2024ൽ മോദിയുടെ എതിരാളിയാര്?
ഡൽഹി നോട്സ്
കെ.എ സലിം
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരായിരിക്കും മോദിയുടെ പ്രധാന എതിരാളി. ആരാണ് മോദിയെ പിടിച്ചുകെട്ടാൻ പോകുന്നത്. ഈ യുദ്ധത്തിൽ ആരാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് 12 മാസം മാത്രം ബാക്കിയിരിക്കെ ഉയരുന്ന പ്രധാന ചോദ്യമാണിത്. ചർച്ചയിലുള്ള പ്രതിപക്ഷ സഖ്യം ഒരു കൂട്ടായ്മയെന്ന നിലയിലാണോ ഈ ദൗത്യം ഏറ്റെടുക്കുക. അല്ലെങ്കിൽ മോദിയെപ്പോലെ പ്രതിപക്ഷത്ത് നിന്നുള്ള ഒരു നേതാവായിരിക്കുമോ അദ്ദേഹത്തിൻ്റെ പ്രധാന എതിരാളി. ഒരു പാർട്ടിയും അതിന്റെ കുറെ നേതാക്കളുമെന്ന പതിവ് ആശയത്തിന് നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയില്ല. വിവിധ സംസ്ഥാനങ്ങളിലെ തങ്ങളുടെ സുരക്ഷിത സാഹചര്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും പറയാൻ കഴിയില്ല. 2014നു ശേഷം ചിത്രം മാറി. രാഷ്ട്രീയ ആശയങ്ങൾക്ക് മുകളിൽ വ്യക്തികളെ പ്രതിഷ്ഠിച്ചതാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയം.
ഒരു വശത്ത് മോദിയുണ്ട്. മറുവശത്ത് നിങ്ങൾക്കാരാണുള്ളത് എന്നതാണ് ചോദ്യം.
2021ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെയായിരുന്നു മോദിയുടെ എതിരാളിയായി രാജ്യം കണ്ടിരുന്നത്. കേന്ദ്രസർക്കാരിന്റെ എല്ലാ കടുംവെട്ടുകളെയും പരാജയപ്പെടുത്തി ശ്രദ്ധേയ ആർജവത്തോടെ അവർ ബി.ജെ.പിയെ പരാജയപ്പെടുത്തി. എന്നാൽ, ബംഗാളിനപ്പുറത്തേക്ക് സ്വാധീനത്തെ വ്യാപിപ്പിക്കാൻ മമതയ്ക്കായില്ല. ബി.ജെ.പി മമതയെ നേരിട്ടത് കുടുംബത്തെ ലക്ഷ്യംവച്ചാണ്. അഭിഷേക് ബാനർജിയെപ്പോലുള്ള മമതയുടെ ബന്ധുക്കളെയും പാർട്ടിയിലെ നേതാക്കളെയും അഴിമതിക്കേസിൽ കുടുക്കി. അതോടെ ബംഗാൾ കോട്ട സംരക്ഷിക്കുക എന്നതിലേക്ക് മമതയുടെ ലക്ഷ്യം ചുരുങ്ങി. ഈ സ്ഥാനത്തേക്കാണ് 2022ൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളെത്തുന്നത്.
2022 അരവിന്ദ് കെജ്‌രിവാളിന്റെ വർഷമായിരുന്നു. പഞ്ചാബിൽ മികച്ച വിജയം നേടിയ അദ്ദേഹം പാർട്ടി ഡൽഹിയിലെ ഒറ്റപ്പെട്ട സംഭവമാണെന്ന വിധിയെ മായ്ച്ചുകളഞ്ഞു. പിന്നാലെ രാജ്യമെമ്പാടും പാർട്ടിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച് മോദിയുടെ തട്ടകത്തിൽച്ചെന്ന് അദ്ദേഹത്തെ വെല്ലുവിളിച്ചു. മനീഷ് സിസോദിയയടക്കമുള്ള ആംആദ്മി പാർട്ടിയിലെ പ്രമുഖരെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്താണ് മോദി സർക്കാർ ഈ വെല്ലുവിളിയെ നേരിട്ടത്. മുൻ മന്ത്രി സത്യേന്ദർ ജയിനും ഇപ്പോൾ ജയിലിലാണ്. നേതാക്കളിൽ പലരും അഴിമതിക്കേസുകളിൽ കുടുങ്ങി. അഴിമതിക്കെതിരേ പോരാടി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി ഇപ്പോൾ സ്വന്തം അഴിമതിക്കേസുകളോടാണ് കൂടുതൽ സമയം പൊരുതുന്നത്. നരേന്ദ്രമോദിയുടെ സംശയകരമായ വിദ്യാഭ്യാസ യോഗ്യത ആയുധമാക്കി ആം ആദ്മി പാർട്ടി ഇപ്പോഴും മോദിക്കെതിരായ പ്രധാന എതിരാളി തങ്ങളാണെന്നുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
2023 ആയതോടെ ചിത്രം വീണ്ടും മാറി. ഭാരത് ജോഡോ യാത്രയോടെ രാഹുൽ ഗാന്ധി മോദിയുടെ പ്രധാന എതിരാളിയായി പുനർനിർമിക്കപ്പെട്ടു. ഭാരത് ജോഡോ യാത്രയ്ക്കുള്ള ആവേശകരമായ പിന്തുണ പ്രവർത്തനരഹിതമായിരുന്ന കോൺഗ്രസിനെ സജീവമാക്കി. എന്നാൽ തൊട്ടുപിന്നാലെ അപകീർത്തിക്കേസിലെ സംശയകരമായ വിധിയിലൂടെ രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം നഷ്ടപ്പെട്ടു. രാജ്യമെമ്പാടും രാഹുലിനെതിരേ അപകീർത്തിക്കേസുകൾ നൽകുകയാണ് ബി.ജെ.പി. മോദിയെ ധൈര്യപൂർവം നേരിടുന്നുണ്ട് രാഹുൽ ഗാന്ധി.
