80:20 സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷിയോഗം വിളിച്ചു.
കോടതി വിധിക്കെതിരേ അപ്പീല്‍ പോകണമെന്ന് മുസ്ലിം സംഘടനകളും എന്നാല്‍ കോടതിവിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളും മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ചത്. നാളെ വൈകിട്ട് 3.30നു വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
വിഷയം സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സി.പി.എം. എന്നാല്‍ കോടതിവിധിയില്‍ ഇതുവരെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗും ഇടതു ഘടകകക്ഷിയായ ഐ.എന്‍.എല്ലും മാത്രമാണ് കോടതി വിധിക്കെതിരേ പ്രതികരിച്ചത്.
ലീഗ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ കൈക്കൊള്ളുന്ന നിലപാട് കോണ്‍ഗ്രസിനു നിര്‍ണായകമാണ്.നാളത്തെ സര്‍വകക്ഷി യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ചായിരിക്കും വിധിയില്‍ എന്തു നടപടി വേണമെന്ന് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലിംകള്ക്കും 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."