വോട്ടെണ്ണൽ തുടങ്ങി; തൃക്കാക്കര വിധി അറിയാൻ ഇനി മണിക്കൂറുകൾ
കൊച്ചി: കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണിത്തുടങ്ങിയത്. പോസ്റ്റൽ, സർവ്വീസ് ബാലറ്റുകളാണ് ആദ്യമെണ്ണുന്നത്. 8.15ഓടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. 12 റൗണ്ടുകളായാണ് വോട്ടെണ്ണൽ.
മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടർമാരും 95274 പുരുഷ വോട്ടർമാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒരാളാണ് വോട്ട് ചെയ്തത്.
11 റൗണ്ടിൽ 21 ബൂത്ത് വീതവും അവസാന റൗണ്ടിൽ 8 ബൂത്തും എണ്ണും. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണുക. രണ്ടാം റൗണ്ടിൽ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകളിലേക്ക് വോട്ടെണ്ണൽ കടക്കും. മൂന്നാം റൗണ്ടിൽ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടിൽ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടിൽ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണും. അവസാന റൗണ്ടിൽ ചിറ്റേത്തുകര, മാവേലിപുരം ബൂത്തുകളാകും എണ്ണുക. വോട്ടെണ്ണലിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജാണ് വോട്ടെണ്ണൽ കേന്ദ്രം.
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ്. അടിയൊഴുക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ആശങ്ക. 8000 വരെ യു.ഡി.എഫും 5000 വോട്ട് വരെ ഭൂരിപക്ഷം എൽ.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്.
കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിനൊടുവിൽ പ്രതീക്ഷിക്കൊത്ത പോളിങ് ഉണ്ടാകാത്തത് യു.ഡി.എഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. യു.ഡി.എഫിന് സ്വാധീനമുള്ള കോർപറേഷൻ പരിധിയിൽ പോളിങ് നന്നേ കുറഞ്ഞതാണ് ആശങ്കക്ക് അടിസ്ഥാനം. തൃക്കാക്കര മുൻസിപ്പാലിറ്റി പരിധിയിൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ കോർപറേഷൻ പരിധിയിലെ പല സ്വാധീന മേഖലകളിലും 50 ശതമാനത്തിന് അടുത്ത് മാത്രമാണ് പോളിങ്. എങ്കിലും ഭൂരിപക്ഷം 5000 മുതൽ 8000 വരെ ആയിരിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ .
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞതാണ് എൽ.ഡി.എഫിൻറെ പ്രതീക്ഷക്ക് ബലം നൽകുന്നത്. എന്നാൽ മണ്ഡലത്തിലൊരിക്കലും അൻപതിനായിരത്തിന് മുകളിൽ വോട്ട് നേടാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. എൽ.ഡി.എഫിന് സ്വാധീനമുള്ള മേഖലകളിൽ പോളിങ് കുറഞ്ഞതും അവർക്ക് വിലങ്ങുതടിയാണ്. ജയിച്ചില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാനായാൽ അത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലും മുന്നണി നേതൃത്വത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."