ലോക്‌സഭയിൽ അയോഗ്യനാക്കിയ നടപടിയോടെ ഇരയെന്ന നിലയിലുള്ള സ്വീകാര്യതയും പ്രതിപക്ഷ നിരയിൽ നിന്ന് രാഹുലിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, തന്റെ പാർട്ടിയെ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പു പരാജയങ്ങളിലേക്ക് നയിച്ച രാഹുലിന് മോദിയുടെ ശക്തനായ എതിരാളിയാകാൻ തനിക്ക് കഴിയുമെന്ന വിശ്വാസം പ്രതിപക്ഷത്തിന് നൽകേണ്ടതുണ്ട്.
അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് 14 പ്രതിപക്ഷപ്പാർട്ടികൾ നൽകിയ ഹരജിയിലെ വിവരപ്രകാരം സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരാണ്. പാർലമെന്റ് ദുർബലമായി. മാധ്യമങ്ങൾ വിലക്കെടുക്കപ്പെട്ടു. ഇതിനെല്ലാമിടയിൽ എങ്ങനെയാണ് മോദിയെ നേരിടാൻ കഴിയുകയെന്നതാണ് പ്രധാന പ്രശ്‌നം. 1977ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ തോൽപ്പിച്ച രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല.
ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ പ്രത്യയശാസ്ത്രപരമായ യോജിപ്പുമുണ്ടായിരുന്നില്ല. എങ്കിലും അടിയന്തരാവസ്ഥയും വിയോജിച്ചവരെ ജയിലലടച്ചതും ഈ പാർട്ടികൾ പൊതുവായ പ്രശ്‌നമായിക്കണ്ട് ഒന്നിച്ചുനിന്നു. പ്രതിപക്ഷം നീതിയുക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന ബോധ്യമാണ് ജനങ്ങളെ അവർക്കൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചത്.
സമാന സാധ്യത പ്രതിപക്ഷത്തിനുണ്ടോ എന്നതാണ് ചോദ്യം. ജനാധിപത്യം അപകടത്തിലാണെന്ന പൊതുവായ വിശ്വാസമുണ്ട്. എന്നാൽ, അന്വേഷണ ഏജൻസികൾ നേതാക്കളെ ദ്രോഹിക്കുന്നുവെന്ന ഭയം ദീർഘകാലത്തേക്ക് സഖ്യത്തെ നിലനിർത്തണമെന്നില്ല. പ്രതിപക്ഷപ്പാർട്ടികളുടെ നേതാക്കളും അവരുടെ ബന്ധുക്കളും അഴിമതി ആരോപണങ്ങൾ നേരിടുമ്പോൾ അവർക്ക് എങ്ങനെയാണ് പ്രധാനമന്ത്രി മോദിയുടെ അഴിമതി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിൽ നേരിടാൻ കഴിയുക.
സഖ്യത്തിന് രൂപംനൽകിയശേഷം ശരിയായ രാഷ്ട്രീയ ബദലാണെന്ന് രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കുകയാണ് പ്രതിപക്ഷം ആദ്യം ചെയ്യേണ്ടത്. അത് വേഗത്തിലാകുകയും വേണം. എങ്കിലും അവരെ നയിക്കാൻ ഒരു ജനറൽ വേണം. ആരായിരിക്കുമത്. രാഹുലോ? കെജ്‌രിവാളോ? മമതയോ? നിതീഷ് കുമാറോ? ഈ ചോദ്യത്തിനും പ്രതിപക്ഷം ഉത്തരം കണ്ടെത്തണം. Who will be Modi's opponent in 2024 parliament election ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."