രാജ്യദ്രോഹക്കുറ്റം: പരിധി നിശ്ചയിക്കണം
രാജ്യദ്രോഹക്കുറ്റത്തിനു പരിധി നിശ്ചയിക്കണമെന്നും പുനര്‍നിര്‍വചനം വേണമെന്നും മാറിയ കാലത്തിനനുസൃതമായി രാജ്യദ്രോഹക്കുറ്റത്തെ വ്യാഖ്യാനിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുകയാണ്. ആന്ധ്രയില്‍ രണ്ടു ടി.വി ചാനലുകള്‍ക്കെതിരേ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം തടഞ്ഞുകൊണ്ടാണ് സുപ്രിംകോടതി ശ്രദ്ധേയമായ വിധി പ്രസ്താവം പുറപ്പെടുവിച്ചത്. ടി.വി 5 ന്യൂസ്, എ.ബി.എന്‍ ആന്ധ്രജ്യോതി എന്നീ ചാനലുകള്‍ നല്‍കിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിമത എം.പി കനമുരി രഘുരാമകൃഷ്ണന്‍ രാജുവിന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന ആന്ധ്ര സര്‍ക്കാരിന്റെ നിലപാടിനെയാണ് സുപ്രിംകോടതി തിരുത്തിയത്. രാജ്യദ്രോഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ, 153 എ, 505 എന്നീ വകുപ്പുകളെ സംബന്ധിച്ച് മാറിയ കാലത്തിനൊത്ത് പുനര്‍വ്യാഖ്യാനം ഉണ്ടാവേണ്ടതുണ്ടെന്നാണ് കോടതി നിരീക്ഷണം. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും രാജ്യദ്രോഹ പരിധിയില്‍പ്പെടുത്തിയുള്ള കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് നിയമത്തെക്കുറിച്ചു പുനര്‍വ്യാഖ്യാനം ആവശ്യമാണെന്നാണ് കോടതിയുടെ നിലപാട്.
കേസ് പരിഗണിക്കവെ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ,കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും മൃതദേഹങ്ങളോട് ആദരവ് കാണിക്കുന്നില്ലെന്നും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. അത്തരം ദൃശ്യങ്ങളിലൊന്ന് ടി.വിയില്‍ കണ്ടതായി ജസ്റ്റിസ് നാഗേശ്വര്‍ റാവു പറയുകയും ചെയ്തപ്പോള്‍, ദൃശ്യങ്ങള്‍ കാണിച്ച ടി.വി ചാനലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയോ എന്നറിയില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഒരേസമയം കേന്ദ്ര സര്‍ക്കാരിനും യു.പി സര്‍ക്കാരിനുമെതിരേ ഒളിയമ്പെയ്യുകയും ചെയ്തു.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭരണകൂടത്തിനെതിരേ വിമര്‍ശനം നടത്തുന്നവരേയും എതിരഭിപ്രായം പുറപ്പെടുവിക്കുന്നവരേയും രാജ്യവിരുദ്ധരായി ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചുകൊണ്ടിരിക്കുകയാണ്. 2019 ല്‍ തുടര്‍ഭരണം കിട്ടിയതിനെത്തുടര്‍ന്ന് ഈ പ്രവണത വര്‍ധിച്ചിട്ടുമുണ്ട്. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതും ലഘുലേഖകള്‍ വായിക്കുന്നതും രാജ്യദ്രോഹക്കുറ്റമായി മോദി ഭരണത്തില്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.നിരവധി വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ട്.
ഇത്തരം കരിനിയമങ്ങള്‍ പ്രയോഗിക്കാന്‍ ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളും ഉത്സാഹം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു.അതിന്റെ അടയാളപ്പെടുത്തലുകളാണ് ടി.വി ചാനലുകള്‍ക്കെതിരേയുള്ള ആന്ധ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തല്‍. ഈ ഭീകരനിയമം ഉപയോഗിക്കുന്നതില്‍ കേരളവും പിന്നിലല്ല.കശ്മിരിന്റെ സ്വയംഭരണാവകാശം സംബന്ധിച്ചു മലപ്പുറം ഗവ. കോളജില്‍ പോസ്റ്ററൊട്ടിച്ചതിനു വിദ്യാര്‍ഥികളുടെ മേല്‍ ഐ.പി.സി സെക്ഷന്‍ 124 എ എന്ന രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കഴിഞ്ഞ പ്രാവശ്യത്തെ പിണറായി സര്‍ക്കാരിന്റെ പൊലിസായിരുന്നു. ഭരണകൂട ദാസ്യത്തിന് വഴങ്ങാത്ത, സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും നിര്‍ഭയം വിളിച്ചുപറയുന്ന ആക്ടിവിസ്റ്റുകളേയും വിദ്യാര്‍ഥികളേയും വ്യക്തികളേയും വേട്ടയാടാന്‍ രാജ്യദ്രോഹക്കുറ്റം ഒരുപകരണമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളും. ഭരണകൂടങ്ങളുടെ ഇത്തരം നടപടികള്‍ക്കുള്ള പൊലിസ് ഒത്താശയും വര്‍ധിച്ചിട്ടുണ്ട്.
