും അനിശ്ചിതത്വം രൂപപ്പെട്ടു. പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം കൂടി 61 സീറ്റുകള്‍ ആവുമെങ്കിലും ഓരോ പാര്‍ട്ടികളും ബദ്ധവൈരികള്‍, ആശയപരിസരം നേര്‍ എതിര്‍കക്ഷികള്‍.
[caption id="attachment_951115" align="aligncenter" width="630"] യായിർ ലാപിഡും ബെന്നറ്റും[/caption]
ഇതിനിടെയാണ് തീവ്ര വലതുപക്ഷ പാര്‍ട്ടി രൂപീകരിച്ച നഫ്താലി ബെന്നെറ്റ് യായിറുമായി ധാരണയിലെത്തുന്നത്. നെതന്യാഹുവിന്റെ കൂടെ പ്രതിരോധ മന്ത്രിയായിരുന്ന ബെന്നറ്റ് തെരഞ്ഞെടുപ്പിനു മുന്‍പ് യാമിന എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ആറു സീറ്റുകള്‍ നേടുകയും ചെയ്തു. ഇതാണ് നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതു തന്നെ.
പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ യായിറിന്റെ യേഷ് അതിദിന് 17 സീറ്റുകളാണുള്ളത്. യേഷ് അതിദിന്റെ സഖ്യകക്ഷികള്‍ക്കെല്ലാം കൂടി 34 സീറ്റുകളുമുണ്ട്. പിന്നെയുള്ളത് ഫലസ്തീന്‍ അറബ് വംശജരുടെ യുനൈറ്റഡ് അറബ് ലിസ്റ്റാണ്. അവര്‍ക്ക് നാലു സീറ്റുകളുണ്ട്.
ഏതു നിമിഷവും പൊട്ടിത്തെറിക്കാം
യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷ സഖ്യത്തിന് ഭരിക്കാനാവില്ല. അപ്പോള്‍ യുനൈറ്റഡ് അറബ് ലിസ്റ്റ് എങ്ങനെ പിന്തുണ നല്‍കുമെന്നാണ് ഉറ്റുനോക്കുന്നത്. പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അതല്ല, ഭരണപങ്കാളിത്തം വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഭിന്നസ്വരങ്ങളുടെ സങ്കരമായിരിക്കും ഒന്നിച്ചുചേരുക. അതെത്ര കാലം തുടരുമെന്ന് നിര്‍വചിക്കാനാവില്ല.
61 സീറ്റുകള്‍ ഇങ്ങനെ:
- യേഷ് അതിദ്- 17
- യേഷ് അതിദ് സഖ്യകക്ഷികള്‍ -34
- യാമിന -6
- യുനൈറ്റഡ് അറബ് ലിസ്റ്റ് -4
സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ അതിന്റെ അജണ്ടയൊക്കെ എന്താവുമെന്ന ചോദ്യവുമുണ്ട്. ബെന്നറ്റിന്റെ യാമിന പാര്‍ട്ടിയുടെ പ്രധാന ആവശ്യം തന്നെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ ഇസ്‌റാഈലി സെറ്റില്‍മെന്റുകള്‍ നിര്‍മിക്കണമെന്നാണ്. ഇരുരാഷ്ട്ര പരിഹാരമെന്ന ഫോര്‍മുലയ്ക്കും ബെന്നറ്റ് കടുത്ത എതിര്‍പ്പാണ് പരസ്യമാക്കിയിരിക്കുന്നത്.
2021 ല്‍ രൂപീകരിച്ച യായിര്‍ ലാപിഡിന്റെ യേഷ് അതിദ് പാര്‍ട്ടി പൊതുവേ മതേതര, മധ്യസ്ഥ സ്വഭാവം പുലര്‍ത്തുന്ന പാര്‍ട്ടിയാണ്.
മറ്റു കക്ഷികളെ ബാധിക്കുന്ന അജണ്ടകളില്‍ നിന്ന് മാറി, കൊവിഡ് കാരണം പ്രതിസന്ധിയിലായ സാമ്പത്തികാവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിലായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് അറിയുന്നത്. ഒരുപക്ഷേ, ഇക്കൂട്ടര്‍ക്കിടയില്‍ ഒരു പൊതുമിനിമം പരിപാടി അവതരിപ്പിക്കപ്പെട്ടേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."