വ്യവസ്ഥിതിയോട് വിയോജിക്കുന്നവരെ വേട്ടയാടാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നത് അധികാരം നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 എ കൊളോണിയല്‍ ഭരണകാലത്തെ സൃഷ്ടിയാണ്. ബ്രിട്ടിഷ് ഇന്ത്യയിലെ മെക്കാള പ്രഭു ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം എഴുതിയുണ്ടാക്കിയ പീനല്‍ കോഡിലെ നൂറ്റിപതിമൂന്നാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കുറ്റത്തിന്റെ ആദിരൂപം. ഏതെങ്കിലുമൊരാള്‍ എഴുത്ത്, സംഭാഷണം എന്നിവ മുഖേന വാക്കാലോ, ചിഹ്നങ്ങളാലോ ദൃശ്യങ്ങളാലോ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കെതിരേ, വിദ്വേഷമോ, അനാദരവോ ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായി ചുമത്തപ്പെടുമെന്നായിരുന്നു മെക്കാള പ്രഭുവിന്റെ നിയമം. ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരത്തെ രാജ്യദ്രോഹക്കുറ്റമായി ചുമത്താനായിരുന്നു ബ്രിട്ടിഷ് ഇന്ത്യയില്‍ ഇത്തരമൊരു നിയമം പ്രാവര്‍ത്തികമാക്കിയിരുന്നത്. ഈ നിയമം ഉപയോഗിച്ചാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ ഗാന്ധിജിക്കെതിരേയും ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്തത്. ആ നിയമമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വതന്ത്രാഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരേയും മാധ്യമങ്ങള്‍ക്കെതിരേയും ഇപ്പോള്‍ പ്രയോഗിക്കുന്നത്. ഇതിനെയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി വിമര്‍ശിച്ചതും. നിയമത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്നു നിരീക്ഷിച്ചതും.
മനുഷ്യാവകാശ വിരുദ്ധമായിരുന്നു ബ്രിട്ടിഷ് ഇന്ത്യയിലെ രാജ്യദ്രോഹ നിയമമെന്നിരിക്കേ, സ്വതന്ത്ര ഇന്ത്യയില്‍ ഇപ്പോഴും ഈ കരിനിയമം തുടരുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. രാജ്യദ്രോഹ നിയമത്തെ വിശാലമായ രീതിയില്‍ പരിശോധിച്ച് വ്യാഖ്യാനിച്ചാല്‍ ഭരണഘടനാപരമായി അത്തരമൊരു നിയമത്തിനു നിലനില്‍പ്പുണ്ടാവില്ലെന്നു നിയമജ്ഞര്‍ നിരീക്ഷിച്ചതാണ്. പൊലിസ് രാജ്യദ്രോഹിയെന്നാരോപിച്ച് ഹാജരാക്കുന്നവരെ കീഴ്‌ക്കോടതികള്‍ മറ്റൊന്നും നോക്കാതെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്ന സാമ്പ്രദായിക രീതി ഇപ്പോഴും തുടരുന്നുണ്ട്.
ഇന്ത്യയില്‍ ഇത്തരമൊരു നിയമം ആവിഷ്‌കരിച്ച ബ്രിട്ടന്‍ 2010 ല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമം അവരുടെ രാജ്യത്തുനിന്ന് എടുത്തുകളഞ്ഞിരിക്കുകയാണ്. 1948ലെ ലോക മനുഷ്യാവകാശ പ്രഖ്യാപന ചാര്‍ട്ടറിലേയും 1966ലെ രാഷ്ട്രീയ പൗരാവകാശ സംബന്ധമായ അന്തര്‍ദേശീയ കരാറിലേയും വകുപ്പുകള്‍ പ്രകാരം അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ടതാണ്. ഇന്ത്യ ഈ കരാറുകളിലൊക്കെയും ഒപ്പിട്ട രാജ്യമാണ്. എന്നിരിക്കെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യദ്രോഹ പ്രാകൃത നിയമങ്ങള്‍ ഇപ്പോഴും പിന്തുടരുന്നതും കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ഭരണഘടനയില്‍ എഴുതി ചേര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതും അപലപനീയമാണ്. സുപ്രിംകോടതി പറഞ്ഞതുപോലെ രാജ്യദ്രോഹ നിയമത്തില്‍ പുനര്‍വ്യാഖ്യാനം നടത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ സന്നദ്ധമാവുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."